Section

malabari-logo-mobile

മൊണ്ടാഷ് ചലച്ചിത്രമേളയ്ക്ക് മഞ്ചേരിയില്‍ തുടക്കമായി.

HIGHLIGHTS : നിറഞ്ഞ സദസ്സില്‍ ഏഴാമത് മൊണ്ടാഷ് ചലച്ചിത്രമേളയ്ക്ക്

മഞ്ചേരി: നിറഞ്ഞ സദസ്സില്‍ ഏഴാമത് മൊണ്ടാഷ് ചലച്ചിത്രമേളയ്ക്ക് മഞ്ചേരിയില്‍ തുടക്കമായി. ലോകം വെട്ടിപ്പിടിക്കാത്ത അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ് ചലച്ചിത്രമേളകളെന്ന് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് വിഖ്യാതചലച്ചിത്രകാരന്‍ ടി. വി. ചന്ദ്രന്‍ പറഞ്ഞു. . സിനിമയില്‍ മനുഷ്യോപകാരപ്രദമായ കാര്യങ്ങളുള്ളതുകൊണ്ടാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. കേരളത്തില്‍ നിരവധി ചലച്ചിത്രമേളകള്‍ നടക്കുന്നുണ്ട്. എല്ലാത്തിന്റെയും പിന്നില്‍ അറിയപ്പെടുന്നവരും അല്ലാത്തവരുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും സമര്‍പ്പണവും പ്രയത്‌നവും ഉണ്ടായിരിക്കും. അവരോടുള്ള ആത്മബന്ധമാണ് തന്നെ ചലച്ചിത്രമേളകളില്‍ എത്തിക്കുന്നത്. ചന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് വി. എം. ഷൗക്കത്ത് അധ്യക്ഷനായി. കബിത മുഖോപാധ്യായ, മധു ജനാര്‍ദ്ദനന്‍, രജി. എം. ദാമോദരന്‍, ലത്തീഫ് സി. പി, മമ്മദ് മൊണ്ടാഷ്, മുജീബ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

കാഴ്ചയുടെ വൈവിദ്ധ്യങ്ങളും സംഘര്‍ഷങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ചലച്ചിത്രമേള നടക്കുന്ന മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയം ഉള്‍ക്കൊള്ളുന്നതിലുമധികം പ്രേക്ഷകര്‍ പ്രതിനിധികളായി എത്തിയത്

sameeksha-malabarinews

സിനിമ കണ്ടിറങ്ങുന്ന കലാകാരന്‍മാര്‍ അവര്‍ കണ്ട സിനിമ കാന്‍വാസില്‍ പകര്‍ത്തുന്നതും മേളയിലെ പുതുമയാണ്. പ്രശസ്തചിത്രകാരന്‍മാരായ പ്രഭാകരനും കബിത മുഖോപാധ്യായയും ഇന്നലെ എത്തി. ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങളുമായി പാലക്കാട് തിരുവില്വാമലയില്‍ നിന്നും ഗാഥാ ബുക്‌സ് പ്രസാദും കോഴിക്കോട് റാസ്പ്‌ബെറി ബുക്‌സും മേളയുടെ ഭാഗമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മലയാളി കാണാതെ പോയ മലയാളസിനിമകളുടെ പ്രത്യേകവിഭാഗം ഈ വര്‍ഷത്തെ മേളയുടെ ആകര്‍ഷണമാണ്. ആദരവ് വിഭാഗത്തില്‍ സി. പി. പദ്മകുമാറിന്റെയും വിന്ധ്യന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പെട്രോ സെലങ്കയുടെ പോളിഷ് ചിത്രം കാരമസോവി, മാര്‍ട്ടിന്‍ കൂള്‍ഹോവന്റെ ഡച്ച് ചിത്രം വിന്റര്‍ ഇന്‍ വാര്‍ ടൈം, സി. പി. പദ്മകുമാറിന്റെ സമ്മോഹനം, ഷെറിയുടെ ആദിമദ്ധ്യാന്തം, സമീര്‍ താഹിറിന്റെ ചാപ്പാകുരിശ് എന്നിവ ആദ്യദിവസം പ്രദര്‍ശിപ്പിച്ചു.

മേളയില്‍ നാളെ(13.10.2012)
രാവിലെ ഒമ്പതിന് ജൂള്‍സ് ആന്റ് ജിം (ഫ്രാങ്കോ ത്രൂഫോ), 11.15ന് 21 ഗ്രാംസ് (ഇനാറിത്തു), വൈകിട്ട് നാലിന് മാരത്തോണ്‍ (ജിയോങ്ങ് യൂണ്‍ ചുല്‍), 6.30 ന് ഭവം (സതീഷ് മേനോന്‍), 8.30 ന് യാനം (സഞ്ജയ് നമ്പ്യാര്‍)
ഉച്ചക്ക് രണ്ട് മണിക്ക് “ന്യൂ ജനറേഷന്‍ മലയാളസിനിമകള്‍: നവതരംഗമോ നവതുരങ്കമോ?” എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ രഞ്ജിത് ശങ്കര്‍, ഷെറി നിരൂപകരായ ജി. പി. രാമചന്ദ്രന്‍, ഡോ. സി. എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുക്കും. രജി. എം. ദാമോദരന്‍ മോഡറേറ്ററായിരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!