രണ്ടാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍

ajyal youth film festivalദോഹ: രണ്ടാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഖത്തറില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഖത്തരികള്‍, ഖത്തറില്‍ താമസിക്കുന്നവര്‍, ഖത്തറിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിവ ചിത്രീകരിച്ച 20 ചിത്രങ്ങളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളിലാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
രണ്ടാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന്റെ ശ്രദ്ധേയമായ ഭാഗമായിരിക്കും മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്മ അല്‍ റിമൈഹി പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ പ്രൊഫഷനുകളില്‍ നിന്നും ചലച്ചിത്ര രംഗത്തെ പ്രഗത്ഭരില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. ഖത്തറിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂടുതല്‍ മികവുറ്റതും വളര്‍ച്ചയുടേയും ഘട്ടമാണ് കാണാന്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും ദേശീയ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയായ സേഹയുമായി ചേര്‍ന്നുള്ള ഹ്രസ്വചിത്രങ്ങളും മെയ്ഡ് ഇന്‍ ഖത്തറില്‍ പ്രദര്‍ശിപ്പിക്കും.
മെയ്ഡ് ഇന്‍ ഖത്തര്‍ വണ്‍് വിഭാഗത്തില്‍ യൂസുഫ് അല്‍ മൊദാദി സംവിധാനം ചെയ്ത 10%, ഹിന്ദ് അല്‍ അന്‍സാരിയുടെ അംരീക ലാ, നാദിയ തബീബിന്റെ ദി ബിഗ് ഡ്രീം, അബ്ദുല്‍ അസീസ് അല്‍ സഅദിയുടെ ഹി വില്‍ സ്റ്റീല്‍ ഇറ്റ്, അലി അലിയുടെ ന്യൂ ഡേ, അലി അല്‍ അന്‍സാരിയുടെ ഖത്തര്‍, മറിയം അല്‍ സാഹിലിയുടെ ടീ ബോയ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
മെയ്ഡ് ഇന്‍ ഖത്തര്‍ ടു വിഭാഗത്തില്‍ മുഹമ്മദ് അല്‍ ഹമാദി സംവിധാനം ചെയ്ത ആഫ്റ്റര്‍ മൈ ഡെത്ത്, മെറിം മെസ്‌റുഅയുടെ കൊക്കോ, സൂസന്ന മിര്‍ഗാനിയുടെ ഹിന്ദ്‌സ് ഡ്രീം, ഷാമിര്‍ അലിബായിയുടെ കിംഗ്‌സ് ആന്റ് ക്വീന്‍സ് ഓഫ് ഖത്തര്‍, ആയിഷ അബ്ദുല്‍ ജവാദിന്റെ ലൂമിയര്‍, എത്താര്‍ അഹമ്മദ് ഹസ്സനും ലീന അല്‍ മുസല്‍മാനിയും സംവിധാനം ചെയ്ത പബ്ലിക്ക് ഫോണ്‍, ലതീഫ അല്‍ ദര്‍വീഷിന്റെ തെംസാഹ് എന്നിവയാണ് മെയ്ഡ് ഇന്‍ ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
ഭൗമദിനത്തോടനുബന്ധിച്ച് തര്‍ഷീദുമായി ചേര്‍ന്ന് നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ ജേതാക്കളായ മുഹമ്മദ് അബ്ദുല്ല ഷഹീനിന്റെ 7അമൂദ് കഹ്‌റബ, പാപനപ്പാട്ടു ഗണേഷിന്റെ ഡിറെയിന്‍, നെസ്മ ശരീഫും ഇസ്#ലാം ശരീഫും ചേര്‍ന്ന് സംവിധാനം ചെയ്ത മോണ്‍സ്‌റ്റേഴ്‌സ്, തല അബു സമാനിന്റെ റീസണ്‍സ് വൈ യു നീഡ് ടു കണ്‍സര്‍വ് വാട്ടന്‍ ആന്റ് ഇലക്ട്രിസിറ്റി, ഹാദി അല്‍ മര്‍സൂക്കിയുടെ സെക്യൂര്‍ ദി ഫീച്ചര്‍ ഗസ്സന്‍ കൈറോസിന്റെ തക്‌രീര്‍ എന്നിവയും മെയ്ഡ് ഇന്‍ ഖത്തറില്‍ പ്രദര്‍ശിപ്പിക്കും.
മെയ്ഡ് ഇന്‍ ഖത്തര്‍ വണ്‍ ഡിസംബര്‍ നാലാം തിയ്യതി വൈകിട്ട് ഏഴ് മണിക്ക് കത്താറ ഡ്രാമാ തിയേറ്ററിലും മെയ്ഡ് ഇന്‍ ഖത്തര്‍ ടു ഡിസംബര്‍ അഞ്ചിന് വൈകിട്ട് 5.45ന് കത്താറ ഒപേറ ഹൗസിലും പ്രദര്‍ശിപ്പിക്കും. രണ്ടു പ്രദര്‍ശനങ്ങളും സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യണം.