70 ാം സ്വാതന്ത്ര്യ ദിനാഘോഷം: വൈവിധ്യമാണ്‌ രാഷ്‌ട്രത്തിന്റെ സൗന്ദര്യം- മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം: വിവിധ ജാതികളും മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന നാനാത്വത്തിലെ ഏകത്വമാണ്‌ ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമെന്നും ഈ വൈവിധ്യമാണ്‌ രാഷ്‌ട്രത്തിന്റെ സൗന്ദര്യമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 70 ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ മലപ്പുറം എം.എസ്‌.പി. പരേഡ്‌ ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയി സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രപഞ്ച സൃഷ്‌ടിപ്പ്‌ തന്നെ വൈവിധ്യങ്ങളില്‍ അധിഷ്‌ഠിതമാണ്‌. എല്ലാം ഒന്നാകണമെന്ന്‌ പറയുന്നത്‌ അനൈക്യങ്ങളുണ്ടാക്കും. നാനാത്വത്തെ അടയാളപ്പെടുത്തുന്ന ഭാഷകളും സംസ്‌കാരങ്ങളുമൊന്നും സംഘര്‍ഷങ്ങള്‍ക്ക്‌ വഴിവെച്ചിട്ടില്ലെന്നതു പോലെ മതങ്ങളും സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകാന്‍ പാടില്ല. അന്തഃസംഘര്‍ഷങ്ങള്‍ക്കല്ല സഹിഷ്‌ണുതക്കാണ്‌ മതങ്ങള്‍. മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയുന്നതാണ്‌ മനുഷ്യന്റെ മഹത്വം. സ്വാതന്ത്ര്യം നേടുമ്പോള്‍ കല്‍ക്കത്തയില്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയായിരുന്ന മഹാത്മാഗാന്ധിയെ അഭിനന്ദിച്ച്‌ മൗണ്ട്‌ ബാറ്റണ്‍ ആശംസാ സന്ദേശം അയച്ചപ്പോള്‍ തന്റെ പരിശ്രമം കൊണ്ട്‌ മാത്രമല്ല ബംഗാള്‍ പ്രധാനമന്ത്രിയും സുഹൃത്തുമായ ഹുസൈന്‍ ഷഹീദ്‌ സുഹ്‌റവര്‍ദിയോടൊപ്പമാണ്‌ ഇത്‌ സാധ്യമാക്കിയതെന്നും ക്രെഡിറ്റ്‌ അദ്ദേഹത്തിനു കൂടി നല്‍കണമെന്നുമാണ്‌ ഗാന്ധിജി സന്ദേശമയച്ചത്‌. ഇന്ന്‌ ഏറെ പ്രസക്തമായ സന്ദേശമാണിതെന്ന്‌ മന്ത്രി ജലീല്‍ പറഞ്ഞു.
എല്ലാ മതങ്ങളോടും സമദൂരം പാലിക്കുന്ന, ഒന്നിനോടും പ്രത്യേക താത്‌പര്യം കാണിക്കാത്തതാണ്‌ ഇന്ത്യന്‍ മതനിരപേക്ഷത. ഇന്ത്യ ഒരു രാഷ്‌ട്രത്തിന്റെ പേരല്ലെന്നും ഒരു വലിയ ജനവിഭാഗത്തിന്റെ ഉത്‌ക്കടമായ ജീവിതാഭിലാഷത്തിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളും അസ്വാതന്ത്ര്യത്തിലേക്കു നീങ്ങിയപ്പോഴും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു പോറലേറ്റില്ല. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പാതയിലൂടെ ലോകത്തിന്റെ നെറുകെയിലേക്ക്‌ ഇന്ത്യയെ നയിക്കണമെന്നും സ്വാതന്ത്ര്യത്തെ ജീവവായു പോലെ സംരക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
സ്‌ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി ജലീല്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിന്‌ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡിന്‌ എം.എസ്‌.പി അസിസ്റ്റന്റ്‌ കമാണ്ടന്റ്‌ സി.വി. ശശി നേതൃത്വം നല്‍കി. കെ. രാജേഷ്‌ സെക്കന്‍ഡ്‌ ഇന്‍ കമാണ്ടന്റായി. എം.എസ്‌.പി., പ്രാദേശിക പൊലീസ്‌, സായുധ റിസര്‍വ്‌ പൊലീസ്‌, വനിതാ പൊലീസ്‌, വനം- എക്‌സൈസ്‌ വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്‌-ഗൈഡ്‌സ്‌, ജൂനിയര്‍ റെഡ്‌ ക്രോസ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റ്‌സ്‌ എന്നിവരടങ്ങിയ 37 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. 2016 ലെ റിപ്പബ്ലിക്‌ ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലുകള്‍ മന്ത്രി വിതരണം ചെയ്‌തു.
പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച്‌. ജമീല, വൈസ്‌ ചെയര്‍മാന്‍ പെരുമ്പള്ളി സെയ്‌ത്‌, എ.ഡി.എം. പി. സെയ്യിദ്‌ അലി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിക്കു ശേഷം മന്ത്രി കെ.ടി. ജലീല്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. രാവിലെ ഏഴിന്‌ സിവില്‍ സ്റ്റേഷനില്‍ നിന്ന്‌ പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി നടന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി എം.എസ്‌.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ മുഖ്യാതിഥി റോളിങ്‌ ട്രോഫികള്‍ നല്‍കി.