Section

malabari-logo-mobile

നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച മലയാളി യുവതി പരസഹായത്തിന് പോലും ആളില്ലാതെ ആശുപത്രിക്കിടക്കയില്‍

HIGHLIGHTS : ദോഹ: ഒരു വര്‍ഷം മുമ്പ് വീട്ടു ജോലിക്കായി ഖത്തറിലെത്തിയ മലയാളി യുവതി ബോണ്‍ കാന്‍സര്‍ പിടിപ്പെ

b1 copyദോഹ: ഒരു വര്‍ഷം മുമ്പ് വീട്ടു ജോലിക്കായി ഖത്തറിലെത്തിയ മലയാളി യുവതി ബോണ്‍ കാന്‍സര്‍ പിടിപ്പെട്ട് അല്‍ അമല്‍ ആശുപത്രിയില്‍ ദുരിതത്തില്‍ കഴിയുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടക്കര സ്വദേശിനി മാധവി (42) യാണ് പരസഹായം നല്‍കാന്‍ പോലും ആളില്ലാതെ  ആശുപത്രി കിടക്കയില്‍ കഴിയുന്നത്. നട്ടെല്ലിന്റെ ആറാമത്തെ അസ്ഥിസന്ധിയിലാണ് രോഗം പിടിപെട്ടത്. ഇക്കഴിഞ്ഞ മെയ് ദിനത്തിലാണ് കടുത്ത പുറംവേദനയെ തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും ഒളിച്ചോടി മാധവി അടുത്ത് താമസിച്ചിരുന്ന ഒരു മലയാളിയുടെ സഹായത്തോടെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ സമീപിച്ചത്. ആദ്യ നോട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ മലയാളി ഡോക്ടര്‍ ഇവരെ ഉടന്‍ ഹമദ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു. ഏതാനും ദിവസത്തെ ചികിത്സക്കിടെ  അരയുടെ താഴേക്ക് ശരീരം തളര്‍ന്നതോടെ എണീറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന മാധവിക്ക് തുണയായത് ആശുപത്രിയിലെ മലയാളി നഴ്‌സുമാരും കൂടെപ്പിറപ്പിനെപ്പോലെ സ്‌നേഹിച്ച ഖാദര്‍ എന്ന മധ്യവയസ്‌കനുമാണ്. ആഴ്ചകള്‍ നീണ്ട ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരു റിയാല്‍ പോലും കയ്യിലില്ലാതിരുന്ന സമയത്ത് ആശുപത്രിയിലെ ഒരു നഴ്‌സ് മുന്‍കൈ എടുത്താണ് ശസ്ത്രക്രിയക്ക് ആവശ്യമായ 35,000 റിയാല്‍ സംഘടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം പരസഹായത്തോടെ നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണിവരിപ്പോള്‍. രോഗത്തില്‍ നിന്നും താത്ക്കാലിക ആശ്വാസം ലഭിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചു പോയ മാധവിക്ക് കൂട്ടായി രണ്ടു പെണ്‍മക്കള്‍ മാത്രമാണുള്ളത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കുടുംബം എടക്കര ടൗണിലെ വാടക വീട്ടിലാണ് താമസം. അമ്മയുടെ രോഗത്തിന്റെ നിജസ്ഥിതി അറിയാതെ മക്കളായ ശാലിനി (26)യും ശാമിനി (23)യും  ദോഹയിലെ ചില സുമനസ്സുകള്‍ അയച്ചു നല്കുന്ന ചെറിയ തുക കൊണ്ടാണ് ജീവിച്ചു പോകുന്നത്. അവിവാഹിതരായ യുവതികളെ തിരിഞ്ഞു നോക്കുക പോലെ ചെയ്യാതെ മദ്യപാനിയായ അച്ഛന്‍ ഇവരുടെ സമീപ പ്രദേശത്ത് തന്നെ താമസിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദോഹയിലെത്തി ജോലി തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ പുറം വേദന തുടങ്ങിയിരുന്നുവെന്ന് മാധവി പറഞ്ഞു. വേദന കൂടിക്കൂടി വന്നപ്പോള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആരും തിരിഞ്ഞു നോക്കിയില്ല. രാവും പകലും ജോലിയെടുത്ത് തളരുന്നതിനിടെ പുറംവേദനയും ശക്തമായി. ഈ സമയത്ത് ഒരു പാരസെറ്റമോള്‍ ടാബ്‌ലറ്റ് നല്കാന്‍ പോലും സ്‌പോണ്‍സറും വീട്ടുകാരും തയ്യാറായില്ല. അസഹനീയമായ വേദന ശരീരത്തെയും മനസ്സിനെയും തളര്‍ത്തിയപ്പോഴാണ് യുവതി സമീപപ്രദേശത്ത് താമസിച്ചിരുന്ന മധ്യവയസ്‌കന്റെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) മാധവിയുടെ കാര്യം ഇന്ത്യന്‍ എംബസി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുവതിക്ക് ഇന്ത്യക്കാരുടെ ക്ഷേമത്തിനുള്ള ഫണ്ടില്‍ നിന്നും ധനസഹായം നല്കുമെന്ന് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍ അറിയിച്ചു. ഇതിനു പുറമെ ഇന്ത്യന്‍ എംബസി സൗജന്യ വിമാന ടിക്കറ്റും മാധവിക്ക് നല്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുവതിയെ  സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക്  30039424 (മാധവി),66818879  (ഖാദര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!