Section

malabari-logo-mobile

വിദ്യാഭ്യാസവായ്പ ഒരു പരിചിന്തനം.

HIGHLIGHTS : വിദ്യാവാഭ്യാസയ്പ ഏറ്റവും വലിയ സാമൂഹ്യപ്രശ്‌നമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വായ്പയ്ക്ക് ആരു സമീപിച്ചാലും

 ബാലകൃഷ്ണന്‍ പന്താരങ്ങാടി.

വിദ്യാവാഭ്യാസയ്പ ഏറ്റവും വലിയ സാമൂഹ്യപ്രശ്‌നമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വായ്പയ്ക്ക് ആരു സമീപിച്ചാലും നല്‍കണമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു;ആയത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും. ഇതിനിടയില്‍ വിസ്മൃതിയില്‍ പോകുന്ന സത്യങ്ങള്‍ വിളിച്ചുപറയാന്‍ ആരും മുതിരുന്നില്ല.

sameeksha-malabarinews

ഒരു എന്‍ട്രന്‍സ് ലിസ്റ്റിലും ഇടംകണ്ടെത്താന്‍ കഴിയാത്ത ശരാശരി കുട്ടികളെ തേടിപ്പിടിച്ച് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും വിദ്യാഭ്യാസ കച്ചവടക്കാരുടെ കൈകളില്‍ എത്തിക്കുവാന്‍ നിരവധി ഏജന്റുമാരുണ്ട്. എല്ലാ കോളേജിലും നാലുലക്ഷത്തിനുമുകളിലാണ് ഫീസ്. ജാമ്യമില്ലാതെ നാലുലക്ഷം രൂപ വരെ വായ്പ കിട്ടുമല്ലോ. ഭാവി പൗരന്‍മാരെയും ധനകാര്യസ്ഥാപനങ്ങളെയും കടക്കെണിയില്‍ പെടുത്തുന്ന ഈ വിദ്യാഭ്യാസവായ്പകളുടെ അനന്തരഫലത്തെകുറിച്ച് ചിന്തിക്കാന്‍ സമയമായി.

നാലുലക്ഷം രൂപ 2003-04 കാലത്ത് വായ്പയെടുത്ത് നഴ്‌സിംഗിന് പഠിച്ച ഒരു കുട്ടിയുടെ വായ്പ നാലുവര്‍ഷത്തെ പഠനവും ഒരു വര്‍ഷത്തെ മൊറട്ടോറിയവും കഴിഞ്ഞ് 2008-2009 ല്‍ ശരാശരി പത്തുശതമാനം പലിശയടക്കം ഏഴുലക്ഷമായിക്കഴിഞ്ഞു. ഇനിയുള്ള ഏഴുവര്‍ഷം തിരിച്ചടവ് കാലമാണ്. പ്രതിമാസം 12,000- രൂപ അടച്ചാല്‍ മാത്രമേ ഇത് തീരുകയുള്ളൂ. ഇന്ത്യയില്‍ ജോലികിട്ടിയ കുട്ടിക്ക് ഒരിക്കലും ഇത്ര വലിയ സംഖ്യ അടയ്ക്കുവാന്‍ കഴിയില്ല. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു പോകുന്ന നഴ്‌സിന് 6000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്നില്ല. ഈ കോഴ്‌സ് പഠിച്ചിറങ്ങിയ എല്ലാവര്‍ക്കും വിദേശത്തുപോകാന്‍ കഴിയില്ല്‌ല്ലോ. പെ്ണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുമ്പോഴേക്ക് വിവാഹമാകും. അതിന് പണം കണ്ടെത്തുന്ന തിരക്കിനിടയില്‍ വിദ്യാഭ്യാസവായ്പ സൗകര്യപൂര്‍വ്വം മറക്കുകയേ നിവൃത്തിയുള്ളൂ.

വായ്പ നല്‍കിയ ബാങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അമേരിക്കയില്‍ ബാങ്കുകള്‍ പൊട്ടിത്തകര്‍ന്ന മാന്ദ്യത്തിന്റെ കാലത്തും ഇന്ത്യയില്‍ അത് ബാധിക്കാതെ നിലനിര്‍ത്തിയത് ശക്തമായ പൊതുമേഖലാ ബാങ്കിംങ് സംവിധാനമാണ്. തിരിച്ചടവ് ഇല്ലാത്ത വിദ്യാഭ്യാസ വായ്പകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു. നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കുന്നത് ബാങ്കിന്റെയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും തകര്‍ച്ചക്ക് കാരണമാകും. വിദ്യാഭ്യാസവായ്പ കാര്യമായി നല്‍കാത്ത പുത്തന്‍ തലമുറ, വിദേശ ബാങ്കുകള്‍ക്ക് മാത്രമേ പിന്നെ ഇവിടെ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ.
വിദ്യാഭ്യാസ വായ്പകള്‍ ഉദാരമാക്കിയ 2004-ല്‍ വായ്പ വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പഠനവും മൊറട്ടോറിയം കാലവും കഴിഞ്ഞു. 95 ശതമാനം വായ്പകളും എന്‍.പി.എ ആയിക്കഴിഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കുവാനുള്ള റിസര്‍വ്വബാങ്കിന്റെയും മേലധികാരികളുടെയും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ പല മാനേജര്‍മാരും വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. വായ്പകള്‍ പിരിച്ചെടുക്കുവാന്‍ ബാങ്കുകള്‍ ശക്തമായ നടപടികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതുനേരിടാന്‍ പ്രയാസപ്പെട്ട് ആത്മാഭിമാനമുള്ള അടുത്ത തലമുറ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന കാലവും അതിവിദൂരമല്ല. തിരിച്ചടവ് വീഴ്ചവരുത്തുന്നവരുടെ ഫോട്ടോയും വിലാസവും പത്രത്തില്‍ കൊടുക്കുവാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. പെ്ണ്‍കുട്ടിയെ കല്യാണം കഴിച്ചുകൊണ്ടുപോയ വീടുകള്‍ തെരഞ്ഞു ലോണ്‍ പിരിക്കാന്‍ നടക്കുന്ന ബാങ്ക് മാനേജര്‍മാരെയും വായ്പയെകുറിച്ച് നവവരനും കുടുംബവും മനസ്സിലാക്കിയതിന്റെ ജാള്യതയില്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന നവവധൂവരന്‍മാരെയും കാണാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല.
അപ്പോള്‍ ആ ബാങ്കിന്റെ മുന്നിലും നമുക്ക് കൊടിപിടിച്ചു ധര്‍ണ്ണ നടത്താം. ജോലി കൃത്യമായി ചെയ്ത തെറ്റിന് ആ മാനേജരെ ഘൊരാവോ ചെയ്തും ശിക്ഷിച്ചും സന്തോഷിക്കാം. അതിന്റെ വിവിധ ചിത്രങ്ങളും വാര്‍ത്തയും നല്‍കി പത്രധര്‍മ്മവും പാലിക്കാം.

പഠിക്കാന്‍പോകുന്ന സ്ഥാപനത്തെക്കുറിച്ച് ഒന്നുമറിയാതെ ഏജന്റിന്റെ വാക്കുവിശ്വസിച്ച് അമിത ഫീസ് നല്‍കേണ്ടിവന്ന എത്രയോ പാവങ്ങളുണ്ട്. ഒരു സ്ഥാപനത്തില്‍ കുട്ടിയെ ചേര്‍ക്കുകയും മറ്റൊരു സ്ഥാപനത്തിന്റെ കടലാസുകള്‍ ബാങ്കുവായ്പയ്ക്ക് നല്‍കുകയും ചെയ്ത രക്ഷിതാവിനോട് ആദ്യസ്ഥാപനത്തില്‍ നിന്ന് ടി.സി കൊണ്ടുവരാന്‍ ബാങ്കു ആവശ്യപ്പെട്ടു. ജൂണ്‍ 18 വെള്ളിയാഴ്ച ടി.സി ബാങ്കില്‍ കൊടുത്ത രക്ഷിതാവ് ജൂണ്‍ 19ന് വിഷം കഴിച്ചത് വിദ്യാഭ്യാസ വായ്പ വൈകിയതുകൊണ്ടാണെന്ന് കണ്ടുപിടിച്ച നാടാണ് ഇത്. ഇത് ആഘോഷമാക്കിയ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ചേര്‍ന്ന് പ്രസ്തുത ബാങ്ക് മാനേജരെ ബലിയാടാക്കിയതും നാം കണ്ടതാണ്.
പഠനത്തിനുള്ള വായ്പ നല്‍കേണ്ടത് മിടുക്കുള്ളവര്‍ക്കാണ്. അവര്‍ക്കുമാത്രമേ നല്ല ജോലി കണ്ടെത്തുവാനും വായ്പ തിരിച്ചടയ്ക്കുവാനും കഴിയൂ. പാവപ്പെട്ട കുട്ടികളെ പഠനത്തിന് സഹായിക്കേണ്ടത് ബാങ്കുകളുടെ ബാധ്യതയല്ല. അത് ചെയ്യേണ്ടത് സര്‍ക്കാറുകളാണ്. കുറഞ്ഞ ചിലവില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സാഹചര്യമൊരുക്കേണ്ട രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ബാങ്കിനെ കുറ്റം പറയുവാനും വായ്പകള്‍ വഴി കോടികള്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കും ഏജന്റുമാര്‍ക്കും എത്തിക്കുവാനും കൂട്ടുനില്‍ക്കുകയാണ്.
ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാതെ ബാങ്കുകളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് ഭാവിയില്‍ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതിും അതുവഴി ബാങ്കിന്റെ ഓഹിരകളില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നതിനും ഇടവരുത്തുന്നു.
വിവിധതരം കോര്‍പ്പറേഷനുകള്‍ രൂപീകരിച്ച് സഹായങ്ങള്‍ നല്‍കുന്ന സര്‍ക്കാരുകള്‍ക്ക്് ഒരു വിദ്യാഭ്യാസസഹായകമ്മീഷന്‍ രൂപീകരിച്ച് സബ്‌സിഡിയോ പലിശരഹിത വായ്പയോ നല്‍കിയാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഭാവി പണയം വെക്കാതെ പഠിക്കുവാന്‍ സഹായിക്കും.

തിരിച്ചടവ് ഉറപ്പുവരുത്താതെ ധനകാര്യ സ്ഥാപനങ്ങളെ തകര്‍ക്കുന്ന രീതിയില്‍ വായ്പ നല്‍കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തികനിലയെപ്പോലും തകര്‍ക്കും. പാവപ്പെട്ട കുട്ടികള്‍ക്ക് ചെലവു കുറഞ്ഞ പഠനസൗകര്യം നല്‍കേണ്ടത് സര്‍ക്കാറിന്റെ ചെലവിലാണ്. നിക്ഷേപകന്റെ ചിലവിലല്ല. വിദ്യഭ്യാസവായ്പകള്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കാത്ത സര്‍ക്കാര്‍, വായ്പ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് ബാങ്കുകളെ തകര്‍ക്കുവാനല്ലാതെ മറ്റെന്തിനാണ്.

(ലേഖകന്‍ ഒരു ദേശസാല്‍കൃത ബാങ്ക് മാനേജരാണ്)

 

 


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!