Section

malabari-logo-mobile

ശ്‌മശാന-ആരാധനാലയ നിര്‍മാണം: നടപടികള്‍ ലഘൂകരിക്കണം – ന്യൂനപക്ഷ കമ്മീഷന്‍

HIGHLIGHTS : ആരാധനാലയ നിര്‍മാണത്തിനും ശ്‌മശാനങ്ങള്‍ക്കും അനുമതി നല്‍കുന്നതിനുള്ള നിലവിലെ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന്‌

Untitled-1 copyആരാധനാലയ നിര്‍മാണത്തിനും ശ്‌മശാനങ്ങള്‍ക്കും അനുമതി നല്‍കുന്നതിനുള്ള നിലവിലെ ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്‌മശാനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അനുമതി നല്‍കുന്നതിന്‌ നിലവില്‍ ജില്ലാ കലക്‌ടര്‍മാര്‍ക്കാണ്‌ അധികാരം. മുമ്പത്തെ പോലെ ഇത്‌ ഗ്രാമപഞ്ചായത്ത്‌- നഗരസഭകളില്‍ നിക്ഷിപ്‌തമാക്കണമെന്ന്‌ കമ്മീഷന്‍ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യവും ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കപ്പെടേണ്ടതാണ്‌. എന്നാല്‍ അടിസ്ഥാനരഹിതമായ പരാതികളുടെ പേരില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. നിരവധി മുസ്‌ലിം-ക്രിസ്‌റ്റിയന്‍- മറ്റ്‌ ന്യൂനപക്ഷ സംഘടനകളില്‍ നിന്നും ഇത്‌ സംബന്ധമായി 20 ഓളം പരാതികള്‍ ന്യൂനപക്ഷ കമ്മീഷന്‌ ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങിനു ശേഷം കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. കെ.പി മറിയുമ്മ, അഡ്വ. വി.വി ജോഷി എന്നിവര്‍ അറിയിച്ചു.
വരുമാന സര്‍ട്ടിഫിക്കറ്റ്‌ നല്‍കാത്തതിനാല്‍ ബി.ടെക്‌ പഠനത്തിനുള്ള മെരിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ അപേക്ഷ നിരസിച്ചത്‌ സംബന്ധിച്ച്‌ കോഴിക്കോട്‌ എന്‍.ഐ.ടി. വിദ്യാര്‍ഥിനിയായ ആമയൂരിലെ അനീസ നല്‍കിയ പരാതിയില്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്‌ടറോട്‌ ഹാജരായി വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ സിറ്റിങില്‍ ആവശ്യപ്പെട്ടു. പാലക്കാട്‌ എന്‍.എസ്‌.എസ്‌. കോളജ്‌ അധികൃതരുടെ അനാസ്ഥമൂലം 70 ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ മെരിറ്റ്‌ കം മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ അപേക്ഷ തള്ളാനിടയായത്‌ സംബന്ധിച്ച പരാതിയില്‍ കോളജ്‌ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡയറക്‌ടര്‍ ഓഫ്‌ ടെക്‌നിക്കല്‍ എജുക്കേഷനോട്‌ ആവശ്യപ്പെട്ടു.
ഫോട്ടോയില്‍ പേരും ഒപ്പും പതിക്കാത്തതിനാല്‍ നിയമനത്തിനുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ സംബന്ധിച്ച്‌ മുനീറ കാവനൂര്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരിയെ റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ പി.എസ്‌.സി.യോട്‌ നിര്‍ദേശിച്ചു. പുളിക്കല്‍ സലഫി മദ്‌റസ ഭരണസംബന്ധമായി ലഭിച്ച പരാതിയില്‍ തല്‍സ്ഥിതി തുടരാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇരു വിഭാഗത്തെയും വിളിച്ച്‌ അനുരഞ്‌ജന ചര്‍ച്ച നടത്താന്‍ ജില്ലാ പൊലിസ്‌ സൂപ്രണ്ടിനോട്‌ ആവശ്യപ്പെടാനും തീരുമാനിച്ചു.
മുന്നിയൂര്‍ നഴ്‌സിങ്‌ ഹോമില്‍ പ്രസവത്തെ തുടര്‍ന്ന്‌ സ്‌ത്രീ മരിച്ചതുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ നല്‍കിയ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹാജരായി റിപ്പോര്‍ട്ട്‌ നല്‍കി. വിഷയത്തില്‍ മെഡിക്കല്‍ ബോര്‍ഡ്‌ രൂപവത്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട്‌ തിരൂര്‍ ഡി.വൈ.എസ്‌.പി.ക്ക്‌ നോട്ടീസ്‌ നല്‍കും. സിറ്റിങ്ങില്‍ 41 പരാതികള്‍ പരിഗണിച്ചു. നാല്‌ പരാതികള്‍ തീര്‍പ്പാക്കി. പുതിയ 12 പരാതികള്‍ ലഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!