Section

malabari-logo-mobile

സാഗര ഗര്‍ജ്ജനം നിലച്ചു അഴിക്കോട് ഇനി ഓര്‍മ്മ

HIGHLIGHTS : നിര്‍ദാക്ഷണ്യ വിമര്‍ശനത്തിന്റെ കാവ്യവൈഖരി കൂടൊഴിഞ്ഞു. ആറുപതിറ്റാണ്ടിലധികം മലയാണ്‍മയില്‍ അലയടിച്ച സാഗര ഗര്‍ജ്ജനം ഇനി ഓര്‍മ്മ മാത്രം: ഡോക്ടര്‍ സുകുമ...

നിര്‍ദാക്ഷണ്യ വിമര്‍ശനത്തിന്റെ കാവ്യവൈഖരി കൂടൊഴിഞ്ഞു. ആറുപതിറ്റാണ്ടിലധികം മലയാണ്‍മയില്‍ അലയടിച്ച സാഗര ഗര്‍ജ്ജനം ഇനി ഓര്‍മ്മ മാത്രം:
ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അന്തരിച്ചു. തൃശൂര്‍ അമല ഹോസ്പിറ്റലില്‍ രാവിലെ 6.33നായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 86 വയസ്സായിരുന്നു.
അരനൂറ്റാണ്ടിലധികം കേരളത്തിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിധ്വനിച്ച പ്രതികരണോന്‍മുഖതയുടെ മുഴക്കമാണ് അഴീക്കോടിന്റെ നിര്യാണത്തിലൂടെ നിലച്ചിരിക്കുന്നത്. കൃശഗാത്രനായ ഒരധ്യാപകനെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ നീതിയുടെ നാവായി കൈരളി പോയനാളുകളില്‍ ഏറ്റുവാങ്ങിയത്ിന്റെ ചിത്രമാണ് ശ്രീ സുകുമാര്‍ അഴീക്കോടിന്റെ ജീവചരിത്രം.

സാഹിത്യകാരന്‍, വാഗ്മി എന്നീ നിലകളില്‍ സാമൂഹ്യജീവിതം ആരംഭിച്ച സുകുമാര്‍ അഴിക്കോട് ജീവിതാന്ത്യം വരെയും പ്രവര്‍ത്തന പന്ഥാവില്‍നിന്ന് പിന്‍തിരിഞ്ഞില്ല. “കാനനം മനോഹരം ഇരുണ്ടഗാധമെങ്കിലും, അനേകമുണ്ട് കാത്തിടേണ്ട, മാമക പ്രതിജ്ഞകള്‍, അനക്കമറ്റുനിദ്രയില്‍ ലയിപ്പതിന്നു മുമ്പിലായി, എനിക്കനേക ദൂരമുണ്ടവിശ്രമം നടക്കുവാന്‍” എന്നറോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ ദര്‍ശനങ്ങളില്‍ അഗാധ പണ്ഡിതനായ ഈ മഹാമനീഷിയുടെ ജീവിത ദര്‍ശനത്തിന്റെ ഉത്തമ നിദര്‍ശനമായി ഒടുക്കം വരെയും നിലകൊണ്ടു.

sameeksha-malabarinews

ശ്രീ അഴീക്കോടിന്റെ ആദ്യകാല രചനയായ “ആശാന്റെ സീതാകാവ്യം” മലയാള വിമര്‍ശന സാഹിത്യത്തില്‍ അതുവരെയില്ലായിരുന്ന നവീനമായ ഒരു ഭാവുകത്വ പരിസരത്തെ ഉത്പാദിപ്പിച്ചു. ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥം മലയാളിയുടെ ധൈഷണിക മണ്ഡലങ്ങളില്‍ അസഹിഷ്ണുതയുടെ തീക്കാറ്റായി ആഞ്ഞുവീശി. ജീവിതത്തിന്റെ അപരാഹ്നത്തിലും അഴിക്കോട്മാഷ് ‘തത്വമസി’യുടെ അഗാധ വിസ്തൃതി കൈരളിക്ക് വരദാനം നല്‍കി.

വാഗ്‌ദേവത ലാസ്യ താണ്ഡവ ഭാവപകര്‍ച്ചകള്‍ ആര്‍ജ്ജിച്ച് അഴീക്കോട് മാഷിലൂടെ നൃത്തം വച്ചു. സാധാരണക്കാരുടെ സുകുമാര്‍ അഴീക്കോടായി അദ്ദേഹത്തെ മാറ്റിയെടുത്തത് ഈ പ്രഭാഷണ വേദികള്‍ ആയിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഒരുതവണ പാര്‍ലമെന്‍്‌റിലേക്ക് മല്‍സരിക്കുകയും ചെയ്തിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിലെ ജീര്‍ണതകളുമായി സന്ധിചെയ്യാന്‍ കഴിയാത്ത “ക്ഷോഭിക്കുന്ന” ഈ ഗാന്ധിയന്‍ പിന്നീട് വഴി പിരിഞ്ഞതും ചരിത്രം.

ഭരണ രംഗത്തും നൈപുണ്യം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ സുകുമാര്‍ അഴീക്കോടിന്റേത്. കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി, പ്രോ വൈസ്ചാന്‍സിലര്‍, ആക്ടിങ് വൈസ് ചാന്‍സിലര്‍ എന്നീ നിലകളിലും അദ്ദേഹം മികവുതെളിയിച്ചു. സംഭവ ബഹുലമായ ഈ ജീവിത ചിത്രം ഇനി കൈരളിയുടെ ചരിത്രഭിത്തികളില്‍ ആലേഖിതം..
അഴീക്കോടിന്റെ മൃതദേഹം 8.30 മുതല്‍ 9.30 വരെ സ്വവസതിയിലും 10 മുതല്‍ 4 മണിവരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിനു വെക്കും.

സംസ്‌ക്കാരം നാളെ ഉച്ചയോടെ കണ്ണൂര്‍ പയ്യാമ്പലത്ത് വച്ച് നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!