Section

malabari-logo-mobile

വി എസ്‌ മൂന്നാറില്‍; അനുകൂല തീരുമാനം ഉണ്ടാവുന്നതുവരെ സമരക്കാര്‍ക്കൊപ്പം ഇരിക്കും;വി എസ്‌

HIGHLIGHTS : മൂന്നാര്‍: ഒമ്പതാം ദിവസം പിന്നിട്ടിരിക്കുന്ന മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍സ്‌ തൊഴിലാളികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രത...

munna-tea-plantation strike copyമൂന്നാര്‍: ഒമ്പതാം ദിവസം പിന്നിട്ടിരിക്കുന്ന മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍സ്‌ തൊഴിലാളികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ മൂന്നാറിലെത്തി. സമരക്കാര്‍ക്ക്‌ അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം ഇരിക്കുമെന്ന്‌ വി എസ്‌ വ്യക്തമാക്കി. വി എസിന്‌ അനുകൂല മുദ്രാവാക്യങ്ങളോടെയാണ്‌ അദേഹത്തിന്റെ വാക്കുകള്‍ തൊഴിലാളികള്‍ സ്വീകരിച്ചത്‌. ഇപ്പോള്‍ സമരവേദിയില്‍ തൊഴിലാളികളോടൊപ്പം ഇരിക്കുകയാണ്‌ വിഎസ്‌. തൊഴിലാളികള്‍ അവരുടെ പരാതികള്‍ അദേഹത്തെ അറിയിക്കുകയാണ്‌.

ചരിത്രം സൃഷ്ടിച്ച സമരരംഗത്താണ്‌ മൂന്നാറിലെ തോട്ടം തൊഴിലാളികളെന്ന്‌ വിഎസ്‌ പറഞ്ഞു. മിതമായ ആവശ്യങ്ങളാണ്‌ തൊഴിലാളികളുടേത്‌. 20 ശതമാനം ബോണസ്‌ അനുവദിക്കുക. ദിവസക്കൂലി 232 ല്‍ നിന്നും 500 ആയി വര്‍ധിപ്പിക്കുക എന്ന്‌ മാത്രമാണ്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌. എന്നാല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ലാന്റേഷന്‍സ്‌ എംഡി പറയുന്നത്‌ 98 ശതമാനം ഓഹരികളും തൊഴിലാളികളുടെ പേരിലാണ്‌. അഞ്ച്‌ കോടി മാത്രം അതിനാല്‍ 20 ശതമാനം ബോണസ്‌ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ്‌ കമ്പനിയുടെ നിലപാട്‌.

sameeksha-malabarinews

തൊഴിലാളികള്‍ക്ക്‌ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിയമപ്രകാരം തന്നെ കമ്പനി ബാധ്യസ്ഥമാണ്‌. ഇഎസ്‌ഐ ആനുകൂല്യം പോലും ഇവിടുത്തെ തൊഴിലാളികള്‍ക്ക്‌ ലഭ്യമല്ല. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ കൂലി പരിഷ്‌ക്കരിക്കണം. ഇല്ലെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കണം. തൊഴിലാളികളുടെ ഭാഗത്താണ്‌ സത്യവും ന്യായവും. അത്‌ വിജയിക്കുക തന്നെ ചെയ്യുമെന്നും വി എസ്‌ പറഞ്ഞു. തൊഴിലാളികളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും വി എസ്‌ മുന്നറിയിപ്പ്‌ നല്‍കി.

64 രൂപയ്‌ക്ക്‌ വാങ്ങുന്ന തേയില ടാറ്റ വില്‍ക്കുന്നത്‌ 260 രൂപയ്‌ക്കാണ്‌. ആയിരക്കണക്കിന്‌ തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മഞ്ഞും മഴയും സഹിക്കുമ്പോഴാണിത്‌. മാനേജര്‍മാര്‍ 10 ലക്ഷം വരെ ലാഭവിഹിതം വാങ്ങമ്പോഴാണ്‌ തൊഴിലാളികളുടെ തുച്ഛമായ ബോണസ്‌ പോലും കമ്പനി വെട്ടിക്കുറക്കുന്നത്‌. എന്നിട്ടും അവര്‍ പറയുന്നത്‌ കമ്പനി തൊഴിലാളികളുടേതാണ്‌ എന്നാണ്‌. കമ്പനിയെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്നും വി എസ്‌ ആവശ്യപ്പെട്ടു.

സാധാരണ തൊഴിലാളികള്‍ക്ക്‌ 700 – 800 രൂപ വാങ്ങിക്കുമ്പോഴാണ്‌ ഇവിടെ 232 രൂപ മാത്രം കൂലി വാങ്ങിക്കുന്നത്‌. രാവിലെ 6 മുതല്‍ വകീട്ട്‌ 6 വരെ 200 കിലോ വരെ ഭാരമാണ്‌ ഇവര്‍ ചുമക്കുന്നത്‌. എന്നിട്ടും 500 രൂപ മാത്രമാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌. അതുപോലും അംഗീകരിക്കാനാവില്ല എന്ന്‌ പറയുന്നത്‌ സമ്മതിക്കാനാവില്ല. മൂന്നാറിനെ സമാധാനപരമായ അന്തരീക്ഷത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വി എസ്‌ ആവശ്യപ്പെട്ടു. ബോണസ്‌ ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന്‌ ന്യായീകരണമില്ലെന്നും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണ മെന്നും വിഎസ്‌ പറഞ്ഞു.

57000 ഏക്കറാണ്‌ കമ്പനിക്ക്‌ നല്‍കിയത്‌. ഇതില്‍ 10000 ഏക്കര്‍ തൊഴിലാളികളുടെ താമസത്തിനും അവര്‍ക്ക്‌ കാലി വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുമാണ്‌. എന്നിട്ടും ഇന്നും തൊഴിലാളികള്‍ താമസിക്കുന്നത്‌ കാലിക്കൂടിന്‌ സമാനമായ സാഹചര്യത്തിലാണെന്ന്‌ വി എസ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!