Section

malabari-logo-mobile

നര്‍മ്മവും ചിന്തയും വിതറി ശുചിത്വസന്ദേശ കലാജാഥ സമാപിച്ചു

HIGHLIGHTS : തിരു:എന്റെ നഗരം സുന്ദരനഗരം പരിപാടിയുടെ സന്ദേശം വിളംബരം ചെയ്‌ത്‌ നഗരത്തില്‍ പര്യടനം നടത്തിയ ശുചിത്വസന്ദേശ കലാജാഥ സമാപിച്ചു. സ്‌ക്കൂളുകളും കോളെജുകളും...

IMG_5790തിരു:എന്റെ നഗരം സുന്ദരനഗരം പരിപാടിയുടെ സന്ദേശം വിളംബരം ചെയ്‌ത്‌ നഗരത്തില്‍ പര്യടനം നടത്തിയ ശുചിത്വസന്ദേശ കലാജാഥ സമാപിച്ചു. സ്‌ക്കൂളുകളും കോളെജുകളും നഗരത്തിലെ പ്രധാനകേന്ദ്രങ്ങളും അടക്കം 25 കേന്ദ്രങ്ങളില്‍ തൃശൂര്‍ ജനനയന ആണ്‌ നഗരസഭയ്‌ക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിച്ചത്‌.
‘പൂപ്പാട്ടൊന്നു പാടെടിപെണ്ണേ പുന്നാരക്കുറത്തീ’ എന്ന കുറവന്റെ അഭ്യര്‍ത്ഥനയ്‌ക്കുമുന്നില്‍, ‘പൂപ്പാട്ടും തേന്‍പാട്ടും പോയ്‌മറഞ്ഞേ കുറവാ’ എന്നു നിസ്സഹായയാകുന്ന കുറത്തി നമ്മുടെ നഗരങ്ങളുടെ ദുരവസ്ഥയാണു തുറന്നു കാട്ടിയത്‌. നാടും വീടും കോലംകെട്ടു കിടക്കുമ്പോള്‍, കിണറും പുഴയും മാലിന്യം നിറയുമ്പോള്‍, നിരത്തെല്ലാം ചവറുകൂനയാകുമ്പോള്‍, തൊടിയില്‍ പ്ലാസ്റ്റിക്‌ നിറയുമ്പോള്‍, ഓടയില്‍ കൂത്താടി നുരയുമ്പോള്‍ ആര്‍ക്കാണുപൂപ്പാട്ടു പാടാന്‍ കഴിയുക!IMG_5757
`ആന കുത്തി ഒരാള്‍ മരിച്ചാല്‍ വാര്‍ത്ത. പക്ഷേ, കൊതുകു കുത്തി അയിരങ്ങള്‍ മരിച്ചാല്‍ വാര്‍ത്തയാകുമോ?`എന്ന ചോദ്യം വിദ്യാര്‍ത്ഥികളടക്കമുള്ള സദസിനെ ഒരു നിമിഷം ചിന്താധീനരാക്കി. ആ സമസ്യ പൂരിപ്പിക്കുമ്പോഴേക്കും അരങ്ങില്‍ കൊതുകിന്റെ ലീലാവിലാസങ്ങളും ഇരകളുടെ ദുരന്തങ്ങളും കൊഴുത്തു. പ്രസിദ്ധമായ ഒരു ഭക്തിഗാനത്തിന്റെ ഈണത്തില്‍, `കാലില്‍ വന്തു കടിച്ചിരിപ്പാന്‍… കാതില്‍ വന്തു പാട്ടിറിപ്പാന്‍…` സംഘം പാടിച്ചുവടുവച്ചു. ‘എന്തൊരു കൊതുകാണപ്പാ’ എന്ന ആക്ഷേപഹാസ്യനാടകത്തിലെ പാരഡിപ്പാട്ടിനു സദസ്സും താളമിട്ടു.
സുഗന്ധം പരത്തുന്ന പെണ്‍കുട്ടി എന്ന നാടകത്തിലൂടെ ആരോഗ്യത്തിന്റെ അടിത്തറ ശുചിത്വമാണെന്ന്‌ ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. മറ്റൊരു ആക്ഷേപഹാസ്യനാടകമായ ‘വിവാഹാലോചന’ ആരോഗ്യകരമായ പരിസരത്തിന്റെ പ്രാധാന്യം രസകരമായി അവതരിപ്പിച്ചു. വേറെയുമുണ്ടായിരുന്നു നാടന്‍ പാട്ടുകളും ദൃശ്യശില്‌പങ്ങളും നര്‍മ്മപരിപാടികളുമൊക്കെ. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ പഠിച്ച പ്രേം പ്രസാദ്‌ തയ്യാറാക്കിയ പരിപാടി അവതരിപ്പിക്കാന്‍ റംല, ബ്രീസ്‌, രേവതി, ബിന്ദു തുടങ്ങി ഏഴു വനിതകളടക്കം 20 അംഗങ്ങളാണു സംഘത്തില്‍ ഉണ്ടായിരുന്നത്‌.
ബുധനാഴ്‌ച പള്ളിത്തുറ സ്‌ക്കൂള്‍, കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കല്‍ കോളെജ്‌ ജങ്‌ഷന്‍, വഞ്ചിയൂര്‍, പേട്ട, എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച ജാഥ വള്ളക്കടവിലാണു സമാപിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!