എടിഎംകവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

ATM theftതിരുവനന്തപുരം : തിരുവനന്തപുരത്ത്‌ കഴിഞ്ഞ ദിവസം നടന്ന  എടിഎം കവര്‍ച്ചയിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍. റുമാനിയന്‍ സ്വദേശി മരിയോ ഗബ്രിയേലാ(47)ണ് പിടിയിലായതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരള പൊലീസിന്റെ വിദഗ്ധ സംഘത്തിന്റെയും മുംബൈ പൊലീസിന്റെയും സംയുക്തനീക്കത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൌണ്ടില്‍നിന്ന് 100 രൂപ പിന്‍വലിച്ച് മടങ്ങവേയാണ് ഇയാളെ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇയാളുടെ താമസം. ഗബ്രിയേലിനെ ബുധനാഴ്ച തന്നെ കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് സൂചന.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധരടങ്ങിയ നാല്‍പതംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന മൂന്നു റുമാനിയന്‍ സ്വദേശികളെ പൊലീസ് ഇതിനകം തിരിച്ചറിഞ്ഞു. തലസ്ഥാനത്ത് വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്ബിഐ എടിഎം കൌണ്ടറിലെ സിസിടിവിയില്‍നിന്ന് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലൂടെയാണ് ബോഗാ ബ്ളിന്‍ ഫോറില്‍, ക്രിസ്റ്റീന്‍ വിക്ടര്‍, ഇലി എന്നിവരെ തിരിച്ചറിഞ്ഞത്. ഇവരാണ് തലസ്ഥാനത്തെത്തി കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും വ്യക്തമായി.  രാജ്യാന്തരസംഘം കവര്‍ച്ചയ്ക്കുപിന്നിലുള്ളതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതികള്‍ക്കായി കേരള പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

റുമാനിയ സ്വദേശികളായ മൂവര്‍സംഘത്തിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകളും തലസ്ഥാനത്ത് താമസിച്ചതിന്റെ ഹോട്ടല്‍ രേഖകളും ഉപയോഗിച്ച ബൈക്കുകളും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലെ നാല് ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചത്. ടൂറിസ്റ്റുകള്‍ എന്ന പേരിലാണ് മുറി എടുത്തത്. ഇവര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ പൂരിപ്പിച്ച് നല്‍കിയ ഫോട്ടോ പതിച്ച സീ ഫോം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഫോട്ടോകളും വിവരങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും വിവരങ്ങളും സമാനമാണ്. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കണ്ടെടുത്ത രണ്ട് ബൈക്കും മൂന്ന് ഹെല്‍മെറ്റും ഇവര്‍ ഉപയോഗിച്ചവയാണെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ ഉടമകളുടെ മൊഴികളും എടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കേരളത്തിലെ ഏറ്റവും വലിയ എടിഎം കവര്‍ച്ചയുടെ വിവരം പുറത്തുവന്നത്. ആല്‍ത്തറ, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിഎം കൌണ്ടറുകളില്‍ രഹസ്യക്യാമറ ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം കവര്‍ന്നത്. കൌണ്ടറുകളില്‍ ക്യാമറാസംവിധാനമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കളുടെ പിന്‍നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തി. തുടര്‍ന്ന് മുംബൈ കേന്ദ്രീകരിച്ച് വ്യാജ എടിഎം കാര്‍ഡുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. മുംബൈയിലെ എടിഎമ്മുകളില്‍നിന്നാണ് പണം പിന്‍വലിച്ചത്. നാല്‍പ്പതോളംപേരുടെ അക്കൌണ്ടില്‍നിന്നായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു.