ആന്ധ്രാ പ്രദേശില്‍ മിന്നലേറ്റ്‌ ഇരുപത്‌ പേര്‍ മരിച്ചു

download (1)ഹൈദരാബാദ്‌: ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ മിന്നലേറ്റ്‌ ഇരുപത്‌ പേര്‍ മരിച്ചു. നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു. ഞായറാഴ്‌ച കനത്തമഴയാണ്‌ ആന്ധ്രാപ്രദേശില്‍ വിവിധഭാഗങ്ങളില്‍ ഉണ്ടായത്‌. കൃഷ്‌ണ , ഗുണ്ടൂര്‍, ഈസ്റ്റ്‌ ഗോദാവരി, പ്രകാശം, അന്തപുര്‍, ശ്രീകാകുളം, നെല്ലൂര്‍ ജില്ലകളിലാണ്‌ അപകടങ്ങളും നാശനഷ്ടങ്ങളുമുണ്ടായത്‌. മിന്നലേറ്റ്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌.

നെല്ലൂര്‍ ജില്ലയില്‍ അച്ഛനും മകനും ഉള്‍പ്പെടെ ആറു പേരും. കൃഷ്‌ണ, പ്രകാശം ജില്ലകളില്‍ നാലുപേരും ഗുണ്ടൂരില്‍ മൂന്ന്‌ പേരും കിഴക്കന്‍ ഗോദാവരി ജില്ലയില്‍ രണ്ടുപേരും അനന്തപൂര്‍, ശ്രീകാകുളം ജില്ലകളില്‍ ഓരോരുത്തര്‍വീതവുമാണ്‌ മരിച്ചത്‌. പ്രകാശം ജില്ലയില്‍ മരിച്ചവരെല്ലാം ജോലിചെയ്‌തുകൊണ്ടിരുന്ന കര്‍ഷകരാണ്‌. ഇതില്‍ രണ്ട്‌ സ്‌ത്രീകള്‍ക്ക്‌ പരുത്തിപ്പാടത്ത്‌ ജോലി ചെയ്യവെയാണ്‌ മിന്നലേറ്റത്‌.

കൃഷ്‌ണ ജില്ലയില്‍ മരിച്ചതും ഒരു സ്‌ത്രീയടക്കം നാല്‌ കര്‍ഷകര്‍ തന്നെയാണ്‌. ഗുണ്ടൂരിലെ പെരച്ചര്‍ളയില്‍ ആന്ധ്രയുടെയും ത്രിപുരയുടെയും വനിതാ ക്രിക്കറ്റ്‌ ടീംമഗങ്ങള്‍ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. ഇവര്‍ തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്ന ആന്ധ്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തിന്‌ സമീപത്തെ ഒരു മരം മിന്നലില്‍ പൂര്‍ണമായും കത്തിനശിച്ചു.