Section

malabari-logo-mobile

തീക്ഷ്ണ നിറങ്ങളില്‍ കാലത്തെ അടയാളപ്പെടുത്തി മുഖ്താറിന്റെ ചിത്രപ്രദര്‍ശനം

HIGHLIGHTS : തീക്ഷ്ണ നിറങ്ങളില്‍ സമകാലിക സംഘര്‍ഷങ്ങളെ തീവ്രമായി പകര്‍ത്തുന്ന ചിത്രങ്ങളുമായി മുഖ്താര്‍ ഉദരംപൊയിലിന്റെ

മലപ്പുറം: തീക്ഷ്ണ നിറങ്ങളില്‍ സമകാലിക സംഘര്‍ഷങ്ങളെ തീവ്രമായി പകര്‍ത്തുന്ന ചിത്രങ്ങളുമായി എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ഓണ്‍ലൈന്‍ ആര്‍ട്ട് എക്‌സിബിഷന്‍ തുടങ്ങി.

അക്രമരാഷ്ട്രീയവും വിദ്യാഭ്യാസവും കുടുംബവും സാമൂഹികജീവിതവും മതവും പ്രകൃതിയുമെല്ലാം പ്രമേയമാകുന്ന നൂറ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഓയില്‍ പെയിന്റിലും വാട്ടര്‍കളറിലുമുള്ള മൂര്‍ത്തവും അമൂര്‍ത്തവുമായ ചിത്രങ്ങള്‍ ഏറെ വാചാലവുമാണ്. ഗ്രാഫിക് ആര്‍ട്ടില്‍ പെട്ട ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സമകാലികം, കേരള ഇസ്‌ലാം, തിരുകേശപ്പള്ളി, വെട്ടുവഴി തുടങ്ങിയ ചിത്രങ്ങള്‍ സാമൂഹിക വിഷയങ്ങളിലുള്ള നേരിട്ടുള്ള ഇടപെടലുകളാണ്. സ്ത്രീ പീഡനവും ദാമ്പത്യപ്രശ്‌നങ്ങളും സങ്കീര്‍ണമായ ജീവിതാവസ്ഥകളെയും തീക്ഷ്ണമായിത്തന്നെ വരഞ്ഞിട്ടുണ്ട്. ശക്തമായ ആശയം അടക്കിവച്ച പ്രതികരണ സ്വഭാവമുള്ള ചിത്രങ്ങള്‍ ചിന്തകളെ അലോസരപ്പെടുത്തുന്നവയാണ്. കുളിര്‍മയുള്ള കാഴ്ചയും പ്രദര്‍ശനത്തിലുണ്ട്. സഊദിയിലെ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വരച്ച ചിത്രങ്ങള്‍ സുന്ദരവും അതിമനോഹരവുമാണ്. പ്രകൃതി ദൃശ്യങ്ങള്‍ നനവുപകരുന്നു.
മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തില്‍ കാളികാവ് ഉദരംപൊയില്‍ സ്വദേശിയായ മുഖ്താര്‍ കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ പരിശീലനം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വരച്ച കാര്‍ട്ടൂണുകളും കേഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പ്രദര്‍ശനവും ശ്രദ്ധേയമായിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ തല്‍സമയ കാരിക്കേച്ചര്‍ വരച്ചും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുകയും കാര്‍ട്ടൂണും ഇല്ലസ്‌ട്രേഷനും വരക്കുകയും ചെയ്യുന്ന മുഖ്താറിന്റെ കഥകള്‍ ഭാഷയുടെ പ്രയോഗത്തിന്റെ വൈവിധ്യം കൊണ്ടും സുന്ദരമായ ആഖ്യാനംകൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏറനാടന്‍ ഭാഷയെ സുന്ദരമായി എഴുത്തിലേക്ക് പകര്‍ത്തി എഴുതുന്ന കഥകള്‍ പ്രത്യേകം ചര്‍ച്ചയായിട്ടുണ്ട്. തന്റെ കഥകളുടെ സമാഹാരത്തിന്റെ പണിപ്പുരയിലൂമാണ് ഈ കലാകരന്‍. എഴുത്തിലെ ലാളിത്യവും പ്രാദേശിക ബിംബങ്ങളും ചിത്രങ്ങളിലേക്കും പകര്‍ത്തിയിട്ടുണ്ട്. കാളികാവ് കളര്‍മാജിക് ചിത്രകലാവിദ്യാലയത്തില്‍ അധ്യാപകനായും റിയാദ് ഖുര്‍ത്തുബ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. എഴുത്തും വരയും ഒരുപോലെ വഴങ്ങുന്ന മുഖ്താര്‍ ഇപ്പോള്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്. ബ്ലോഗര്‍ കൂടിയായ മുഖ്താറിന്റെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന് ലോകത്തിന്റെ പലകോണുകളില്‍ നിന്നായി നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദി കേരള ആര്‍ട്ടിസ്റ്റ് ഓണ്‍ലൈന്‍ ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം നടക്കുന്നത്. www.thekeralaartist.blogspot.com എന്നാണ് സൈറ്റ് വിലാസം. ഇവിടെ നിന്നും ചിത്രങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!