Section

malabari-logo-mobile

ഷാര്‍ജ മലബാര്‍ ഗോള്‍ഡില്‍ നിന്ന്‌ മോഷണം നടത്തിയ മൂന്ന്‌ പ്രതികള്‍ പിടിയില്‍

HIGHLIGHTS : ഷാര്‍ജ: മലബാര്‍ ഗോള്‍ഡിന്റെ റോളയിലെ ഷോറൂമില്‍ നിന്ന്‌ മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. 15 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളാണ്‌ മോഷണം പോയിരുന്നത്‌. ...

ഷാര്‍ജ: മലബാര്‍ ഗോള്‍ഡിന്റെ റോളയിലെ ഷോറൂമില്‍ നിന്ന്‌ മോഷണം നടത്തിയ പ്രതികള്‍ പിടിയിലായി. 15 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളാണ്‌ മോഷണം പോയിരുന്നത്‌. സംഭവത്തില്‍ മൂന്ന്‌ പാകിസ്ഥാന്‍ സ്വദേശികളാണ്‌ പിടിയിലായത്‌.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 30 മണിക്കൂറിനകം പ്രതികളെ പിടികൂടിയത്.

ഇവര്‍ കവര്‍ന്ന ഏഴുകിലോ സ്വര്‍ണാഭരണങ്ങളും വജ്രവും ദുബൈ ജബല്‍ അലി തുറമുഖത്തുനിന്ന് കണ്ടെടുത്തു. ഒരുപ്രതി മോഷണത്തിന് ശേഷം രാജ്യം വിട്ടതായി ഷാര്‍ജ പൊലീസ് സി.ഐ.ഡി വിഭാഗം തലവന്‍ കേണല്‍ ഇബ്രാഹിം അല്‍ ഹാജിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്.

sameeksha-malabarinews

റോള ഉദ്യാനത്തിന് സമീപത്തെ തിരക്കേറിയ മേഖലയിലുള്ള സ്വര്‍ണാഭരണ ഷോറൂമില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്. 13.5 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം വിലവരുന്ന 17 വജ്രങ്ങളുമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ പ്രതികള്‍ പ്രദേശത്തെ ആഭരണ കടകള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മലബാര്‍ ഷോറൂം കവര്‍ച്ചക്കായി തെരഞ്ഞെടുക്കുകയായിരുന്നു.

പ്രതികളില്‍ മൂന്നുപേര്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരാണ്. ഒരാള്‍ക്ക് താമസ വിസയുണ്ട്. മൂന്നുപേര്‍ കടക്ക് പുറത്ത് കാവല്‍ നില്‍ക്കുകയും ഒരാള്‍ പൂട്ട് പൊളിച്ച് അകത്തു കടക്കുകയുമായിരുന്നു. ചില്ലലമാരയില്‍ കാഴ്ചക്കായി വെച്ചിരുന്ന ആഭരണങ്ങള്‍ ഇയാള്‍ വാരിയെടുത്ത് കവറിലാക്കി പുറത്തു പോകുന്ന ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകളില്‍ പതിഞ്ഞു. മൂന്നര മിനുട്ടിനകം കവര്‍ച്ച പൂര്‍ത്തിയാക്കി പ്രതികള്‍ പുറത്തിറങ്ങി. ഷോറൂമുമായി ബന്ധിപ്പിച്ച സുരക്ഷാ അലാം പൊലീസ് ഓപറേഷന്‍സ് റൂമില്‍ മുഴങ്ങിയതിനെ തുടര്‍ന്ന് അഞ്ചുമിനുട്ടിനകം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. റെസിഡന്‍സ് വിസയുള്ളയാളാണ് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനമോടിച്ചത്. അകത്തുകടന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി നാലുമണിക്കൂറിനകം രാജ്യം വിട്ടു. മറ്റുള്ളവര്‍ ആഭരണങ്ങള്‍ കാര്‍ഗോ വഴി അയക്കാന്‍ ജബല്‍ അലി തുറമുഖത്തെത്തിച്ചു.

കവര്‍ച്ച നടന്നയുടന്‍ ഷാര്‍ജ പൊലീസിന്‍െറ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഷോറൂം മാനേജര്‍ സ്ഥലത്തെത്തി. ഇദ്ദേഹമാണ് നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കെടുത്തത്. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് 24 മണിക്കൂറിനകം ആദ്യ പ്രതിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!