Section

malabari-logo-mobile

മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും- മുഖ്യമന്ത്രി

HIGHLIGHTS : തിരുര്‍: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ 'സുകൃതം' പദ്ധതി നടപ്പാക്കുമെന്ന്‌ മ...

umman chandiതിരുര്‍: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ ‘സുകൃതം’ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരൂര്‍ ജില്ലാ ആശുപത്രിക്ക്‌ ജനകീയ പങ്കാളിത്തത്തോടെയും ജില്ലാ പഞ്ചായത്തിന്റെ മൂന്ന്‌ കോടി ചെലവഴിച്ചും നിര്‍മിച്ച ആറു നില കെട്ടിടം നാടിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ അഞ്ച്‌ മെഡിക്കല്‍ കോളെജുകളിലും രണ്ട്‌ കാന്‍സര്‍ ആശുപത്രികളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ്‌ ‘സുകൃതം’ പദ്ധതിയുള്ളത്‌. തിരൂര്‍ ഉള്‍പ്പെടെ സൗകര്യമുള്ള മുഴുവന്‍ ജില്ലാ- ജനറല്‍ ആശുപത്രികളിലും കാന്‍സര്‍ രോഗികള്‍ക്ക്‌ സമ്പൂര്‍ണ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി പരിഗണിക്കും. സൗകര്യങ്ങളില്ലാത്ത ജില്ലാ- ജനറല്‍ ആശുപത്രികളില്‍ ഏറ്റവും വേഗത്തില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യും. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു കാന്‍സര്‍ വിദഗ്‌ധന്റെ കൂടി സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. ഇല്ലെങ്കില്‍ മറ്റൊരു ഡോക്‌ടര്‍ക്ക്‌ ഒങ്കോളജിയില്‍ പരിശീലനം നല്‍കും. മുഖ്യമന്ത്രി പറഞ്ഞു. ഉദ്‌ഘാടന പരിപാടി തുടങ്ങുന്നതിന്‌ മുമ്പ്‌ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്‌ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു.
ലോകത്ത്‌ ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളെല്ലാം ഇന്ന്‌ കേരളത്തിലുണ്ട്‌. എന്നാല്‍ അത്‌ എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ്‌ നാം നേരിടുന്ന പ്രശ്‌നം. എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയെന്നത്‌ സര്‍ക്കാര്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴില്‍ അഞ്ചു കോടി ചെലവില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാറും പുതിയ സി.ടി സ്‌കാനിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബും നിര്‍വഹിച്ചു. 40 ലക്ഷം ചെലവില്‍ പൂര്‍ത്തിയാക്കിയ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്‌ഘാടനം സി. മമ്മുട്ടി എം.എല്‍.എ.യും പത്തു ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന കാന്റീന്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്‌ഘാടനവും സൗജന്യ ഡയാലിസിസ്‌ യൂനിറ്റിന്റെ മൂന്നാം ഷിഫ്‌റ്റിന്റെ ഉദ്‌ഘാടനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാടും നിര്‍വഹിച്ചു.
പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍, സാമൂഹികക്ഷേമ ബോര്‍ഡ്‌ ചെയര്‍പെഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സഫിയ, തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അബ്‌ദുല്ലക്കുട്ടി, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജല്‍സീമിയ, വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ പി. സൈതലവി, വെട്ടം ആലിക്കോയ, മെഹറുന്നിസ, എം.പി. കുമാരു, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, എ.കെ. അബ്‌ദുറഹ്‌മാന്‍, സെക്രട്ടറി എ. അബ്‌ദുല്ലത്തീഫ്‌, ഡി.എം.ഒ. ഡോ. ഉമ്മര്‍ ഫാറൂഖ്‌, എന്‍.എച്ച്‌.എം. പ്രോഗ്രാം ഓഫീസര്‍ ഡോ. വിനോദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!