Section

malabari-logo-mobile

ദോഹ അല്‍വക്‌റ സൗത്ത് സെക്യൂരിറ്റി ആസ്ഥാന മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

HIGHLIGHTS : ദോഹ: അല്‍വക്‌റ സൗത്ത് സെക്യൂരിറ്റി ആസ്ഥാന മന്ദിരം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനി രാഷ്ട്രത്ത...

ദോഹ: അല്‍വക്‌റ സൗത്ത് സെക്യൂരിറ്റി ആസ്ഥാന മന്ദിരം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. പ്രധാനമന്ത്രി ആസ്ഥാന മന്ദിരത്തിലെ വിവിധ കാര്യാലയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. വക്‌റ സിറ്റിയില്‍ വുകൈര്‍ സ്ട്രീറ്റിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കേന്ദ്രം 26242 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കോംപൗണ്ടിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം 112 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പണികഴിപ്പിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തക എന്ന ലക്ഷ്യത്തോടെയാണ് സൗത്ത് സെക്യൂരിറ്റി ആസ്ഥാന മന്ദിരം അല്‍വക്‌റയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സൗത്ത് സെക്യൂരിറ്റി ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ജാസിം അല്‍ സുലൈത്തി പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വക്്‌റ, മിസൈഈദ്, മികൈനിസ് എന്നീ പ്രദേശങ്ങളടങ്ങുന്ന ഭാഗങ്ങളാണ് സൗത്ത് സെക്യൂരിറ്റി ആസ്ഥാന കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധി. ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് സേവനം ഉറപ്പ് വരുത്തുന്നതിനും എളുപ്പമാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. സ്വദേശികളുടെ പ്രത്യേക പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ സൗത്ത് സെക്യൂരിറ്റി ആസ്ഥാന കേന്ദ്രത്തില്‍ ലഭ്യമാകും. വക്‌റ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, സി ഇ ഐ ഡി ഓഫീസ്, കമ്മ്യൂണിറ്റി പൊലീസിംഗ്, സാധാരണ പൊലീസ് സ്റ്റേഷന്‍, മയക്കുമരുന്ന് തടയല്‍ കേന്ദ്രം, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍, ട്രാഫിക് തുടങ്ങി വിവിധ കാര്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. 160 തടവുകാരെ താമസിപ്പിക്കാന്‍ കഴിയുന്ന ജയിലും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ നടത്തുന്നതിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് മെയിന്റനന്‍സ് കാര്യാലയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വാഹനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കഴുകി വൃത്തിയാക്കുന്നതിനും മറ്റെല്ലാ സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇവിടെ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭൂമിക്കടിയിലായും പുറത്തായും 434 വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യാന്‍ കഴിയും. വാര്‍ത്താ സമ്മേളനത്തില്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ജാസിമിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബില്‍ഡിംഗ് അഫേഴ്‌സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് താനി ആല്‍ മുദൈക്ക, ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഖ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!