മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ പുനപരിശോധന ഹര്‍ജി തള്ളി

yakub-memon_650x400_71428557169ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ വധശിക്ഷക്ക് വിധിച്ച മുഖ്യപ്രതി യാക്കൂബ് മേമന്റെ പുനപ്പരിശോധാ ഹര്‍ജ്ജി തള്ളിയ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജ്ജിയാണ് തള്ളിയത്.

1993 ലെ മുംബൈ സ്ഥോടനക്കേസില്‍ മുംബൈ ടാഡ കോടതി രണ്ടുവര്‍ഷം മുമ്പാണ് മേമന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ദയാഹര്‍ജ്ജിയും തള്ളിയിരുന്നു.

20 വര്‍ഷത്തിലേറെയായി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണെന്നും 14 വര്‍ഷമാണ് ജീവപര്യന്തമെന്നും മേമന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദം കോടതി കൈക്കൊണ്ടില്ല. ജസ്റ്റിസ് അനില്‍ ആര്‍ ദാവേ അദ്ധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്

ആക്രമണം നടത്തിയ തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് മേമനുമേല്‍ ചുമത്തിയതെന്നും സ്‌ഫോടനത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജസ്പാല്‍ സിംഗ് വാദിച്ചു. നേരിട്ട് പങ്കില്ലാത്ത കുറ്റത്തിന് വധശിക്ഷ വിധിച്ചതു ചോദ്യം ചെയ്താണ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്.