Section

malabari-logo-mobile

നൊസ്റ്റാള്‍ജിയ

HIGHLIGHTS : ഊടുവഴികള്‍ മാഞ്ഞുപോകുമ്പോള്‍ . . . . . . മണികണ്ഠന്‍ പനങ്കാവില്‍. അധികാരക്കസേരകളിലേയ്ക്ക് മാത്രം ഊടുവഴികള്‍ തേടുന്ന പുതിയ കാലത്തില്‍ ഗതകാലസ്മരണ...

ഊടുവഴികള്‍ മാഞ്ഞുപോകുമ്പോള്‍ . . . . . .
മണികണ്ഠന്‍ പനങ്കാവില്‍.
അധികാരക്കസേരകളിലേയ്ക്ക് മാത്രം ഊടുവഴികള്‍ തേടുന്ന പുതിയ കാലത്തില്‍ ഗതകാലസ്മരണകള്‍ ബാക്കിയാക്കി ഗ്രാമന്തരങ്ങളിലെ ഊടുവഴികളും ഇവെഴികളും ഗ്രാമീണഭൂപടത്തില്‍നിന്ന് മാഞ്ഞുപോവുന്നു.  പഴയ പ്രൗഢിയുടെയും പ്രതാപത്തിന്റെയും ഇടവഴികളില്‍ കഥകളിലും നാട്ടുചരിത്രങ്ങളിലും നിറഞ്ഞുനിന്ന ഊടുവഴികള്‍ പഴയ ഗ്രാമീണപുരാവൃത്തങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു.  പഴയ തലമുറയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ ഗ്രാമീണ നടവഴികളെയും ഇന്ന് റോഡുകള്‍ക്ക് വഴിമാറികഴിഞ്ഞു.  സിരാപടലം കണക്കെ ഗ്രാമാന്തരങ്ങളിലുടനീളം പഞ്ചായത്ത് റോഡുകളായി.  കാലത്തിനപ്പുറത്തേക്ക് നീളാനാവാതെ നാട്ടുവഴികള്‍ ചരിത്രത്തിന്റെ നിലവറയിലേയ്ക്ക് പടിയിറങ്ങി.
“കൈതക്കാടുകള്‍ക്ക് നടുക്കുളള ഇടവഴിയുടെ തുടക്കത്തിലെത്തിയപ്പോള്‍ ഒരു നിമിഷം അപ്പുണ്ണി ഒന്നു സംശയിച്ചു നിന്നു.  ഇല്ല, അത്രയ്ക്കിരുട്ടൊന്നുമില്ല. എങ്കിലും ഇടതൂര്‍ന്ന കൈതക്കൂട്ടമല്ലേ ഇരുപുറത്തും?    കൈതക്കൂട്ടത്തിനിടയിലെ മാളങ്ങളിലാണത്രേ മൂര്‍ഖന്‍ പാമ്പുകള്‍ താമസിക്കുക.  കൈതപ്പൂവിന്റെ മണം പാമ്പിന് ഇഷ്ടമാണത്രേ.
ഇടവഴിയിലെ ഓരോ കല്ലും പടവും കുഴിയും അവന് സുപരിചിതമാണ്.  പതുക്കെ പോകുമ്പോഴല്ലേ പേടിക്കാനുളളൂ ?  കുതിച്ചൊരോട്ടം കൊടുത്തു.  മറുതലയില്‍ പാടത്തിന്റെ മുഖത്തെത്തിയപ്പോഴേ നിന്നുളളൂ.”
(എം.ടി., നാലുകെട്ട്)
വളളുവനാടന്‍ ഗ്രാമത്തിന്റെയും നിളയുടെയും വിശുദ്ധി നിറയുന്ന എം.ടി.യുടെ സാഷിത്യകൃതികളിലും മറ്റ് പ്രാദേശിക കഥാകാരന്മാരുടെ കഥകളിലും നാട്ടുചരിത്രങ്ങളിലും ഇത്തരം നാട്ടിടവഴികള്‍ അക്ഷരങ്ങളില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നുണ്ട്.
പൂര്‍വ്വികരുടെ ഉദാരതയുടെ സാക്ഷ്യങ്ങള്‍കൂടിയാണ് പഴയ നാട്ടിടവഴികള്‍.  തങ്ങള്‍കവാശപ്പെട്ട ഭൂമിയുടെ അതിരുകളോടുചേര്‍ന്ന് നാട്ടുകാര്‍ക്ക് നടന്നുപോകാനായി സ്വന്തം സ്ഥലം അവര്‍ ഒഴിച്ചിട്ടു.  കൈമാറ്റരേഖകളിലും പ്രമാണങ്ങളിലും അഃ് പൊതുവഴിയായി പരിഗണിക്കപ്പെട്ടു.  കൃഷിയെ ആശ്രയിച്ചു ജീവിച്ച പഴയ ഗ്രാമീണര്‍ക്ക് കന്നിനെ (നിലം ഉഴാനുപയോഗിക്കുന്ന കാളകളെയും പോത്തുകളെയും കന്നുകള്‍ എന്നാണ് പറയുക) കൊണ്ടുപോകാനും ഈ വഴികളായിരുന്നു.  ഇതുകൊണ്ട് ‘വാഴച്ചാല്‍’  എന്നും ഈ ഊടുവഴികളെ വിളിക്കപ്പെട്ടിരുന്നു.  ഈ നാട്ടുവഴികള്‍ക്ക് അതിരിട്ടു നിന്ന വന്‍ മരങ്ങള്‍ കടുത്ത വെയിലില്‍ ഇത്തിരി തണലും മഴക്കാലങ്ങളില്‍ കുടയുമായി.  പഴമക്കാരുടെ ഓര്‍മ്മകളുടെ ഊടുവഴികള്‍ കയ്പും മധുരവുമുളള സംഭവങ്ങള്‍ക്ക് സാക്ഷ്യങ്ങളായി.   പലപ്പോഴും പല നാട്ടുപ്രണയങ്ങളും പൂത്തുവിടര്‍ന്നത് ഇത്തരം ഊടുവഴികളിലായിരുന്നു.  അതുപോലെതന്നെ പഴയ കുടിപ്പക തീര്‍ക്കാനും ശത്രുക്കളോട് പകരം വീട്ടാനും ഇത്തരം ഇടവഴികള്‍ വേദികളായി.  മുക്കുറ്റിയും കണ്ണാന്തളിയും ഓരം ചേര്‍ന്ന് നിന്ന നാട്ടിടവഴികളില്‍ കാവലാളെപ്പോലെ നിന്നിരുന്ന നാട്ടുമാവുകളും ഞാവല്‍മരങ്ങളും നാട്ടിലെ കരുമാടിക്കുട്ടന്മാര്‍ക്ക് കല്ലെറിയാനായി ഫലം നിറഞ്ഞ് തലകുമ്പിട്ടുനിന്നിരുന്നത്.  ഈ കരുമാടിക്കുട്ടന്മാര്‍ വലിയവരായപ്പോഴും ഓര്‍മ്മയില്‍ സൃഷ്ടിക്കുന്നുണ്ട്.
പുതിയ യന്ത്രവത്കൃത സമൂഹത്തില്‍ കാല്‍നടയാത്രയില്‍ സാധാരണക്കാരനുപോലും അന്യമായി.  ആഢംബരങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രകളില്‍ അവശേഷിക്കുന്ന ഇടവഴികള്‍ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ കൊതിച്ച് അന്ത്യവിധി കാത്ത് കിടക്കുകയാണ് . . . . .
കൃഷിയിടങ്ങളെല്ലാം നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളായപ്പോള്‍ പത്തായപ്പുരകളിലെ നെല്ലുമൊഴിഞ്ഞു.  കന്നുകള്‍ക്ക് പകരം ട്രാക്ടറുകള്‍ വന്നപ്പോള്‍ കര്‍ഷകര്‍ ‘നഷ്ടം വരുത്തുന്ന’ കന്നുകളെ പോറ്റാനാകാതെ ‘അറുക്കാന്‍’ കൊടുത്തു.  ഉരുക്കളെ പാടത്തേക്ക് കൊണ്ടുപോകുവാന്‍പോലും പിന്നെ ഇടവഴികള്‍ മനുഷ്യന് വേണ്ടെന്നായി.  കാലിത്തൊഴുത്തുകളെല്ലാം കാര്‍പ്പോര്‍ച്ചുകളായി പുനര്‍ജന്മം നേടി.
കെട്ട കാലത്തിന്റെ സങ്കടങ്ങള്‍ ഏറ്റുവാങ്ങി ഊടുവഴികള്‍ നാടുനീങ്ങുമ്പോള്‍ കവി വാക്യത്തില്‍ ‘കുണ്ടനിടവഴി ചാടിക്കടന്നും’കൊണ്ടുളള മലയാളിയുടെ യാത്ര ഇവിടെ അവസാനിക്കുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!