Section

malabari-logo-mobile

2022 ലെ ലോകകപ്പ്‌ ഫുട്‌ബോളില്‍ കളിക്കുകയെന്നതാണ്‌ തന്റെ സ്വപ്‌നം;നെയ്‌മര്‍ ജൂനിയര്‍

HIGHLIGHTS : ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബാളില്‍ കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് എഫ് സി ബാഴ്‌സലോണയുടേയും

unnamed (1)ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബാളില്‍ കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്ന് എഫ് സി ബാഴ്‌സലോണയുടേയും ബ്രസീലിന്റേയും താരമായ നെയ്മര്‍ ജൂനിയര്‍. എഫ് സി ബാഴ്‌സലോണയും ഖത്തര്‍ എയര്‍വേയ്‌സും യോജിച്ച് നടത്തുന്ന മാര്‍ക്കറ്റിംഗ് കാംപയിനിന്റെ ഔദ്യോഗിക ലോഞ്ചിംഗിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2022ലെ ലോക കപ്പില്‍ ബ്രസീല്‍ ടീമിനു വേണ്ടി ജഴ്‌സിയണിയാന്‍ സാധിക്കുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും നെയ്മര്‍ പറഞ്ഞു.
ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ എയര്‍വേയ്‌സും എഫ് സി ബാഴ്‌സലോണയും തമ്മിലുള്ള മൂന്നു വര്‍ഷത്തെ പങ്കാളിത്തത്തെ പിന്തുണക്കുന്നതിനുള്ള ദൃശ്യ, അച്ചടി കാംപയിന് തുടക്കമിട്ടത്. ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കര്‍, എഫ് സി ബാഴ്‌സലോണ എകണോമിക് ആന്റ് സ്ട്രാറ്റജിക് ഏരിയ വൈസ് പ്രസിഡന്റ് ജാബിയര്‍ ഫോസ്, എഫ് സി ബാഴ്‌സലോണയുടെ മുന്‍നിര താരങ്ങളായ ജെറാര്‍ഡ് പിക്ക്, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്നാണ് കാംപയിന്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ലയണല്‍ മെസ്സി, നെയ്മര്‍, ജെറാര്‍ഡ് പിക്ക്, ആന്ദ്രെ ഇനിയെസ്റ്റ, ലൂയിസ് സുവാരസ് എന്നിവരാണ് ടി വി കാംപയിനില്‍ അണിനിരക്കുന്നത്. മാലിദ്വീപുകള്‍, ഡള്ളാസ്, പാരിസ്, സോള്‍ തുടങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന്റെ സര്‍വീസുള്ള സ്ഥലങ്ങളിലൂടെയുള്ള താരങ്ങളുടെ സഞ്ചാരമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ബാഴ്‌സലോണയ്ക്ക് വേണ്ടിയായാലും ബ്രസീല്‍ ദേശീയ ടീമിനു വേണ്ടിയായാലും സമ്മര്‍ദ്ദമില്ലാതെ ആസ്വദിച്ചാണ് താന്‍ ഫുട്ബാള്‍ കളിക്കാറുള്ളതെന്ന് ചോദ്യത്തിനു മറുപടിയായി നെയ്മര്‍ പറഞ്ഞു. മെസ്സിയെ പോലെ മികവുറ്റ ഒരു താരത്തോടൊപ്പം കളിക്കുമ്പോഴും സമ്മര്‍ദ്ദമുണ്ടാവാറില്ല. പകരം കളി ആയാസ രഹിതമായി മാറുകയാണ് ചെയ്യുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.
എഫ് സി ബാഴ്‌സലോണ ഖത്തര്‍ എയര്‍വേയ്‌സുമായുള്ള കരാര്‍ റദ്ദാക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അല്‍ബാക്കര്‍ പറഞ്ഞു. അത്തരം രാഷ്ട്രീയ പ്രേരിത പ്രചാരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ അങ്ങേയറ്റം സംതൃപ്തരാണെന്ന് ഇതിനെ പിന്തുണച്ചു കൊണ്ട് ജാബിയര്‍ ഫോസ് പറഞ്ഞു. ഇനിയും നിരവധി വര്‍ഷങ്ങള്‍ ഈ പങ്കാളിത്തം തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ ഖത്തറില്‍ നടത്താനിരുന്ന എഫ് സി ബാഴ്‌സലോണയുടെ സൗഹൃദ മല്‍സരം ഉപേക്ഷിച്ചത് ടീമിന്റെ തിരക്കിട്ട ഷെഡ്യൂള്‍ കാരണമാണ്. 2016 അവസാനിക്കുന്നതിന് മുമ്പ് പ്രസ്തുത മല്‍സരം നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലോക ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ഖത്തറിന് 2022ലെ ലോകകപ്പും ഭംഗിയായി നടത്താനാവുമെന്നാണ് കരുതുന്നതെന്ന് ജെറാര്‍ഡ് പിക്ക് പറഞ്ഞു. ഫുട്ബാള്‍ താരങ്ങള്‍ക്ക് ഏറ്റവും മികച്ച കളി പുറത്തെടുക്കാനുള്ള സൗകര്യം ഖത്തറില്‍ ലഭിക്കുമെന്നാണു ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ദി ലാന്റ് ഓഫ് എഫ് സി ബാഴ്‌സലോണ എന്ന പേരില്‍ ഇതിനു മുമ്പ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തിയ കാംപയിന്‍ വന്‍ വിജയമായിരുന്നു. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ലഭിച്ച എഫ് സി ബാഴ്‌സലോണയുടെ വീഡിയോകളില്‍ ഒന്നായിരുന്നു അത്. ആദ്യ ആഴ്ച തന്നെ 50 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!