എറണാകുളത്തിന് കിരീടം

downloadകൊച്ചി : എറണാകുളത്തിന് കിരീടം. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം ജേതാക്കളായി. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം ആതിഥേയര്‍ 251 പോയിന്റോടെയാണ് തരിച്ചു പിടിച്ചത്. പാലക്കാട് 218 പോയിന്റോടെ റണ്ണറപ്പായി.

കോതമംഗലത്തെ സ്‌കൂളുകളുടെ തോളിലേറിയാണ് എറണകുളം കിരീടത്തിലേക്ക് ചുവടുവെച്ചത്. ചാമ്പ്യന്‍ സ്‌കൂള്‍പട്ടം ഒരിക്കല്‍കൂടി ചൂടി കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എതിരാളികളെ നിഷ്പ്രഭമാക്കി. കോരുത്തോട് സ്‌കൂള്‍ 16 വര്‍ഷം കൈവശം വെച്ച ചാമ്പ്യന്‍ സ്‌കൂള്‍ പദവി 2004 ല്‍ കൈക്കലാക്കിയ സെന്റ് ജോര്‍ജ്ജിന് പന്നീട് രണ്ടു തവണ മാത്രമാണ് നഷ്ടപ്പെട്ടത്. 100 പോയിന്റോടെയാണ് എട്ടാം തവണത്തെ ഈ സ്വപ്നനേട്ടം.

28 സ്വര്‍ണ്ണവും, 24 വെളളിയും, 27 വെങ്കലവും നേടിയാണ് എറണാകുളത്തിന്റെ മടക്കം. ഓവറോള്‍ കിരീടത്തില്‍ ഇത് ഒമ്പതാം ഊഴമാണ്. പാലക്കാടിന് 27 സ്വര്‍ണ്ണവും 14 വെള്ളിയും 26 വെങ്കലവും ലഭിച്ചു. 11 സ്വര്‍ണ്ണത്തോടെ കോഴിക്കോട് 110 പോയിന്റ് കരസ്ഥമാക്കിയപ്പോള്‍ ആറു സ്വര്‍ണ്ണവുമായി 68 പോയിന്റ് നേടി മലപ്പുറം നാലാമതായി.