Section

malabari-logo-mobile

പരപ്പനങ്ങാടി മിനിസ്റ്റേഡിയം തൂര്‍ക്കുകയാണോ?

HIGHLIGHTS : പരപ്പനങ്ങാടി: കാല്‍പന്ത് കളിയുടെ ഈറ്റില്ലമായ

പരപ്പനങ്ങാടി: കാല്‍പന്ത് കളിയുടെ ഈറ്റില്ലമായ പരപ്പനങ്ങാടിയുടെ ഏറെക്കാലമായുള്ള സ്വപ്‌നമാണ് മികച്ച ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നത്. നല്ല ഗ്രൗണ്ടായ ചുടലപ്പറമ്പ് സ്വകാര്യഉടമസ്ഥതയിലായതു കാരണം ഗ്രൗണ്ടിന്റെ വികസനത്തിനാവശ്യമായ പല നിര്‍മ്മാണങ്ങളും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. അതിനു പരിഹാരമായാണ് പുത്തരിക്കലില്‍ പുതിയൊരു സ്റ്റേഡിയം ഗ്രൗണ്ട് പരപ്പനങ്ങാടി പഞ്ചായത്ത് പണിഞ്ഞത്. പിന്നീട് ഈ ഗ്രൗണ്ടില്‍ നിരവധി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും നടന്നിട്ടുണ്ട്.
ഇതിനിടയിലാണ് ഈ ഗ്രൗണ്ട് മികവുറ്റതാക്കാന്‍ പുതുക്കി പണിയാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതിനാവശ്യമായുള്ള തുകയും പഞ്ചായത്ത് വകയിരുത്തി.
പന്ത്രണ്ട് ലക്ഷം രൂപ ചിലവഴിച്ച് മൈതാനത്തിനു ചുറ്റും വെള്ളം ഒഴിഞ്ഞുപോകാന്‍ ഡ്രെയിനേജ് കെട്ടുക, ഗ്രൗണ്ട് ഉയര്‍ത്തി മികവുറ്റതാക്കി മാറ്റുക എന്നതായിരുന്നു തീരുമാനം.
എന്നാല്‍ ഇവിടെ നടന്നത് മറ്റൊന്നായിരുന്നു. ഗ്രൗണ്ട് നിര്‍മ്മാണത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കരാറുകാരന്‍, ഒരു ടെക്‌നിക്കല്‍ ഉപദേശവും തേടാതെ തന്റെ ക്വാറിയിലെ കല്ലും മണ്ണും ഈ ഗ്രൗണ്ടില്‍ കൊണ്ടുവന്നു നിറച്ചു. ഒരു കുളം നികത്തുന്ന ലാഘവത്തോടെ.
പിന്നീട് റോളര്‍ ഉപയോഗിച്ച് ഈ കല്ലും മണ്ണും നിരത്തിയെങ്കിലും ഇവിടെ ഒരു കളി നടന്നാല്‍ കുറഞ്ഞത് ഒരു അഞ്ച് സെവന്‍സ് ടീമിനുള്ള കളിക്കാരെങ്കിലും ആശുപത്രിയിലാവുന്ന രീതിയില്‍ ഗ്രൗണ്ടിനെ മാറ്റിയെടുത്തിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായി ഗ്രൗണ്ട് നിര്‍മ്മിച്ചതിനെതിരെ സ്‌പോര്‍ട്‌സ് പ്രേമികളുടെയിടയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നിരിക്കുകയാണ്.
ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് ശാസ്ത്രീയമായി നിര്‍മ്മിക്കുമ്പോള്‍ കല്ലുള്ള മണ്ണ് ഒരിക്കലുംഉപയോഗിക്കാന്‍ പാടുള്ളത്ല്ല, ഒരടുക്ക് മണ്ണുപയോഗിച്ച് നികത്തി റോളര്‍ ഉപയോഗിച്ച് ലെവല്‍ ചെ.യ്തശേഷം മുകളില്‍ ഒരടുക്കു കൂടി അരിച്ചമണ്ണും മണലും ചേര്‍ത്ത മിശ്രിതം പാകി ഹാന്‍ഡ് റോളര്‍ ഉപയോഗിച്ച് വേണം ലെവലിംങ് ശരിയാക്കാന്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മഴപെയ്താല്‍ ഗ്രൗണ്ടില്‍ വീഴുന്ന വെള്ളം പോലും പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഡ്രെയിനേജിലൂടെ ഒഴുകിപോവുമോ എന്ന് സംശയമാണ്.
ഈ വിഷയം ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും മുന്നില്‍ നിരവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നിലവിലെ അവസ്ഥ മാറ്റിയെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഈ നിര്‍മ്മാണപ്രവൃത്തി നടക്കുന്ന സമയത്ത് ഒരു തവണപോലും പരിശോധന നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
പരപ്പനങ്ങാടിയിലെ മാലിന്യസംസ്‌കരണം നടക്കാത്ത മല്‍സ്യമാര്‍ക്കറ്റ് പോലെ, ബസ്സ് കയറാത്ത ബസ്സ് സ്റ്റാന്‍ഡ് പോലെ, അധികാരികളുടെ കെടുകാര്യസ്ഥതയുടെ ബിംബങ്ങളായി പരപ്പനങ്ങാടിയിലെ സ്റ്റേഡിയംഗ്രൗണ്ടും മാറുമോ?

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!