ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷിനുകള്‍ ഉപയോഗിക്കരുത്;എസ്ബിഐ

മുംബൈ: രാജ്യത്താകെ ബാങ്കിംഗ് സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്ന സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിക്കരുതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. നിലവിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതുവരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും എസ്ബിഐ പറയുന്നു.

പത്ത് ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകളാണ് എസ്ബിഐ മാറ്റി നല്‍കാന്‍ ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകളാണ് ഇവയെന്നും എസ്ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏഴു മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം.

ഇപ്പോഴുണ്ടായിരിക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 1.3 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്‍പിസിഐ പറയുന്നത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകള്‍ക്കായി ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വ്വീസ് നല്‍കിയ എടിഎം മെഷീനുകളില്‍ നിന്നാണ് ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നത്. കഴിഞ്ഞദിവസമാണ് കാര്‍ഡുകളില്‍ സുരക്ഷാവീഴ്ച ഉള്ളതായി കാര്‍ഡ് നെറ്റ്വര്‍ക്ക് കമ്പനികളായ എന്‍പിസിഐ,വിസ,മാസ്റ്റര്‍കാര്‍ഡ് എന്നിവര്‍ ഇന്ത്യയിലെ ബാങ്കുകളെ അറിയിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്.