Section

malabari-logo-mobile

സമൂഹത്തെ അറിയുന്ന വായനക്കാരുണ്ടാകണം : പി. സുരേന്ദ്രന്‍

HIGHLIGHTS : പെരിന്തല്‍മണ്ണ :

പെരിന്തല്‍മണ്ണ :സമൂഹത്തെ അറിയുന്ന വായനക്കാരുണ്ടാകണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ മാറ്റങ്ങള്‍ മനസിലാക്കാന്‍ വായനയിലൂടെ കഴിയുമെന്നും അതുകൊണ്ട്തന്നെ വായന മരിക്കുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച വായനാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞകാല സാഹിത്യകൃതികളും സാഹിത്യ സംബന്ധമായ കാര്യങ്ങളും വായിക്കുന്നതിനപ്പുറം പുതിയ കാലഘട്ടത്തിലെ സാഹിത്യ കൃതികളും വായിക്കണം. സമൂഹത്തെ തിരിച്ചറിയണമെങ്കില്‍ ഇത് അത്യാവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം ലഭിക്കുന്നുണ്ട്. കേരളത്തില്‍ ഇത് നടക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം.
പലവിധ സാങ്കേതികവിദ്യകളും വായനാ രംഗത്തുണ്ടായിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തുന്നതോടൊപ്പം പുസ്തക വായനയ്ക്കു പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്വാധീനിച്ച പല കൃതികളും വീണ്ടും വായിച്ചു പൊട്ടിക്കരയാറുണ്ട്. വായനയുണ്ടാക്കുന്ന ആത്മബന്ധം അത്ര വലുതാണ്. നമ്മള്‍ വായനയിലേക്കു തിരിച്ചു വരികയും സമൂഹത്തെ അറിയുന്നവരായി മാറുകയും ചെയ്യണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സുധാകുമാരി അധ്യക്ഷയായി. വായനാനുഭവക്കുറിപ്പ് മത്സരത്തില്‍ വിജയിച്ച സി.കെ.മുഹമ്മദലി, എ.ടി.സയ്യിദ് ജലാലുദ്ധീന്‍, വി.എ.ശോഭന എന്നിവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി സമ്മാനം നല്‍കി. സെമിനാറില്‍ പെരിന്തല്‍മണ്ണ ബി.ആര്‍.സി. യിലെ മാനോജ് മാസ്റ്റര്‍ വായനയുടെ പ്രാധാന്യവും നാടന്‍പാട്ടുകളുടെ ഉറവിടവും എന്ന പ്രബന്ധം അവതരിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ വി.ആര്‍.സന്തോഷ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, സംസ്ഥാന സാക്ഷരതാമിഷന്‍ എക്‌സി. അംഗങ്ങളായ വി.എം.അബൂബക്കര്‍, പി.എം.ഹനീഫ്, ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ സി.അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!