Section

malabari-logo-mobile

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന സജീവം; നടപടികളില്ലെന്ന് ആക്ഷേപം

HIGHLIGHTS : താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കഞ്ചാവ് ലോബിയുടെ ആധിക്യം ഭീതിയുണര്‍ത്തുന്നു. പ്രദേശത്തുകാരായ സംഘങ്ങളും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവര...

താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കഞ്ചാവ് ലോബിയുടെ ആധിക്യം ഭീതിയുണര്‍ത്തുന്നു. പ്രദേശത്തുകാരായ സംഘങ്ങളും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവരുമാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ കേന്ദ്രീകരിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. വിദ്യാര്‍ഥികളും നിര്‍മാണ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമടക്കം നിരവധി പേരാണ് കഞ്ചാവ് ലോബിയുടെ ഇരകള്‍. ജില്ലക്ക് പുറത്ത് നിന്നും കഞ്ചാവ് വാങ്ങാനായി താനൂരില്‍ എത്തുന്നവരും നിരവധിയാണ്. ലഹരിക്കടിമകളായവരുടെ ആധിക്യം കാരണം സൈ്വര്യജീവിതത്തിന് ഭീഷണിയുള്ളതായാണ് വ്യാപാരികളുടെയും യാത്രക്കാരുടേയും പരാതി. താനൂരില്‍ നിന്നും കാട്ടിലങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍  റെയില്‍വെ സ്റ്റേഷന്‍ മറികടന്ന് പോകേണ്ടി വരുന്നതിനാല്‍ ഇവിടെ തമ്പടിക്കുന്ന കഞ്ചാവ് വില്‍പനക്കാര്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂടാതെ റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡിന്റെ തെക്കുഭാഗത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങളാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികളുടെ താവളം. ഇവിടെ വ്യാജ മദ്യവില്‍പ്പനയും സജീവമാണ്. പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കാത്തതാണ് കഞ്ചാവ്് വില്‍പനക്കാര്‍ക്ക് തുണയാകുന്നത്. കൂടാതെ താനൂര്‍ വാഴക്കതെരുവ്, ഒസ്സാന്‍ കടപ്പുറം, ഒട്ടുംപുറം, കോര്‍മന്‍ കടപ്പുറം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ചില്ലറ വില്‍പ്പന നടക്കുന്നതായി സൂചനയുണ്ട്. തീരദേശത്തെ നിരവധി ചെറുപ്പക്കാര്‍ കഞ്ചാവ് ലോബിയുടെ വലയിലായിട്ടുണ്ട്.  30 മുതല്‍ 50 രൂപ വരെയാണ് പായ്ക്കുകള്‍ക്ക് ഈടാക്കുന്നത്. പരസ്യമായ വില്‍പ്പന നടന്നിട്ടും നടപടികളില്ലാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നതിന് കാരണമാകുന്നത്. കഞ്ചാവിന്റെ ഉപയോഗം മൂലം സമനില തെറ്റിയ യുവാക്കള്‍ നിരവധിയുള്ള താനൂരില്‍ വില്‍പ്പനക്കാരുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള കഞ്ചാവ് വില്‍പനക്കെതിരെ പോലീസ് അടിയന്തിരമായി രംഗത്തുവരണമെന്നാണ് ആവശ്യമുയരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!