Section

malabari-logo-mobile

ജീവിതശൈലിരോഗങ്ങള്‍ക്കെതിരെയുള്ള കര്‍മ്മപദ്ധതി ജനുവരിയില്‍: മന്ത്രി വി.എസ്‌.ശിവകുമാര്‍

HIGHLIGHTS : തിരു:കേരളം പൊതുജനാരോഗ്യരംഗത്ത്‌ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാണെങ്കിലും വര്‍ധിച്ചുവരുന്ന പ്രമേഹരോഗമുള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്...

തിരു:കേരളം പൊതുജനാരോഗ്യരംഗത്ത്‌ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാണെങ്കിലും വര്‍ധിച്ചുവരുന്ന പ്രമേഹരോഗമുള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ സൂക്ഷ്‌മത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഫാസ്റ്റ്‌ഫുഡ്‌ സംസ്‌കാരവും വ്യായാമരഹിത ജീവിതവും സാധാരണ പൗരന്റെ ആരോഗ്യത്തിന്‌ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഇവയെ ചെറുക്കുന്നതിനുള്ള ഒരു ബൃഹത്തായ കര്‍മപദ്ധതിക്ക്‌ ജനുവരി മാസത്തില്‍ സര്‍ക്കാര്‍ രൂപം നല്‍കും.
ലോക പ്രമേഹദിനത്തോടനുബന്ധിച്ച്‌ വി.ജെ.ടി.ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങളെ നേരിടാന്‍ വ്യായാമത്തിനുള്ള പങ്ക്‌ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. പലരും തങ്ങള്‍ക്ക്‌ രോഗമുണ്ടെന്ന അവസ്ഥ തിരിച്ചറിയുന്നില്ല എന്നതാണ്‌ ഏറെ സങ്കടകരമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.
കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ്‌ മിഷന്‍ ഡയറക്ടര്‍ ഗോകുല്‍, ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ഡോ.രമേഷ്‌ ആര്‍. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ഐ.ഡി. ഡയറക്ടര്‍ മീനു ഹരിഹരന്‍ വിഷയാവതരണം നടത്തി. ഡോ.ഷൈലാബീഗം, ഡോ.അനിതാ ജേക്കബ്‌, ഡോ.കെ.ജമുന, ഐഷാ ബേക്കര്‍, ഡോ.എ.വി.ജയകൃഷ്‌ണന്‍, ഡോ.ജോസ്‌ ഡിക്രൂസ്‌, ഡോ.ബി.ഉണ്ണികൃഷ്‌ണന്‍, ജോണ്‍ ജി.കൊട്ടറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ.ബിപിന്‍ കെ.ഗോപാല്‍ കൃതജ്ഞത രേഖപ്പെടുത്തി. 10 മണി മുതല്‍ ബോധവത്‌കരണ സെമിനാര്‍ നടന്നു. തുടര്‍ന്ന്‌ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രമേഹ രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!