ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥിനി പിടിയില്‍

അരീക്കോട് : സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍. ഒന്നര കിലോ കഞ്ചാവുമായാണ് അരീക്കോടിനടുത്തെ ഊര്‍ങ്ങാട്ടിരി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പിടിയിലായത്. വാഹനപരിശോധനക്കിടെ സ്‌കുട്ടറുമായി വന്ന പെണ്‍കുട്ടിയുടെ വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവാണ് കഞ്ചാവ് തന്നയച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. ഇയാള്‍ കഞ്ചാവ് കച്ചവടക്കാരനാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

മയക്കുമരുന്ന് ലോബി ജില്ലയില്‍ കുട്ടികളെയും സ്ത്രീകളെയും വ്യാപകമായി കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസും, എക്‌സൈസും പറയുന്നു. എന്നാല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി കഞ്ചാവ് കടത്തുന്ന കേസ് ആദ്യമായാണ് കണ്ടെത്തിയത്.