ഝാര്‍ഖണ്ഡ്‌ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 11 മരണം

jharkhand templeറാഞ്ചി: ഝാര്‍ഖണ്ഡിലെ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 11 ഭക്തര്‍ മരിച്ചു. അപകടത്തില്‍ 50 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ദേവഗഢ്‌ ദുര്‍ഗാക്ഷേത്രത്തില്‍ ഇന്ന്‌ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ അപകടമുണ്ടായത്‌.

ദുര്‍ഗാക്ഷേത്രത്തിന്‌ സമീപമുള്ള ശിവക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ ആരാധന നടത്താന്‍ എത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ശിവക്ഷേത്രത്തിലേക്ക്‌ വരിയായി പോകാതെ ഭക്തര്‍ കൂട്ടത്തോടെ ഓടിയെത്തിയതാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്ന്‌ ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി. ചടങ്ങിനായി ഇവിടെ ലക്ഷ കണക്കിന്‌ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

മരണ നിരക്ക്‌ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.