Section

malabari-logo-mobile

ലോറികളില്‍ കുടിവെള്ള വിതരണം: നിബന്ധനകള്‍ പാലിക്കണം

HIGHLIGHTS : മലപ്പുറം: ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ

മലപ്പുറം: ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും നേരിട്ട് വെള്ളം ലോറികളിലേക്ക് നിറയ്ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലിന ജലം ടാങ്കര്‍ ലോറികളിലൂടെ വിതരണം ചെയ്തതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന സാഹചര്യത്തില്‍ നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കുടിവെള്ള വിതരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഇതു പ്രകാരം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളം മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍, സി.ഡബ്ള്‍യു.ആര്‍.ഡി.എം, വാട്ടര്‍ അതോറിറ്റി, യൂനിവേസിറ്റികളോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ നടത്തുന്ന ലാബുകള്‍ എന്നിവിടങ്ങളില്‍ പരിശോധിക്കണം. പരിശോധനാ ഫലം ജല ശുദ്ധീകരണ യൂനിറ്റില്‍ സൂക്ഷിക്കേണ്ടതാണ്. ഇവ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടാങ്കര്‍ ലോറികള്‍ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലോറികള്‍ക്ക് നീല പെയിന്റടിക്കുകയും വ്യക്തമായ ബോര്‍ഡും സ്ഥാപിക്കണം.

 

പ്രഷര്‍ സാന്‍ഡ് ഫില്‍റ്റര്‍, ക്ലോറിനേഷന്‍, പ്രഷര്‍ കാര്‍ബണ്‍ ഫില്‍റ്റര്‍ തുടങ്ങിയ സംവിധാനങ്ങളോടെ മാത്രമേ ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാവൂ. ഗുണമേന്മ കുറവുള്ള വെള്ളമാണെങ്കില്‍ രണ്ട് ഘട്ടങ്ങളിലായി ശുദ്ധീകരണം ഉറപ്പാക്കണം. ശുദ്ധീകരിച്ച വെള്ളം സംഭരിക്കാനുള്ള സൗകര്യവും പ്ലാന്റിലുണ്ടാകണം. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ലോറികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!