13കാരിയെ പീഡിപ്പിച്ച അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റില്‍

കണ്ണൂര്‍: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റില്‍. വെള്ളിയാഴ് പോലീസ് അറസ്റ്റു ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് അണ്ടല്ലൂര്‍ ഏലിപ്രംതോട് കണ്ണന്‍കൊറുമ്പില്‍ ഹൗസില്‍ അരുസി എന്ന അരുണ്‍കുമാറി(48)നെയും 15 കാരന്‍ മകനെയും റിമാന്‍ഡു ചെയ്തു. അരുണ്‍കുമാറിനെ 14 ദിവസത്തേക്കും സഹോദരനെ ഏഴു ദിവസത്തേക്കും തലശേരി ജുവനൈല്‍ ഹോമിലേക്കുമാണ് അയച്ചത്.

പെണ്‍കുട്ടിയുടെ അമ്മാവന്‍ വടകര എടച്ചേരി ചെട്ട്യാംവീട് കോളനിയില്‍ സന്തോഷി(40)നെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസറ്റ് ചെയ്തത്.

വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടശേഷം പെണ്‍കുട്ടി വീട്ടില്‍ പോകാതെ നിന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപികമാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അച്ഛനും സഹോദരനും പീഡിപ്പിക്കുന്ന വിവരം  കുട്ടി അധ്യാപകരോട് തുറന്നു പറഞ്ഞത്. 11 വയസ്സുമുതല്‍ പീഡനത്തിനിരയാകുന്നുണ്ടെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ ജനപ്രതിനിധികളെ വിവരം അറിയിച്ചു. വൈകിട്ട് ആറോടെ ജനപ്രതിനിധികളും അധ്യാപകരുമൊത്ത് ധര്‍മടം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

കസ്റ്റഡിയിലായ പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണം അമ്മാവന്മാരിലേക്കു നീളാന്‍ കാരണമായത്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നാണ് പോലീസ് നല്കുന്ന സൂചന.

പെണ്‍കുട്ടിയുടെ 15 വയസ്സുള്ള സഹോദരി 2010 ആഗസ്തില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ അന്ന് പോലീസ് ചോദ്യംചെയ്തിരുന്നു. പക്ഷേ, അന്വേഷണം പാതിവഴിയില്‍ മുടങ്ങിയിരുന്നു. ഈ സംഭവും അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.