Section

malabari-logo-mobile

ശിരുവാണി കലങ്ങി മറിയുന്നു.

HIGHLIGHTS : ശിരുവാണിപോലെ സുന്ദരിയായിരുന്നു ശോഭന.  ഇരുളഗോത്രവൃക്ഷ ശിഖരങ്ങളില്‍ നിന്ന് ഇറ്റുവീണ ഒരു നിലാത്തുള്ളി.  ബി.എസി.സി. വരെ പഠിച്ച ശോഭന ഡാറ്റാ എന്‍ട്രി ഓപ്...

ശിരുവാണിപോലെ സുന്ദരിയായിരുന്നു ശോഭന.  ഇരുളഗോത്രവൃക്ഷ ശിഖരങ്ങളില്‍ നിന്ന് ഇറ്റുവീണ ഒരു നിലാത്തുള്ളി.  ബി.എസി.സി. വരെ പഠിച്ച ശോഭന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയി അഹാഡ്‌സിലെ (അട്ടപ്പാടി ഹില്‍സ് ഏരിയാ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്‍) പബ്ലിസിറ്റി വിഭാഗത്തില്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്നു. ഞാന്‍ അഹാഡ്‌സ് വിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളം തികയുമ്പോളാണ് ഉഷേച്ചിയുടെ ഫോണ്‍ വരുന്നത്. ”ശോഭനയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.  പാലക്കാടുനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയാണ്. രാമനാട്ടുകര കാത്തു നില്‍ക്കണം.”  ശോഭനയുടെ ശരീരത്തില്‍ എഴുപത് ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു.  ജീവന്‍ തിരിച്ചുകിട്ടുമോ എന്നത് മാത്രമല്ല, മറ്റനവധി കുരുക്കുകള്‍ അഴിച്ചുമാറ്റേണ്ടതുണ്ടായിരുന്നു.  പാലക്കാട് ശോഭന ഏതാണ്ട് അബോധാവസ്ഥയില്‍ തന്നെ ആയിരുന്നതിനാല്‍ രണ്ടാമത് മരണമൊഴി രേഖപ്പെടുത്തേണ്ടിരുന്നു.  വിവരമറിയിച്ച ഉടനെ വനിതാ കമ്മീഷന്‍ അംഗം ദേവിയേടത്തി സ്ഥലത്തെത്തി മൊഴിയെടുത്തു.  കോഴിക്കോട് എം.എല്‍.എ കൂടിയായ ശ്രീ. ഏ. പ്രദീപ്കുമാര്‍ നല്ല രീതിയിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ജോര്‍ജ്, പ്രവീണ്‍, സബിത … എല്ലാവരും കഴിവിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തു.  എന്നിട്ടും ആശുപത്രിയില്‍ പ്രവേ?ിക്കപ്പെട്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശോഭനയുടെ കണ്ണ് ദൈന്യത സ്ഫുരിക്കുന്ന ആ മുഖത്തോട് എന്നന്നേക്കുമായി യാത്രപറഞ്ഞ് ഒരു കാട്ടുപന്നിയെപ്പോലെ ആശുപത്രികിടക്കയിലേക്കി കുതിച്ചുചാടി.
മുഖ്യധാരയുടെ കണ്ണുകള്‍ക്കപ്പുറത്താണ് ഇപ്പോഴും ശോഭനമാരുടെ കാഴ്ചയും ജീവിതവും. മലയാള ഭാഷയിലെ ചില വാക്കുകളെതന്നെ പ്രശ്‌നവല്‍ക്കരിക്കാതെ ഈ അകലം അല്‍പമെങ്കിലും കുറക്കുക സാധ്യമല്ല.  മലയാളിയുടെ ചില ഗോപ്യശീലങ്ങളെയെങ്കിലും തുറന്നുകാട്ടികൊണ്ടേ ഇത്തരം ഒരു ദൗത്യം പൂര്‍ത്തീകരിക്കുക സാധ്യമാകൂ.
ഒരു വല്യച്ഛന്റെ ചാരുകസേരപോലെ ആയിരിക്കുന്നു ഇന്ന് നമ്മുടെ പൊതുമണ്ഡലം.  അതിലവിടവിടെയായി തൂങ്ങിക്കിടക്കുന്ന ചില സാംസ്‌കാരിക മരുമക്കളും.
അന്യാധീനപ്പെട്ട ഭൂമിയെന്നത് ഇന്ന് കേരളത്തിന്റെ വ്യവഹാര പ്രകൃയയില്‍ ആവര്‍ത്തിച്ചുവുന്ന ഒരു പദമാണ്.  എന്നാല്‍ ‘അന്യാധീനപ്പെട്ട’ എന്ന തീര്‍ത്തും അകളങ്കിമായ ഈ പദം ഒളിപ്പിച്ചുവെക്കുന്ന ഒരു ചോദ്യവും ഒപ്പം ഒരുത്തരവുമുണ്ട്.  ആരാണ് ഈ അന്യന്‍? ഇന്ന് നാം മുഖ്യധാര എന്ന് വിളിക്കുന്ന ഞാനും നിങ്ങളുമല്ലാതെ മറ്റാരുമല്ല ആ വില്ലന്‍.  നമ്മിള്‍തന്നെ ഒളിഞ്ഞിരിക്കുന്നവന്‍.  കയ്യേറ്റം, കുടിയേറ്റം എന്നീ യഥാര്‍ത്ഥ വാക്കുകളെ കയ്യൊഴിയാനുള്ള ഒരു തന്ത്രം മാത്രമാണ് ഭാഷാപരമായ ഈ ‘അന്യാധീനപ്പെടുത്തല്‍.’ ആദിവാസി ഭൂമി അവരില്‍ നിന് തട്ടിയെടുത്ത് നിവൃര്‍ത്തികേടുകൊണ്ട് തിരിച്ചുകൊടുക്കുമ്പോള്‍ പോലും നാം ‘വിതരണം’ ചെയ്യുകയാണെല്ലോ ചെയ്യാറ്.  സ്വാതന്ത്ര്യദിനത്തിന് നടത്താറുള്ള മിഠായി വിതരണം പോലെ ഒരാഘോഷം!
അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ വിശകലന വിധേയമാക്കുമ്പോള്‍ ആരാണ് ഇത്തരമൊരു  മുഖ്യധാര സൃഷ്ടിച്ചെടുത്തത് എന്ന് പരിശോധിച്ചേ മതിയാകൂ.  കുരങ്ങന്‍ അപ്പം പങ്കുവെച്ചതുപോലെ രാഷ്ട്രീയ-സാംസ്‌കാരിക ഇടങ്ങളെ യഥേഷ്ടം നാമകരണം ചെയ്യാനുള്ള അധികാരം ആരെങ്കിലും ആര്‍ക്കെങ്കിലും പതിച്ചുനല്‍കിയുട്ടുണ്ടോ? കഥയില്‍ ചോദ്യമില്ലെന്നപോലെ ‘പറയപ്പെടുന്ന മുഖ്യധാര’ ഒരു ഗോത്ര ജീവിതത്തിന്റെ സവിശേഷതകള്‍ക്ക് മുകളില്‍ ഏകതാനമായ ഒരു രാഷ്ട്രീയ-സാംസ്‌കാരിക പ്രയോഗത്തിന്റെ സ്റ്റീം റോളര്‍ ഉരുട്ടിയാനന്ദിക്കുകയാണ്.
!കൊളമ്പസ്/ വിദേശികള്‍ അട്ടപ്പാടി കണ്ടെത്തിയത് മുതല്‍ ഇത്രയധികം പണം ഒഴുകിയെത്തിയ മറ്റൊരു സ്ഥലവും കേരളത്തിലുണ്ടാവില്ല.  എന്നിട്ടും അട്ടപ്പാടിയിലെ വിദ്യാഭ്യാസ രംഗത്തിന്റെ സ്ഥിതിയെന്താണ്? അട്ടപ്പാടിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തിയ ആദിവാസികള്‍ എത്ര? ഒരു ജെഡ്ജിയോ, പോകട്ടെ ഒരു വക്കീലെങ്കിലുമോ നമ്മുടെ നീതി നിര്‍വ്വാഹണ സംവിധാനത്തിലുണ്ടാവുന്നില്ല.  സാമ്പ്രദായിക കണക്കുകള്‍ ആദ്യം പറയുന്നത് കൊഴിഞ്ഞുപോകലിനെപ്പറ്റിയായിരിക്കും.  എന്നാല്‍ സാംസ്‌കാരികമായ തൊഴിച്ചുതള്ളലിനു വിധേയമാകുന്നവരാണ് അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍.  അട്ടപ്പാടിയിലെ മൂന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വന്തമായി ഭാഷയുണ്ടെന്നിരിക്കെ ഒരന്യഭാഷാ മാധ്യമം അവര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ സാംഗത്യമെന്താണ്? നൂറ്റാണ്ടുകളായി കൈമാറ്റപ്പെട്ടുപോരുന്ന ആദിവാസി വാമൊവി ഭാഷയുടെ ഒരു വലിയ ശവമുറിയായി കുട്ടികള്‍ വിദ്യാലയങ്ങളെ കണ്ടാല്‍ തെറ്റുപറയാന്‍ കഴിയുമോ? കേരളത്തിലെ വിദ്യാഭ്യാസം ഏതു രീതിയിലായിരിക്കണമെന്ന വിഷയത്തില്‍ ഗഹനമായ ചര്‍ച്ചകള്‍ ഇവിടെ നടന്നിട്ടുണ്ട്.  അടിസ്ഥാന വിദ്യാഭ്യാസം  മാതൃഭാഷയിലാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനങ്ങളടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  എന്നിട്ടും നമ്മള്‍ ആദിവാസിയുടെ മാതൃഭാഷ മലയാളമാണെന്ന മര്‍ക്കടമുഷ്ടി വിടാന്‍ തയ്യാറല്ല. ഒരു ഭാഷയെ നശിപ്പിക്കുന്നത് ഒരു സംസ്‌കാരത്തെ നശിപ്പിക്കുക തന്നെയാണ്.
ഒടുക്കം അട്ടപ്പാടിയില്‍ വന്ന പ്രൊജക്ടാണ് അഹാഡ്‌സ് (അട്ടപ്പാടി ഹില്‍ ഏരിയാ ഡെവലപ്പ്‌മെന്റ് സൊസൈറ്റി).  219 കോടി രൂപ ചിലവഴിച്ച് ഇത്തരമൊരു പ്രൊജക്ട് നടപ്പില്‍ വരുത്തുമ്പോള്‍ അട്ടപ്പാടിയെ പച്ചപ്പടിപ്പിക്കുക മാത്രമല്ല, ഐശ്വര്യപൂര്‍ണ്ണമായ അട്ടപ്പാടി,  ആത്മാഭിമാനമുള്ള ജനത എന്നൊരു മുദ്രാവാക്യം കൂടി സംഘാടകര്‍ മുന്നോട്ടുവച്ചിരുന്നു.  അട്ടപ്പാടിയിലെ മൊട്ടക്കുന്നുകള്‍ ഒരുവിധം പച്ചപിടിച്ചു വരുന്നു എന്നത് ഒരു ചെറിയ കാര്യമല്ല.  എന്നാല്‍ ആത്മബോധം കവര്‍ന്നെടുക്കപ്പെട്ട ഒരു ജനതയാണ് ഈ അഹാഡ്‌സിയന്‍ പ്രയോഗത്തിന്റെ ഒടുവിലത്തെ ഉല്‍പ്പന്നം.  കൃഷി ചെയ്ത് ജീവിച്ചിരുന്ന ഇവിടുത്തെ ആദിവാസികള്‍ അഹാഡ്‌സിന്റെ വരവോടെ വെറും കൂലിയടിമകളായി മാറുകയായിരുന്നു.  പദ്ധതി അവസാനിക്കുമ്പോള്‍ അവിടെ ഉന്നത പദവയിലിരിക്കുന്നവര്‍ മറ്റ് ലാവണങ്ങളിലേക്ക് സുരക്ഷിതമായി ചേക്കേറുകയാണ്.  പദ്ധതി വിജയത്തിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വളണ്ടിയര്‍മാര്‍ ത്രിശങ്കുവിലേക്ക് വലിച്ചെറിയപ്പെടുന്നു.  ഇപ്പോള്‍ ചിരിക്കുന്നവര്‍ കൂടുതല്‍ ഭീകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.
അട്ടപ്പാടിയിലെ ഒരൂ ഊരൊഴികെ എവിടെ നിന്നും കാണാവുന്നതാണ് മല്ലിശ്വരമുടി.  മല്ലിശ്വരന്‍ ആണ് ആദിവാസികളുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ദൈവസങ്കല്‍പ്പം.  എല്ലാ ശിവരാത്രി നാളുകളിലും മല്ലിശ്വരനെ കാണാന്‍ വേണ്ടി ആദിവാസികള്‍ ചെമ്മണ്ണൂരില്‍ ഒത്തുകൂടും.  പ്രത്യേക വ്രതമെടുത്തവര്‍വിളക്കുമായി മലമുകളില്‍ കയറിയിറങ്ങുന്നതോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.  ഈ വിധം സമ്പന്നമായ ഒരു ഉത്സവ പാരമ്പര്യമുള്ള ഒരു ജനതയെ ഓണമാഘോഷിക്കാന്‍ പഠിപ്പിക്കുന്നവരില്‍ അഹാഡ്‌സ് വിജയിച്ചിട്ടുണ്ട്.  ഓണത്തോടനുബന്ധിച്ച് കലാപരിപാടികള്‍, അവരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ക്കു പകരം വേഷ്ടിയും മുണ്ടും യൂണിഫോം! അഹാഡ്‌സ് ആദിവാസിയെ വനവാസിയാക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.  ഒരു ജനതയുടെ ആത്മാഭിമാനത്തെ ഊറ്റിക്കുടിച്ചിരിക്കുന്നു.
2008 ജൂണ്‍ 22 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ശോഭന മരിച്ചു.  അട്ടപ്പാടിയില്‍ ഇത്തരം മരണങ്ങള്‍ പതിവ് സംഭവങ്ങള്‍ മാത്രം.  എന്നാലും എന്നെങ്കിലും ശോഭനയുടെ കത്തിവീണ കണ്ണുകള്‍ യാഥാര്‍ത്ഥ്യം കാണും. ശോഭനയുടെ രണ്ട് വയസ്സായ കുട്ടി ‘നിങ്ങള്‍ ഞങ്ങടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തില്ലേ’ എന്ന് പരുഷമായ ശബ്ദത്തില്‍ പാടും.  ശിരുവാണി കലങ്ങിമറിയുകതന്നെ ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!