Section

malabari-logo-mobile

സാക്ഷരതാ മിഷന്‍ കലോത്സവം: കലാമികവിന്റെ ഒളിമങ്ങാത്ത ഓര്‍മകളുമായി അവര്‍ ഒത്തുകൂടി

HIGHLIGHTS : താനൂര്‍: താനൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന

താനൂര്‍: താനൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബ്ലോക്ക്തല തുടര്‍ വിദ്യാഭ്യാസ കലോത്സവം കലാ മികവിന്റെ രംഗവേദിയായി മാറി. പാതി വഴിയില്‍ പഠനം നിലച്ചവരും തുടര്‍ പഠനം ആഗ്രഹിക്കുന്നവരും പ്രായഭേദമന്യേ ഒത്തുകൂടിയപ്പോള്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണം കലാ മികവിന് ഹര്‍ഷാരവം തീര്‍ത്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താനൂര്‍, താനാളൂര്‍, ഒഴൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ചെറിയ മുണ്ടം, പെരുമണ്ണ ക്ലാരി എന്നീ പഞ്ചായത്തുകളിലെ തുല്യതാ പഠിതാക്കളാണ് വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചത്.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഇവിടെ തുടര്‍ പഠിതാക്കളാണ്. ഉദ്ഘാടനത്തിന് ശേഷം ആശംസകളര്‍പ്പിക്കുന്നതിനിടെ പെരുമണ്ണ ക്ലാരി പഞ്ചായത്തംഗവും തുല്യതാ പഠിതാവുമായ ഫാത്തിമ ഗാനം ആലപിച്ചത് സദസ്സിന് പുത്തനനുഭവമായി. ലളിത ഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, തിരുവാതിര, പ്രച്ഛന്നവേഷം, തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടന്നത്.
മികച്ച പ്രകടനം നടത്തിയര്‍ തുല്യതാ പഠിതാക്കളുടെ ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കും. പരിപാടി അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം കമ്മുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു..

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!