Section

malabari-logo-mobile

മാപ്പിളപ്പാട്ടിന്റെ നിലവാരം താഴോട്ട്

HIGHLIGHTS : കൊണ്ടോട്ടി: മലയാള ഭാഷക്ക് പ്രയോഗാനുമതിയില്ലാത്ത ഒരു കാലഘട്ടത്തില്‍ ഒരു സമൂഹത്തന്റെ പൊതുധാരയിലേക്ക് പാട്ടിലൂടെയും സാഹിത്യത്തിലൂടെയും

മാ പ്പിളപ്പാട്ട് കവിയരങ്ങ് മന്ത്രി ഡോ എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: മലയാള ഭാഷക്ക് പ്രയോഗാനുമതിയില്ലാത്ത ഒരു കാലഘട്ടത്തില്‍ ഒരു സമൂഹത്തന്റെ പൊതുധാരയിലേക്ക് പാട്ടിലൂടെയും സാഹിത്യത്തിലൂടെയും ധീരമായി ഇടപെട്ടു എന്നതാണ് മാപ്പിളപ്പാട്ട് എഴുത്തുകാരും കവികളും നിര്‍വഹിച്ച വലിയ ദൗത്യമെന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോല്‍സവത്തിലെ “മലയാള സിനിമയിലെ മാപ്പിള ജീവിതം” സെമിനാര്‍ അഭിപ്രായപ്പെട്ടു. ഒരുപാട് മാപ്പിളപ്പാട്ടുകള്‍ പിറക്കുന്നുണ്ടെങ്കിലും മിക്കവയും പഴയ ഗാനങ്ങളുടെ നിലവാരത്തിലെത്തുന്നില്ലെന്നും ,മലയാള സിനിമാ ഗാനരചനയില്‍ പുരുഷ നാമങ്ങള്‍ ധാരാളമുണ്ടെങ്കില്‍ സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിട്ടില്ല. സെമിനാര്‍ ചൂണ്ടിക്കാട്ടി.
ലോകത്താരും സംസാരിക്കാത്ത ഭാഷയിലാണ് ആദ്യകാല സിനിമകളില്‍ മാപ്പിള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാതി മത ഭേദമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുന്നതാണ് മാപ്പിളസംസ്‌കാരം. കഥ മോശമാണെങ്കിലും പാട്ടിന്റെ ശക്തി കൊണ്ടാണ് പഴയ കാല സിനിമകള്‍ ജനങ്ങള്‍ ഏറ്റെടുത്തതെന്നും സെമിനാര്‍ വിലയിരുത്തി.
ചലചിത്രനടന്‍ മാമുകോയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടി എ അഹമദ് കബീര്‍ എം എല്‍ എ, ആര്യാടന്‍ ഷൗക്കത്ത്, പ്രഫ രാജേന്ദ്രന്‍ എടത്തുംകര, സമദ് മങ്കട, അശ്വതി പ്രസംഗിച്ചു.
മാപ്പിളപ്പാട്ട് കവിയരങ്ങ് പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഒ എം കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. പൂച്ചാക്കല്‍ ഷാഹുല്‍, കെ അബൂബക്കര്‍ ഹാജി, അശറഫ് മടാന്‍, സി ഷൗക്കത്തലി സംസാരിച്ചു. കവിയരങ്ങില്‍ പൂവച്ചല്‍ ഖാദര്‍, സമദ് മണ്ണാര്‍മല, ഹസന്‍ നെടിയനാട്, ഇ കെ എം പന്നൂര്‍, ഉമര്‍ മധുവായി, പ്രഫ എം പി ആയിഷ, എം എച്ച് വള്ളുവങ്ങാട്, സലാം കൊടശ്ശേരി, മുസ്തഫ മുണ്ടപ്പലം, ഫാതിമ പെരിന്തല്‍മണ്ണ, പി ടി അബ്ദുറഹ്മാന്‍ അരീക്കോട്, പി കെ റഷീദ്, അഹമ്മദ് റിസ്‌വാന്‍, പി കെ സൈനുദ്ദീന്‍ മൗലവി, പി വി സയ്യിദ് മുഹമ്മദ് ഖാസിം, പുലാമന്തോള്‍ അബൂബക്കര്‍, അമ്പലങ്ങാടന്‍ മുഹമ്മദ് മാസ്റ്റര്‍, സീനത്ത് ചെറുശ്ശോല, മെഹബൂബ് കടകുളത്ത് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
രാത്രി നടന്ന സാംസ്‌കാരിക സമ്മേളനം തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന മാപ്പിളകലകളുടെ അരങ്ങേറ്റം ശ്രദ്ധേയമായി. കെ എസ് ഹുസൈന്‍ ഉസ്താദും സംഘവും അവതരിപ്പിച്ച മുട്ടുംവിളിയും, മൂസകുരിക്കളും സംഘവും അവതരിപ്പിച്ച കോല്‍ക്കളി, അറബന, കൊട്ടുകര പി പി എം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ദഫ്, എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഒപ്പന, വട്ടപ്പാട്ട് എന്നിവ അരങ്ങേറി. ഷമീര്‍ ബിന്‍സി- ഇമാം മജ്ബൂരി സംഘത്തിന്റെ ഖവാലിയും മഹോത്സവത്തിന്റെ ഒമ്പതാം നാളിന് ഇമ്പമേകി.

വൈദ്യര്‍ മഹോത്സവം ഇന്ന് സമാപിക്കും

sameeksha-malabarinews

 

ഇന്ന് ദേശീയ സെമിനാര്‍, വൈദ്യര്‍ സ്മാരക പ്രഭാഷണം, വൈദ്യര്‍ രാവ് ഇന്ന്
കൊണ്ടോട്ടി: ഇശലും, ചിന്തയും, കവിതയും, മാപ്പിള, നാടന്‍ കലാ പ്രകടനങ്ങളും കൊണ്ട് ഒമ്പത് നാളുകള്‍ ധന്യമാക്കിയ വൈദ്യര്‍ മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. മഹോത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര സെമിനാറും, സ്മാരക പ്രഭാഷണവും, വൈദ്യര്‍ രാവും സമാപനദിവസമായ ഇന്ന് നടക്കും.
രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന “അറബി മലയാളം സമാന്തരധാരകള്‍” ദേശീയ സെമിനാര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തും. ഡോ എം എന്‍ കാരശ്ശേരി, തോപ്പില്‍മുഹമ്മദ് മീരാന്‍, സാറാ അബൂബക്കര്‍ അമേരിക്കയിലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റിയിലെ കീലി സൂട്ടന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചക്ക് ‘ അറബി മലയാളം: ദൗത്യവും സാധ്യതയും’ സെമിനാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പ്രഫ എം എ റഹ്മാന്‍, വി പി മാര്‍ക്കോസ്, സി ഹംസ, ഡോ ബഹാവുദ്ദീന്‍ കൂരിയാട്, എന്‍ കെ ലത്തീഫ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വൈകീട്ട് 4.30ന് നടക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പ്രഭാഷണം “ നവകേരള നിര്‍മ്മിതിയിലെ മാപ്പിളമുദ്രകള്‍” ഡോ ഡി ബാബുപോള്‍ നിര്‍വഹിക്കും. സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന വൈദ്യര്‍രാവ് ചലചിത്ര നടന്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. വി എം കുട്ടി, മൂസ എരഞ്ഞോളി, നിലമ്പൂര്‍ ഷാജി, കെ വി അബൂട്ടി, റംലാബീഗം, വിളയില്‍ ഫസീല, അസീസ് തായിനേരി, ഫിറോസ് ബാബു, ലിപി അക്ബര്‍, വണ്ടൂര്‍ ജലീല്‍, ഷമീര്‍, നസീബ് നിലമ്പൂര്‍, പള്ളിക്കല്‍ മൊയ്തീന്‍, ഹംസാഖാന്‍ പുല്ലങ്കോട്, എം ജയഭാരതി എന്നിവര്‍ ഗാനം ആലപിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!