16 സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു

Addicted to Life- logoമലപ്പുറം:ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 16 നിയോജക മണ്‌ഡലങ്ങളിലേയും തിരഞ്ഞെടുത്ത ഓരോ സ്‌കൂളുകളില്‍ ‘ജീവിതമാണ്‌ ലഹരി’ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു. എക്‌സൈസ്‌ വകുപ്പ്‌ ബവ്‌റിജസ്‌ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ 2014 ല്‍ തുടങ്ങിയ അഡിക്‌റ്റഡ്‌ ടു ലൈഫ്‌- ‘ജീവിതമാണ്‌ ലഹരി’ ഫെയ്‌സ്‌ ബുക്ക്‌ പേജിലേയ്‌ക്ക്‌ യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ്‌ പെട്ടികള്‍ സ്ഥാപിക്കുന്നത്‌. ലഹരി വസ്‌തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉറവിടത്തെക്കുറിച്ച്‌ സഹായകമായ വിവരങ്ങള്‍ സ്‌കൂളുകളില്‍ നിന്ന്‌ തന്നെ എക്‌സൈസ്‌ വകുപ്പിന്‌ ലഭ്യമാക്കുകയെന്നതാണ്‌ ലക്ഷ്യം. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ലഹരി വിരുദ്ധ ബോധവത്‌ക്കരണ ദിനമായ ഇന്ന്‌ (ജൂണ്‍ 26) രാവിലെ 10.30 ന്‌ മങ്കട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ പരാതിപ്പെട്ടി സ്‌കൂളിന്‌ കൈമാറും. ജീവിതം തന്നെയാണ്‌ ലഹരിയെന്നും ഓരോ വ്യക്തിയിലും ജീവിതം ആസ്വദിക്കാനുള്ള ഘടകങ്ങളുണ്ടെന്നും മറ്റ്‌ ലഹരിവസ്‌തുക്കളെ തേടേണ്ടതില്ലെന്നുമുള്ള സന്ദേശമാണ്‌ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌ നല്‍കുന്നത്‌. 2014 ഓഗസ്റ്റ്‌ ആറിന്‌ തുടങ്ങിയ ഫെയ്‌സ്‌ ബുക്ക്‌ പേജിന്‌ ഒരുമാസത്തിനകം തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന്‌ ലൈക്കുകള്‍ ലഭിച്ചിരുന്നു. മമ്മൂട്ടി അംബാസഡറായ കാംപെയ്‌ന്റെ ‘ജീവിതമാണ്‌ ലഹരി’ ലോഗോ മറ്റ്‌ പല പ്രമുഖ വ്യക്തികളും പ്രൊഫൈല്‍ ചിത്രമായും കവര്‍ ഫോട്ടോയായും ഏറ്റെടുത്തിരുന്നു. വിഡിയോ, ഫോട്ടോ, പോസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി കൊച്ചി ആസ്ഥാനമായ ഈസി സോഫ്‌റ്റ്‌ ടെക്‌നോളജീസാണ്‌ പേജ്‌ തയ്യാറാക്കിയത്‌.

2014 ഒക്‌ടോബറില്‍ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ‘ജീവിതമാണ്‌ ലഹരി’ സന്ദേശ പ്രചാരണ ജാഥയും സെമിനാറും നടത്തിയിരുന്നു.