Section

malabari-logo-mobile

ജില്ലയില്‍ പേവിഷബാധ കേസുകള്‍ വര്‍ധിക്കുന്നു

HIGHLIGHTS : ജില്ലയില്‍ പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. 2015 ല്‍ 4,878 കേസുകളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ...

dogജില്ലയില്‍ പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. 2015 ല്‍ 4,878 കേസുകളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2016 ജനുവരി മുതല്‍ ഫെബ്രുവരി വരെ 1,220 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വന്‍വര്‍ധനയാണ്‌ പേ വിഷബാധിതരുടെ എണ്ണത്തിലുണ്ടായത്‌. കണക്കുകള്‍ പ്രകാരം ഒരുദിവസം ഏകദേശം 14 ഓളം കേസുകളാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ പേപ്പട്ടി വിഷബാധയേല്‍ക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ട്‌.
നായ, കുറുക്കന്‍, വവ്വാല്‍, പെരുച്ചാഴി, വന്യമൃഗങ്ങള്‍ എന്നിവയില്‍ നിന്നും പേവിഷ ബാധയേല്‍ക്കാം. അതിനാല്‍ ഇത്തരം ജീവികളുമായുളള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. പേവിഷം തലച്ചോറിനെ ബാധിക്കുന്നതിനാല്‍ എത്രയും പെട്ടന്ന്‌ രോഗിക്ക്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ഉമര്‍ ഫാറൂഖ്‌ അറിയിച്ചു.
പേവിഷബാധയെ നേരിടേണ്ട വിധം
നായ, പൂച്ച തുടങ്ങിയവയുമായി ഇടപെടുമ്പോള്‍ ഇവയുടെ ഉമിനീര്‍ ശരീര ഭാഗങ്ങളിലായാല്‍ സോപ്പ്‌ ഉപയോഗിച്ച്‌ ആ ഭാഗം 10-15 മിനുട്ട്‌ നന്നായി കഴുകണം. മൃഗങ്ങളുടെ പല്ലോ നഖമോ തട്ടി പോറല്‍ ഏല്‍ക്കുകയാണെങ്കില്‍ ഐ.ഡി.ആര്‍.വി. കുത്തിവെയ്‌പ്പും ടി.ടി. കുത്തിവെപ്പും എടുക്കണം. 0,3,7,28 ദിവസങ്ങളിലാണ്‌ ഐ.ഡി.ആര്‍.വി. കുത്തിവെപ്പ്‌ എടുക്കേണ്ടത്‌. രണ്ടു തോളുകളിലും 0.1 മില്ലി വീതമാണ്‌ നല്‍കുക. കമ്മ്യൂനിറ്റി ഹെല്‍ത്ത്‌ സെന്ററുകള്‍, താലൂക്ക്‌ ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മരുന്ന്‌ ലഭ്യമാണ്‌.
എന്നാല്‍ കണ്ണ്‌, മൂക്ക്‌, വായ്‌ എന്നീ ഭാഗങ്ങളില്‍ മൃഗങ്ങളുടെ ഉമിനീരായാലോ മൃഗങ്ങളുടെ കടിയേറ്റ്‌ രക്തം വരികയാണെങ്കിലോ ടി.ടി. കുത്തിവെയ്‌പ്പ്‌, ഐ.ഡി.ആര്‍.വി. കുത്തിവെയ്‌പ്പ്‌, എ.ആര്‍.എസ.്‌ കുത്തിവെയ്‌പ്പ്‌ എന്നിവ എടുക്കണം. എആര്‍എസ്‌ കുത്തിവെയ്‌പ്പ്‌ ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്‌. കഴിയുന്നതും വേഗത്തില്‍ കുത്തിവെയ്‌പ്പുകള്‍ എടുക്കുകയാണ്‌ പേവിഷബാധ തടയുന്നതിനുള്ള മാര്‍ഗം. പേവിഷബാധയേറ്റെന്ന്‌ സംശയമുള്ള പശുവിന്റെ പാല്‍ 60 സെന്റി ഗ്രേഡില്‍ ചൂടാക്കുകയാണെങ്കില്‍ പേവിഷബാധയുടെ വൈറസ്‌ നശിക്കുന്നതാണ്‌. മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പേവിഷ ബാധക്കുളള കുത്തിവെയ്‌പ്പുകള്‍ സൗജന്യമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!