Section

malabari-logo-mobile

പെട്രോള്‍ സ്റ്റേഷനിലെ ഭൂഗര്‍ഭ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു

HIGHLIGHTS : ദോഹ: നഗരവാസികളില്‍ ഭീതി പരത്തി സി റിംഗ് റോഡിലെ മുംതസ അല്‍ അന്‍ദാലസ് പെട്രോള്‍ സ്‌റ്റേഷനിലെ

yikesദോഹ: നഗരവാസികളില്‍ ഭീതി പരത്തി സി റിംഗ് റോഡിലെ മുംതസ അല്‍ അന്‍ദാലസ് പെട്രോള്‍ സ്‌റ്റേഷനിലെ ഭൂഗര്‍ഭ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.  വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ടാങ്ക് പൊട്ടിയത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയ കുഴി രൂപപ്പെടുകയും മൂന്ന് വാഹനങ്ങള്‍ കുഴിക്കകത്തേക്ക് ഇറങ്ങുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.
സ്‌ഫോടനശബദം കേട്ട് സമീപവാസികളും സമീപത്തെ കെട്ടിടങ്ങളിലെ ഓഫിസുകളില്‍ ജോലി ചെയ്തിരുന്നവരും പരിഭ്രാന്തരായി. ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സുരക്ഷാ സൈനികരും പൊലീസ്-സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലന്നാണ് ആഭ്യന്തര വകുപ്പ് ട്വിറ്ററില്‍ അറിയിച്ചത്. അതേസമയം ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കുഴിയിലേക്ക് വീണ വാഹനത്തിനകത്ത് ഉണ്ടായിരുന്നതാണെന്ന് പറയപ്പെടുന്നു.
സംഭവം നടക്കുമ്പോള്‍ 45 തൊഴിലാളികള്‍ പെട്രോള്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇന്ധനത്തിന് തീപിടിക്കാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. പൊട്ടിയ ടാങ്കില്‍ ഡീസല്‍ ആയിരുന്നതിനാലാണ് തീപിടിത്തം ഒഴിവായതെന്ന് കരുതുന്നു. തീപിടിത്തം ഭയന്ന് പെട്രോള്‍ സ്‌റ്റേഷനിലും സമീപത്തെ കെട്ടിടങ്ങളിലുമുണ്ടായിരുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. അല്‍ ഫസ്അ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. സ്‌റ്റേഷന് മുന്‍വശത്തെ വരിയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടില്ല. അല്‍ അന്‍ദാസ് പെട്രോള്‍ സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റില്‍ അറിയിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് വന്‍ശബ്ദത്തോടൊപ്പം പൊടിപടലം ഉയര്‍ന്നതായി ദൃസാക്ഷികള്‍ പറഞ്ഞു.സിവില്‍ ഡിഫെന്‍സ് വിഭാഗം മേധാവി സ്റ്റാഫ് ബ്രിഗേഡിയര്‍ അബ്ദുല്ല മുഹമ്മദ് ആല്‍സുവൈദി, ഓപ്പറേഷന്‍സ് വിഭാഹം മേധാവി ബ്രിഗേഡിയര്‍ ഹമദ് ആല്‍ദഹൈമി, കേണല്‍ ജമാല്‍ ആല്‍അജമി എന്നിവര്‍ സംഭവസ്ഥലത്തെത്തുകയും അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഏതാനും വര്‍ഷം മുമ്പ്  നഗരത്തിലെ മറ്റൊരു പെട്രോള്‍ സ്റ്റേഷനിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചിരുന്നു. അതില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പെട്രോള്‍ സ്‌റ്റേഷനുകളുടെ ഭൂഗര്‍ഭ ടാങ്കുകള്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അപകടം വെളിച്ചം വീശുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!