2 നാവികര്‍ അറസ്റ്റില്‍

കൊച്ചി : നീണ്ടകരയിലെ മത്സ്യതൊഴിലാളികളെ കടലില്‍ വച്ചു കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്തു. കപ്പലിലെ ക്യാപ്റ്റനെ കസ്റ്റഡിയിലെടുത്തു. നാവിക സേനാനംഗങ്ങളായ ലസ്റ്റോറ മാസ്സി മിലാനേ, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് അറസ്റ്റിലായത് . എറണാകുളം റെയ്ഞ്ച് ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ കപ്പലില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് ഇവരെ കൊല്ലം സി ജെ എം കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കൊലക്കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കപ്പലിലെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റോലിയെയും ഇന്ന് ചോദ്യം ചെയ്യും. കപ്പല്‍ ഉടന്‍ വിട്ടുകൊടുക്കില്ലെന്നും കപ്പലില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ഐ ജി അറിയിച്ചു.

ഇന്നലെ രാവിലെ എറണാകുളം സിറ്റിപോലീസ്‌കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാറും കൊല്ലം സിറ്റി കമ്മീഷണര്‍ സാംക്രിസ് ഡാനിയല്‍ എന്നിവരടക്കമുള്ള പോലീസ് സംഘം കപ്പലിലെത്തി. ഫോറന്‍സിക് വിദഗ്ദ്ധരും ബാലിസ്റ്റിക് വിദഗ്ദ്ധരും അവരോടൊപ്പമുണ്ടായിരുന്നു. 24 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

എന്നാല്‍ ഇതംഗീകരിക്കാന്‍ ഇറ്റാലിയന്‍ കോണ്‍സില്‍ ജനറലും ക്യാപ്റ്റനും തയ്യാറായിട്ടില്ല. ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്നും സംഭവത്തില്‍ ഇറ്റലിയില്‍ കേസെടുത്തിട്ടുണ്ടെന്നും അവര്‍ വാദിച്ചു. ഇതിന് കേരളാ പോലീസ് വഴങ്ങിയില്ല. ഇതെ തുടര്‍ന്ന് വൈകീട്ട് 4 മണിയോടെ അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു.

കേസിലുള്‍പ്പെട്ട കപ്പല്‍ ഇന്ന് പോര്‍ട്ട് ട്രെസ്റ്റ് ജെട്ടിയില്‍ മറ്റൊരിടത്തേക്ക് മാറ്റും. ഇന്നലെ രാത്രി വൈകിയും കപ്പലില്‍ പോലീസ് പരിശോധന നടത്തി.