കേന്ദ്രത്തിലെ ഭരണമാറ്റം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല;കുമ്മനം രാജശേഖരന്‍

IMG-20160125-WA0031 തിരൂര്‍: കേന്ദ്രത്തിലെ ഭരണമാറ്റം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ഉദാഹരണമാണ് നീതി ആയോഗിന് സമര്‍പ്പിച്ച പദ്ധതിയെന്നും   ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേരത്തെ ഉണ്ടായിരുന്ന പ്ലാനിംഗ് കമ്മീഷന് നല്‍കിയതുപോലുള്ള പദ്ധതി രേഖയാണ് കേരളം നല്‍കിയത്. അതുകൊണ്ടുതന്നെ പല പദ്ധതികളും തള്ളുന്ന സ്ഥിതിയാണുള്ളത്. നീതി ആയോഗ് മുഖ്യമന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട സംവിധാനമാണ്. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രി അത് ശ്രദ്ധിക്കാതിരുന്നത് കേരളത്തിന്റെ ശാപമാണെന്നും കുമ്മനം പറഞ്ഞു .
2016-17 വര്‍ഷത്തേക്ക് 30634 കോടിയുടെ പദ്ധതി അടങ്കലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഓരോ പദ്ധതിയും പ്രത്യേകം പ്രത്യേകം നല്‍കണമെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ഡിസംബറില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള രേഖ സമര്‍പ്പിച്ചത്. അടങ്കല്‍ പദ്ധതി സംവിധാനമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വിരുദ്ധമായി മാറിയത്. വിഹിതം വഴിമാറ്റി ചെലവാക്കുന്നതാണ് പതിവ് രീതി. അതൊഴിവാക്കാനാണ് ഓരോ പദ്ധതിക്കും പ്രത്യേകം തുകയും പ്ലാനും നല്‍കണമെന്ന വ്യവസ്ഥ നിശ്ചയിച്ചത്. സംസ്ഥാന പദ്ധതി 24000 കോടി- കേന്ദ്ര സഹായം 6534 കോടി എന്നിങ്ങനെയാണ് 30634 കോടി അടങ്കല്‍ നിശ്ചയിച്ചതെന്നും അദേഹം പറഞ്ഞു.

നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ മൂന്നു മന്ത്രിമാര്‍ യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. അഴിമതിയുടെ പേരിലാണ് രണ്ട് മന്ത്രിമാര്‍ രാജിവച്ചത്. മുഖ്യമന്ത്രി ഇന്ന് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി. അഴിമതി തന്നെയാണ് വിഷയം. ഈയൊരു സാഹചര്യം മുമ്പെങ്ങുമുണ്ടായിട്ടില്ല. കേരളത്തിന് ഇത് നാണക്കേടാണ്. കേരളത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കണമെങ്കില്‍ ഈ സര്‍ക്കാര്‍ ഭരണം ഒഴിയണം. ഒരു ദിവസം നേരത്തെ രാജി നല്‍കിയാല്‍ അത്രയും ന്നെന്നും  അദേഹം പറഞ്ഞു.
ആരെ രക്ഷിക്കാനാണ് പിണറായി വിജയനും വി.എം.സുധീരനും യാത്രകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും അഴിമതി കേസില്‍ വിചാരണ കാത്തു കഴിയുന്ന പിണറായി വിജയന്‍ അഴിമതിക്കെതിരെ പറയുന്നത് വിരോധാഭാസമാണെന്നും  ജനദ്രോഹ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി പ്രസിഡന്റാണ് സുധീരന്‍. എന്നിട്ടും സുധീരന്‍ ജനരക്ഷായാത്ര നടത്തുന്നത് സര്‍ക്കാരിനെതിരാണോ എന്ന് വ്യക്തമാക്കണമെന്നും അദേഹം പറഞ്ഞു .
മത തീവ്രവാദത്തെകുറിച്ച് മുസ്ലീംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ്തങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും . തീവ്രവാദവും ഭീകരവാദവും കേരളത്തില്‍ വേരുറപ്പിക്കാന്‍ ലീഗ് സമ്മതിക്കില്ലെന്ന നിലപാടിനെയും സ്വാഗതം ചെയ്യുന്നതായും അദേഹം പറഞ്ഞു.  വിമോചന യാത്രയ്‌ക്കിടെ വാര്‍ത്തലേഖകരോട്‌ സംസാരിക്കവെയാണ്‌ അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌