Section

malabari-logo-mobile

ദുബായ് ഷോപ്പിംങ് ഫെസ്റ്റിവല്‍…………

HIGHLIGHTS : തദ്ദേശവാസികളെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത നഗരമാണ് ദുബായ്....... ഉള്ളവരെയാകട്ടെ പ്രാദേശികഅടയാളങ്ങളോ രൂപവ്യത്യാസങ്ങളോ കൊണ്ട് തിരിച്ച...

തദ്ദേശവാസികളെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത നഗരമാണ് ദുബായ്……. ഉള്ളവരെയാകട്ടെ പ്രാദേശികഅടയാളങ്ങളോ രൂപവ്യത്യാസങ്ങളോ കൊണ്ട് തിരിച്ചറിയാനും ബുദ്ധിമുട്ട്. ചുരുക്കത്തില്‍ വന്നുചേരുന്നവരുടേയും കണ്ടുപോകുന്നവരുടേയും നഗരമാണ് ദുബായ്.
1971 എമിറേറ്റ്‌സുകളുടെ ഏകോപനത്തിനുശേഷം നാളിതുവരെ ഗ്ലാമര്‍ വിട്ടു കളിക്കാത്ത സൂപ്പര്‍ താരപരിവേഷമാണ് ദൂബായ്ക്ക്. 2008 പകുതിയോടെ വന്ന സാമ്പത്തിക മാന്ദ്യം നഗരത്തെ ആടി ഉലച്ചെങ്കിലും ടൂറിസം ഭൂപടത്തില്‍ ഈ മരുപ്പച്ചയ്ക്കുള്ള സ്ഥാനം കൈമോശം വന്നു പോയില്ല.

യു.എ.ഇയിലെ മറ്റ് ആറ് എമിറേറ്റ്‌സുകളില്‍ നിന്നും വിഭന്നമായി എണ്ണനിക്ഷേപമില്ലാത്ത എമിറേറ്റ് ആണ് ദുബായ്. വിഭിന്ന ദേശക്കാരുടെ കൊടുക്കല്‍ വാങ്ങലുകളുടെ ബ്രോക്കര്‍ സിറ്റിയാണ് ദുബായ്. അതുകൊണ്ടുതന്നെയാണ് കടലും കരയും കടന്നു വരുന്ന വിദേശികളെ ഇരു കൈ നീട്ടി നഗരം സ്വീകരിക്കുന്നത്.

sameeksha-malabarinews

ഷോപ്പിംങ് ക്യാപിറ്റല്‍ ഓഫ് മിഡില്‍ ഈസ്റ്റ്’ എന്നറിയപ്പെടുന്ന ദുബായ് എക്കാലത്തും ഷോപ്പിംങ് കുതുകികളുടെ അദ്ഭുതലോകമാണ് തന്നത് എന്നു പറയാനുള്ള ഒന്നും നഗരം അവശേഷിപ്പിച്ചിട്ടില്ല. ദുബായില്‍ തദ്ദേശവാസികള്‍ ഫുജറയിലേയും മറ്റും ഉള്‍ഗ്രാമങ്ങളിലേക്ക് ഒതുങ്ങിയതു പോലെത്തന്നെ പഴയകാല വീടുകളും ജീവിതരീതികളും ദുബായ് ഹെറിറ്റേജ് വില്ലേജിലേക്കും മ്യൂസിയത്തിലേക്കും ഒതുങ്ങിക്കഴിഞ്ഞു.

മറ്റു സംസ്‌ക്കാരങ്ങളെ സ്വീകരിക്കുന്നതു പോലെത്തന്നെയാണ് ടെക്‌നോളജിയെ സ്വീകരിക്കുന്ന കാര്യത്തിലും ദൂബായ്. യൂറോപ്യന്‍മാര്‍ വര്‍ഷങ്ങളായി പരിശ്രമിച്ചു കണ്ടെത്തിയ ടെക്്‌നോളജി ഒറ്റദിവസം കൊണ്ട് അറബി മോഹവില കൊടുത്തു വാങ്ങിക്കളയും. അതുകൊണ്ടാണ് ഏറ്റവും ഉയരംകൂടിയ കെട്ടിടവും കടലിലെ ഹോ്ട്ടലും കടലിനടിയിലെ റെസ്‌റ്റോറന്റും നടുക്കടലിലെ നഗരവും ദൂബായ്ക്ക് സ്വന്തമായത്.

നവംബര്‍ മുതല്‍ മാര്‍ച്ച് പകുതിവരെ തണുത്ത കാലാവസ്ഥയുള്ള സമയമാണ് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ ദുബായില്‍ വരുന്ന സമയം. രണ്ട് ചൂടുകാലത്തിനിടയുള്ള സാന്റവിച്ച് ടൈം. 1996ല്‍ ഈ തണുപ്പു കാലത്ത് ഒരു ഫെബ്രുവരിയില്‍ ആണ് ‘ഡിഎസ്എഫ്-ദുബായ് ഷോപ്പിംങ് ഫെസ്റ്റിവല്‍’ ദുബായിലെ ടൂറിസം വകുപ്പ് ആദ്യമായി ലോകത്തിനു മുന്‍പ് സമര്‍പ്പിക്കുന്നത്. ആദ്യത്തെ ഡിഎസ്എഫ് തന്നെ 33ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. പിന്നീട് ഓരോ വര്‍ഷവും സന്ദര്‍ശകരുടെയും സ്്റ്റാളുകളുടെയും എണ്ണം കൂടിവന്നു. ഏഴര കോടിയോളം സന്ദര്‍ശകര്‍….. നാലായിരത്തിലധികം സ്റ്റാളുകള്‍.  One World…. One Family ….One Festival എന്ന DSF മുദ്രാവാക്യം ഡിഎസ്എഫിന്റെ ഭാഗമായി മാറി. ഡിഎസ്എഫിന്റെ കുതിപ്പായിരുന്നു പിന്നെ 2008 വരെ
2008 ലെ സാമ്പത്തിക മാന്ദ്യത്തോടെ കഥമാറി. 2008 പകുതിയോടെ ദുബായ് വന്‍സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തി. നിര്‍മ്മിച്ചു കൊണ്ടിരുന്ന പല പ്രൊജക്റ്റുകളും നിര്‍ത്തിവെയ്ക്കുകയോ മറ്റു എമിറേറ്റ്‌സുകള്‍ക്ക് വില്‍ക്കുകയോ ചെയ്യേണ്ടിവന്നു. വരുംവര്‍ഷങ്ങളിലെ ഡിഎസ് എഫ് നാമമാത്ര ഉല്‍സവമായി ചുരുങ്ങി. മുന്‍വര്‍ഷങ്ങളിലെ ദീപാലങ്കാരങ്ങള്‍ക്കും മറ്റും ഗണ്യമായ കുറവുവന്നു. സാമ്പത്തികമാന്ദ്യം സൂനാമിത്തിരകള്‍ പോലെ മുന്നില്‍ ഉയരുമ്പോള്‍ എന്ത് ഷോപ്പിംങ് ഫെസ്റ്റിവല്‍. എന്നിരുന്നാലും ഷോപ്പിംങിനായി ദുബായില്‍ എത്തിചേര്‍ന്നവര്‍ക്ക് മാന്ദ്യം അനുഗ്രഹമായി മാറി. നഗരത്തിലെ ഷോപ്പിംങ് മാളുകള്‍ കൂടുതല്‍ കൂടുതല്‍ സെയില്‍ ഓഫറുകള്‍ കസ്റ്റമേഴ്‌സിനു നല്‍കിതുടങ്ങി. അന്‍പതു ശതമാനത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ട് ഒരു ഔട്ട്‌ലെറ്റും കാണാനില്ലായിരുന്നു.
ദുബായ് വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. ഡിഎസ്എഫും. ഇത്തവണ പ്രധാന ഫെസ്റ്റിവല്‍ വേദിയായ ഗ്ലോബല്‍ വില്ലേജ് 50ഓളം രാജ്യങ്ങളുടെ പവലിയനുകളുണ്ട്. 6000-ല്‍ അധികം റീട്ടെയില്‍ സ്റ്റാളുകളും. ഫെബ്രുവരി 5ന് ഡിഎസ്എഫ് അവസാനിച്ചെങ്കിലും ഗ്ലോബല്‍ വില്ലേജ് മാര്‍ച്ച് 2 വരെ തുടരും.
പക്ഷേ ഓരോ ഷോപ്പിംങ് ഫെസ്റ്റിവല്‍ കഴിയുമ്പോഴും കലാസ്വാദകരെയും കലാവസ്തുക്കള്‍ ശേഖരിക്കുന്നവരെയും പിന്നോട്ട് വലിക്കുന്ന ഒരു കാര്യമുണ്ട്. മുന്‍പ് ഓരോ രാജ്യത്തിന്റെയും പവലിയനുകള്‍ ആ രാജ്യത്തിന്റെ സാംസ്‌കാരികവും കലാപരവുമായ ജീവിതത്തിന്റെ നടുമുറി തന്നെയായിരുന്നു. പ്രത്യേകിച്ച് ഈജിപ്റ്റ്, ലെബനന്‍, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍. അതാതു രാജ്യത്തെ തനതു കലാരൂപങ്ങള്‍, കരകൗശവവസ്തുക്കള്‍, തനതു വസ്ത്രങ്ങള്‍ ഭക്ഷണങ്ങള്‍ തുടങ്ങി ഓരോ രാജ്യങ്ങളുടെ പവലിയനുകളിലെയും സന്ദര്‍ശനം അതാതു രാജ്യത്തേക്കുള്ള സന്ദര്‍ശനം പോലെ അനുഭവപ്പെട്ടിരുന്നു. ഇത്തവണ ആഫ്രിക്ക മാത്രമാണ് അത്തരത്തിലുള്ള ഒരനുഭവം സൃഷ്ടിച്ചത്. ഒരു പരിധി വരെ ഇറാനും. ബാക്കിയെല്ലാ പവലിയനുകളും ഒരേ പോലുള്ള തുണിക്കടകളായാണ് അനുഭവപ്പെട്ടത്. അതാകട്ടെ നഗരത്തിലെ നാലാംകിട മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിലവാരത്തിലുള്ളതും. സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് ഓരോ സ്റ്റാളും ഡിസൈന്‍ ചെയ്തിട്ടുള്ളത്.
2013 ദുബായിയുടെ ഭാഗ്യവര്‍ഷമായി പലരും കരുതുന്നു. ഒരു പക്ഷേ അതൊരു സ്വയം ആശ്വസിപ്പക്കലാവാം….. എന്നിരുന്നാലും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ദുബായ് സഞ്ചാരികളെ വരൂ.വരൂ… എന്നു തന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!