Section

malabari-logo-mobile

ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പാക്‌ സ്വദേശിയുടെ വധശിക്ഷ ശരിവെച്ചു

HIGHLIGHTS : ദോഹ: ഖത്തരി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാക് സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. ഖത്തരി വൃദ്ധയെ ക്രൂരമായി കൊല്ലപ്പെടുത്തിയെന്...

ദോഹ: ഖത്തരി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാക് സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. ഖത്തരി വൃദ്ധയെ ക്രൂരമായി കൊല്ലപ്പെടുത്തിയെന്ന് കണ്ടെത്തിയാണ് കീഴ്‌ക്കോടതി പാക് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ തള്ളിയതായി പ്രാദേശിക അറബിപത്രം അര്‍റായ റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷ നടപ്പാക്കുന്ന സൈനിക വിഭാഗത്തിനാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവാദിത്വം.  അതേസമയം കോടതി ഉത്തരവ് അതേപടി നടപ്പാകുമോയെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഖത്തറില്‍ ഒരുതരത്തിലുമുള്ള വധശിക്ഷയും നടപ്പാക്കിയിട്ടില്ല. തെളിവുകളെല്ലാം പ്രതിക്ക് എതിരാണെന്ന് കീഴ്‌കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല കേസ് കോടതി പരിഗണിച്ച ഘട്ടത്തില്‍ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തരി വൃദ്ധയെ അവരുടെ വസതിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.  അന്വേഷണത്തെത്തുടര്‍ന്ന് വീട്ടിലെ പൂന്തോട്ടക്കാവല്‍ക്കാരനായ പാകിസ്ഥാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. ജൂണ്‍ 26ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പാകിസ്ഥാന്‍ സ്വദേശിയായ പ്രതിയുടെ സ്‌പോണ്‍സറുടെ സഹോദരിയാണ് കൊല്ലപ്പെട്ട വൃദ്ധ. തന്നോട് മോശമായും ക്രൂരമായും പെരുമാറിയതിന് പകരംവീട്ടാനായാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട പാനലിനു മുമ്പാകെ സമ്മതിച്ചിരുന്നു. ഒരു ഫാമിലെ ജോലിക്കാരനായിരുന്നു 34കാരനായ  പാകിസ്ഥാന്‍ സ്വദേശി.

sameeksha-malabarinews

സ്‌പോണ്‍സറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സഹോദരിയുടെ വസതിയില്‍പോയി പൂന്തോട്ട ജോലികള്‍ ചെയ്തിരുന്നു. 68 വയസുള്ള വൃദ്ധ തനിച്ചായിരുന്നു വസതിയില്‍ താമസിച്ചിരുന്നത്. വൃദ്ധ പാകിസ്ഥാനിയെ നിരന്തരം അപമാനിച്ചിരുന്നതായും ശകാരിക്കുകയും ചെയ്തിരുന്നതായും അര്‍റായ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ പ്രശ്‌നത്തിലിടപെടുകയും സഹോദരിക്കുവേണ്ടി മാപ്പ് ചോദിക്കുകയും ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ വൃദ്ധയോടുള്ള ദേഷ്യം അടക്കാനാവാതെ പ്രതി കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. രാവിലെ വൃദ്ധ പൂന്തോട്ടത്തില്‍ വെള്ളം തളിക്കവെ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!