ദോഹയില്‍ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം;11 മരണം;12 പേര്‍ക്ക്‌ പരിക്കേറ്റു

Untitled-1 copyദോഹ: ഖത്തറില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു. 12 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യഴാഴ്‌ചയാണ്‌ ക്യാമ്പിന്‌ തീപിടിച്ചത്‌. വിനോദസഞ്ചാര പദ്ധതിയുടെ ലേബര്‍ ക്യാമ്പിലുള്ള തൊഴിലാളികളാണ്‌ പൊള്ളലേറ്റ്‌ മരിച്ചത്‌. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തീപിടുത്തം ഉണ്ടാവാന്‍ ഇടയായ കാരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. തീപിടുത്ത മുണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്‌ സംഘത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമായതുകൊണ്ട്‌ തീപടരുന്നത്‌ തടയാന്‍ സഹായിച്ചു. അതെസമയം തീപിടുത്തത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

2022 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ ഖത്തറിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ നടത്തിവരവെയാണ്‌ ഈ അപകടം സംഭവിച്ചിരിക്കുന്നത്‌. നിലവില്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞ ഏഴ്‌ ആധുനിക നഗരങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 260,000 തൊഴിലാളികളെയാണ്‌ ആവശ്യമായിട്ടുള്ളത്‌. കഴിഞ്ഞ ആഗസ്‌തില്‍ ദോഹയിലെ ലേബര്‍ ക്യാമ്പിലുണ്ടായ അപകടത്തില്‍ 450 ഓളം തൊഴിലാളികള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായിരുന്നു.