ഗംഗാനദിയില്‍ യാത്രാബോട്ട് മറിഞ്ഞ് 24 മരണം

പട്ന : യാത്രാബോട്ട് മറിഞ്ഞ് ബിഹാറില്‍ 24 മരണം. നിരവധിപേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പരിക്കേറ്റ പത്തുപേരെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗാനദിയില്‍ 40 പേരുമായി സര്‍വീസ് നടത്തുകയായിരുന്ന ബോട്ട് ശനിയാഴ്ച വൈകിട്ടാണ് മറിഞ്ഞത്.നാട്ടുകാരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

25 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 40ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഏതാനും കുട്ടികളും സ്ത്രീകളും യാത്രക്കാരായി ഉണ്ടായിരുന്നു. ഗംഗാഘട്ടില്‍നിന്നാണ് ബോട്ട് യാത്രപുറപ്പെട്ടത്. അമിതഭാരമാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഉത്തരവിട്ടു.

മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് ഗംഗാതീരത്ത് നടക്കുന്ന പട്ടംപറത്തല്‍ ഉത്സവം കണ്ട് മടങ്ങുന്നവരാണ് മരിച്ചത്. സംസ്ഥാനസര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.