ഖത്തറില്‍ സര്‍ക്കാര്‍ വകുപ്പ്‌ പുനഃസംഘടന;ജീവനക്കാരുടെ തൊഴില്‍ നഷ്ടമാവില്ല

Story dated:Monday February 1st, 2016,04 23:pm
ads

Untitled-1ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ വകുപ്പികളുടെ പുനഃസംഘടനയെ തുടര്‍ന്ന്‌ നിലവിലുള്ള ജീവനക്കാര്‍ക്ക്‌ ജോലി നഷ്ടമാകാന്‍ സാധ്യതയില്ലെന്ന്‌ റിപ്പോര്‍ട്ട്‌. പകരം ബന്ധപ്പെട്ട വകുപ്പുകളില്‍ തന്നെ ഇവരെ പുനര്‍വിന്യസിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്‌ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ്‌ ഈ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക്‌ അനുകൂലമായ തീരുമാനമുണ്ടാകുമന്നെ സൂചനകള്‍ പുറത്തുവന്നത്‌.

ജീവനക്കാരെ നിലവിലുള്ള പദിവികളില്‍ തന്നെ നിലനിര്‍ത്തുകയോ ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളിലേക്ക്‌ സ്ഥലം മാറ്റുകയോ ചെയ്യാനാണ്‌ സര്‍ക്കാര്‍ അലോചിക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടാഴ്‌ചക്കകം മന്ത്രാലയങ്ങളിലെ പുതിയ അണ്ടര്‍ സെക്രട്ടറിമാരെയും അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറിമാരുടെയും പേരുവിവരങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇവര്‍ ചുമതലയേറ്റതിന്‌ ശേഷമായിരിക്കും ജീവനക്കാരുടെ പുനര്‍വിന്യാസവും മറ്റും തീരുമാനിക്കുക എന്നാണു സൂചന. അതേസമയം ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌ കെയര്‍ കോര്‍പ്പറേഷന്‍ എന്നിവ പുനസംഘടിപ്പിച്ചത്‌ വിദേശ ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. ഇരു വിഭാഗങ്ങളുടെയും അഡ്‌മിനിട്രേറ്റീവ്‌ വിഭാഗങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. നിലവില്‍ പലര്‍ക്കും പിരിച്ചുവിടല്‍ ഉത്തരവ്‌ ലഭിച്ച സാഹചര്യത്തില്‍ വകുപ്പുകളുടെ ഏകോപനം കൂടി വന്നതോടെ ഈ വകുപ്പുകളിലെ പിരിച്ചുവിടലുകളുടെ എണ്ണം വര്‍ധിക്കുമോ എന്ന ആശങ്കയിലായിരുന്നു പലരും.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പെടെയുള്ള നിരവധി ജീവനക്കാര്‍ക്കാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ ഉത്തരവ്‌ ലഭിച്ചത്‌. അതെസമയം വരുന്ന മാര്‍ച്ചില്‍ കമ്പനികളടെ ബജറ്റ്‌ വരുന്നതോടെ സ്വകാര്യ മേഖലയിലും ജീവനക്കാരുടെ പിരിച്ചുവിടലും പുനര്‍വിന്യാസവും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്‌.