ഖത്തറില്‍ വിസയില്ലാതെ തങ്ങുന്നവര്‍ 26,000 പേര്‍;പരിശോധന ശക്തമാക്കി

പിടിയിലാകുന്നവര്‍ക്ക്‌ ജിസിസി രാജ്യങ്ങളില്‍ മൊത്തം നിരോധനം

Untitled-1 copyദോഹ: വിസയുടെ കാലവധി അവസാനിച്ചിട്ടും രാജ്യത്ത്‌ അനധികൃതമായി തുടരുന്നവരുടെ എണ്ണം 26,000 വരുമെന്ന്‌ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതെസമയം ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ തടയാനായി പിടിക്കപ്പെടുന്നവര്‍ക്ക്‌ ജിസിസി രാജ്യങ്ങളില്‍ മൊത്തം നിരോധനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി സെര്‍ച്ചര്‍ ആന്റ്‌ ഫോളോഅപ്പ്‌ ഡയറക്ടര്‍ അറിയിച്ചു.

കാലവധി കഴിഞ്ഞിട്ടും രാജ്യത്ത്‌ തുടരുന്നവരില്‍ തൊഴിലുടമ വിസ പുതുക്കാത്തതിനെ തുടര്‍ന്ന്‌ ഇവിടെ തങ്ങേണ്ടി വന്നവരും, സ്‌പോണ്‍സറില്‍ നിന്ന്‌ ഒളിച്ചോടിയവരും ഉള്‍പ്പെടും. കൂടാതെ പലതരത്തിലുള്ള പ്രൊജക്ടുകളുമായി ഖത്തറിലെത്തുകയും അത്‌ തീരുന്നതിനെ തുടര്‍ന്ന്‌ മറ്റ്‌ ജോലിയില്‍ ഏര്‍പ്പെട്ട്‌ ഇവിടെ തന്നെ തുടരുകയും, ജോലി ആവശ്യാര്‍ത്ഥം രാജ്യത്തെത്തുകയും ജോലിയില്ലാത്ത അവസ്ഥ വരികയും തുടര്‍ന്ന്‌ അനധികൃതമായി മറ്റു ജോലിയിലേര്‍പ്പെടുന്നവരെയും ഈ ഗണത്തില്‍ തന്നെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

അനധികൃത താമസക്കാരെ കണ്ടെത്താനായി നിരവധി പരിശോധനാ തീരികളാണ്‌ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കുകയും ഡ്രൈവര്‍ അടക്കമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമാണ്‌ ഇതിലൊന്ന്‌. നിയമലംഘനം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അയല്‍രാജ്യങ്ങള്‍ തമ്മില്‍ കൈമാറുകയും കുറ്റവാളികള്‍ മറ്റൊരു രാജ്യത്ത്‌ പ്രവേശിക്കുന്നത്‌ തടയുകയും ചെയ്യും.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നൂറുകണക്കിന്‌ ആളുകളെയാണ്‌ അനധികൃതമായി രാജ്യത്തേക്ക്‌ കടത്തുകയും വിവിധയിനം ജോലികള്‍ക്കായി നിയോഗിക്കുകയും ചെയ്യുന്നതെന്ന്‌ മനുഷ്യാവകശ കമ്മീഷന്‍ അടക്കം കുറ്റപ്പെടുത്തിയിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഇത്തരക്കാരെ കൊണ്ടുവരുന്ന കമ്പനികളെ ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വിസക്കച്ചവടം അവസാനിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്തരത്തില്‍ 5,400 കമ്പനികളും 3,460 സ്‌പോണ്‍സര്‍മാരുമാണ്‌ കഴിഞ്ഞ വര്‍ഷം നടപടിക്ക്‌ വിധേയമായത്‌. ഇതിനു പുറമെ ഗാര്‍ഹിക തൊഴിലാളികളെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷതന്നെയാണ്‌ ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌.