Section

malabari-logo-mobile

കഥ

HIGHLIGHTS : എന്‍ കൗണ്ടര്‍ സുദര്‍ശനന്‍ കോടത്ത് “നിങ്ങളാരാണ്”

എന്‍ കൗണ്ടര്‍

സുദര്‍ശനന്‍ കോടത്ത്

“നിങ്ങളാരാണ്”

sameeksha-malabarinews

“ഞാന്‍ സെക്യുലോ ഫെര്‍ണാണ്ടസ്”
വാതില്‍ തുറന്നപ്പോള്‍ തണുത്തക്കാറ്റ് ചിതറി വന്നു. വിയര്‍പ്പില്‍ കുളിച്ച് വെളുത്ത ഷര്‍ട്ടിട്ട ഒരാള്‍. മെലിഞ്ഞരൂപം. തിളങ്ങുന്ന കണ്ണുകള്‍. ഹോട്ടല്‍ മുറിയിലെ തണുപ്പിലും അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ട്.
“നിങ്ങളാരാണ്”
“ഞാന്‍ പറഞ്ഞല്ലോ സെക്യുലോ ഫെര്‍ണാണ്ടസ്”
അയാള്‍ മുറിയില്‍ കണ്ണോടിച്ചുകൊണ്ടുനിന്നു. ഇയാളെന്തിനാണ് ആരോടും സമ്മതം ചോദിക്കാതെ ഇത്ര കൃത്യമായി എന്റെ മുറിയിലേക്ക് തന്നെ കയറിവന്നിരിക്കുന്നു. ആരുടെയും ശല്ല്യമില്ലാതെ ഒരു ദിവസമെങ്കിലും താമസിക്കാം എന്നു കരുതിയാണ് സാമ്പത്തികഞെരുക്കത്തിനിടയിലും ഈ നഗരത്തില്‍ ഒറ്റമുറിയെടുത്തത്. ഇതിനിടയില്‍ എനിക്കറിയാത്ത ഒരാള്‍ ഇത്ര അധികാരഭാവത്തോടെ എന്നെത്തേടി ഇവിടെ വരേണ്ട ആവശ്യമെന്താണ്. ഇക്കാലത്ത് ഒരു പരിചയവുമില്ലാത്ത ആളുകളോട് സംസാരിക്കുന്നതുതന്നെ അപകടമാണ്. ആദ്യമൊന്ന് സ്വയം പരിചയപ്പെടുത്തി നോക്കാം.
“ഞാന്‍ സെക്കീര്‍. ഒരു നാടക പ്രവര്‍ത്തകനാണ്. തൃശ്ശൂരാണ് വീട്. പുതിയ നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് ഈ നഗരത്തിലെത്തിയതാണ് ഇനി നിങ്ങളാരാണെന്ന് പറയൂ.”

“ഞാന്‍ സെക്യുലോ ഫെര്‍ണാണ്ടസ്. ചിത്രം വരയ്ക്കാനറിയാം. മറ്റൊന്നും എന്റേതല്ല. എന്റെ മതം പോലും”.
“എന്തോ വിത്യസ്തത തോന്നുന്നുണ്ട്. വാക്കുകള്‍ക്ക് മാത്രമല്ല മുഖത്തിനും”.
“നിങ്ങളിരിക്കൂ”

കേട്ടയുടനെ അയാള്‍ മുമ്പിലുണ്ടായിരുന്ന കസേരയില്‍ ധൃതിയില്‍ ഇരുന്നു. കയ്യിലിരുന്ന ബാഗ് മേശപ്പുറത്ത് വയ്ക്കുന്നതിനിടെ പറഞ്ഞു.
“എന്റെ ഒരാഗ്രഹമാണ് സ്‌നേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരു ചിത്രം വരയ്ക്കണമെന്ന്”
“മനസ്സിലായില്ല”
“നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ മരണത്തെപറ്റിയാണ് എനിക്ക് വരയ്ക്കാനുള്ളത്. സ്‌നേഹനിരാസം കാരണം പലവിധത്തില്‍ കമിഴ്ത്തിക്കിടത്തിയും കുടല്‍മാല പുറത്തുചാടിയും മരിച്ചു കിടക്കുന്നവര്‍ ഇന്‍ഡ്യന്‍ ആര്‍ട്ടിലെ പുതിയ വറൈറ്റികളാണ്:”
“നിങ്ങളുടെ വീടെവിടെയാണ്. നിങ്ങളെന്തിനാണ് എന്റെ അടുത്തേക്ക് വന്നത്.”

“അബൂബക്കര്‍ നഗര്‍ എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്. എന്റെ വീടിന്റെ പടിഞ്ഞാറ് പുഴയാണ്. ഈ പുഴ കടക്കാണ് അബൂബക്കറിന്റെ ജഡം ആളുകള്‍ ചുമലിലേറ്റികൊണ്ടുവന്നത്. നിങ്ങള്‍ക്ക് അബൂബക്കറിക്കാനേ അിറയില്ലേ.”
“ഇല്ല”
“എന്റെ ബാപ്പയുടെ കൂട്ടുകാരനായിരുന്നു. മരണത്തിന്റെ വെളുത്ത മാലാഖമാര്‍ അബൂബക്കറിക്കാനെ പ്രണയിച്ചിരുന്നു. പ്രണയം കലശലായപ്പോള്‍ ഒരു രാത്രി തിരക്കുള്ള മുബൈ നഗരത്തില്‍ മാലാഖമാര്‍ രാക്ഷസന്‍മാരായി. അവരുടെ കൈകളില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു. വാളുകളില്‍ രക്തതുള്ളികള്‍ പറ്റിപ്പിടിച്ച കറയുണ്ടായിരുന്നു. കൈകളില്‍ നിറയെ ആരുടെയോ തട്ടിപ്പറിച്ചതാണെന്ന് തോന്നുന്ന സ്വര്‍ണ്ണാഭരണങ്ങള്‍. നഗരത്തിലെ മിഠായിക്കടയുടെ മുന്നില്‍ വച്ച് അവര്‍ അബൂബക്കറിക്കാനെ കണ്ടു സംഘത്തില്‍ നിന്ന് ഒരാള്‍ ചോദിച്ചു.”

“നാം ക്യാ ഹെ….”
“അബോക്കറ്:”
ഇതോടെ രണ്ടാമത്തെ രാക്ഷസന്‍ വാളില്‍ ഒന്നുകൂടി പിടിമുറുക്കു ഉറക്കെ വിളിച്ചു പറഞ്ഞു
“ഉസ്‌ക്കോ പക്കഠോ …:”
ഇതോടെ എല്ലാവരും ഒറ്റക്കുതിപ്പായിരുന്നു. അബൂബക്കറിക്ക ഓടി. പിന്നാലെ രാക്ഷസന്‍മാരും. നഗരത്തിലെ പൂന്തോട്ടത്തുന്റെ നടുവുല്‍വച്ച് അവര്‍ അബൂബക്കറിക്കാനെ പിടികൂടി. കൈകള്‍ കൂട്ടീകെട്ടി നാട്ടിലെ ഉമ്മയെക്കുറിച്ചും കുട്ടികളെക്കുറിച്ചും പെങ്ങളെക്കുറിച്ചും രണ്ടുപേര്‍ മലയാളത്തിലും ഹിന്ദിയിലുമായി ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഒരു സംഘം പിറകിലൂടെ മാറി അബൂബക്കറിക്കാന്റെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കാല്‍മുട്ടിലും വയറ്റിലും വാളുകൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. പൂന്തോട്ടത്തിലെ പൂക്കള്‍ക്കിടയില്‍ ചോരവാര്‍ന്ന് അബൂബട്ടറിക്ക നിശ്ചലമായി കിടന്നു. ചോരയും പൂക്കളും പച്ചപ്പടര്‍പ്പും ഇടകലര്‍ന്ന ഇന്ത്യന്‍ ആര്‍ട്ടിലെ പുതിയ പരീക്ഷണ ചിത്രം പോലെ അബൂബക്കറിക്ക കിടക്കുമ്പോള്‍ അക്രമസംഘത്തില്‍ പെട്ടവര്‍ അച്ചടക്കത്തോടെ പൂന്തോട്ടങ്ങള്‍വെട്ടി നശിപ്പിക്കുകയായിരുന്നു. ഒരോ പൂവിന്റെയും കവിളുകള്‍ അവര്‍ മാന്തിയെറിഞ്ഞു. ചിലതിനെ വേരോടെ പിഴുതെറിഞ്ഞു. ചിത്രശലഭങ്ങളുടെ ചിറകില്‍ നിന്ന് ചോരയൊഴുകിയപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു എനിക്ക് ചിത്രശലഭത്തിന്റെ ചോരമതി എന്ന്. നാട്ടില്‍ ഒരുത്സവനാളില്‍ വെളുത്ത വസ്ത്രത്തില്‍പൊതിഞ്ഞ് പുഴ കടന്ന് അബൂബക്കറിക്കായുടെ ജഡം കൊണ്ടുവന്നു. ‘ദൈവം ചാത്തുക്കുട്ടി’ എന്നു വിളിക്കുന്ന ചാത്തുക്കുട്ടി ഗുരുക്കളുടെ തറവാട്ടുക്ഷേത്രമായ കരിങ്കുട്ടിക്കാവില്‍ അന്ന് ഉത്സവമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ കൊടിവരവിന്റെ കൂടെ ചാടിക്കളിച്ചുകൊണ്ടിരുന്നു. വരവിലെ ഹനുമാന്റെ വേഷം കെട്ടിയത് കുഞ്ഞിക്കിളിയന്‍ ചേട്ടനായിരുന്നു. ഗദ ചുഴറ്റിയും വാലിളക്കിയും മലക്കം മിറഞ്ഞും മരത്തില്‍ ചാടികയറിയുമൊക്കെ കുഞ്ഞിക്കിളിയന്‍ ചേട്ടന്‍ ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ജുബൈലത്താത്താന്റെ വീടിന്റെ മുന്നില്ലെത്തിയപ്പോള്‍ ഞങ്ങള കണ്ടത് അതുവരെ ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഹനുമാന്‍ നിലത്തിരുന്ന് പൊട്ടിക്കരയുന്നതാണ്. ഒരു കയ്യില്‍ ഗദയും മറു കയ്യില്‍ ഹനുമാന്റെ ഊരിയെടുത്ത മുഖവുമായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിക്കിളിയന്‍ ചേട്ടന്‍ അബൂബക്കറിക്കാന്റെ പ്രിയസ്‌നേഹിതരില്‍ ഒരാളായിരുന്നു. വന്‍മലയുയര്‍ത്തി അമ്മാനമാടുന്ന ഹനുമാനും കരയുമോ അബൂബക്കറിക്ക മരിച്ചാല്‍ എന്നുള്ള ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരം കിട്ടിയിരുന്നില്ല.

സെക്യൂലോ അല്‍പ്പനേരം നിര്‍ത്തിയതിന്‌ശേഷം സെക്കീറിനെ നോക്കി.
അയാളെന്തിനാണ് ഇതൊക്കെ എന്നോട് പറയുന്നതെന്ന് സെക്കീര്‍ ആലോചിച്ചു. വാതോരാതെ സംസാരിക്കുന്ന പ്രകൃതമാണെന്ന് തോന്നുന്നു. സംസാരിക്കുമ്പോള്‍ ഇടക്ക് വിക്ക് ഉള്ളതുപോലുണ്ട്. നന്നായി വിറക്കുന്നതുകൊണ്ട് തോന്നുന്നതായിരിക്കും താടിവളര്‍ത്തിയതുകൊണ്ട് ചുണ്ടിന്റെ വിറയല്‍ പെട്ടെന്ന് മനസിലാകുന്നുണ്ട്. ഏതായാലും ഇയാളെ അധികനേരം മുറിയിലിരുത്തുന്നതു ശരിയല്ല. എന്ത് പറഞ്ഞാണ് ഇയാളെ ഒഴിവാക്കുക.
“നാളെ നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങാനുള്ളതാണ്. ഒരുപാട് കാര്യങ്ങള്‍ ശരിയാക്കാനുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഞാനിവിടെ മുറിയെടുത്തതും”
പെട്ടെന്ന് സെക്യുലോയുടെ മുഖം മാറി. ചുണ്ടുകള്‍ കൂടുതല്‍ വിറച്ചു. കണ്‍പ്പീലികള്‍ ധൃതിയില്‍ അടച്ചുതുറക്കാന്‍ തുടങ്ങി. അയാള്‍ ആരോടൊന്നില്ലാതെ കണ്ണുരുട്ടി. പിന്നെ എഴുന്നേറ്റ് ബാഗ് തുറന്നു. ഒരു സിഗരറ്റിന് തീകൊളുത്തി. എന്റെ അരികില്‍ വന്നിരുന്നു. അയാളുടെ ഭാവമാറ്റം സെക്കീറില്‍ ഭയമുയര്‍ത്തി. ഇയാളുടെ പക്കല്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫ്്‌ളാറ്റിന്റെ താഴത്തെ നിലയില്‍നിന്നും വാഹനത്തിന്റെ ഇരമ്പവും ബഹളവും കേള്‍ക്കാമായിരുന്നു. അല്പനേരം കഴിഞ്ഞ് സെക്യുലോ സാധാരണ നിലയിലായി പിന്നെ ചോദിച്ചു.
“നിങ്ങള്‍ വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് കേട്ടിട്ടില്ലേ”
“ഉണ്ട്”
“ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. ചെറുപ്പത്തില്‍ മിശ്രവിവാഹിതരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഒറ്റപ്പാലത്തുവന്നപ്പോള്‍ ഞാന്‍ ബാപ്പയുടെ കൈ പിടിച്ച് പോയിരുന്നു. ഞാനന്ന് ചെറിയ കുട്ടിയായിരുന്നു.”
എന്നോട് ഇതെല്ലാം പറഞ്ഞിട്ട് എന്തുകാര്യം എന്ന് ചോദിക്കാനാഞ്ഞതാണ്. പക്ഷെ പറയുന്നത് ശരിയല്ലല്ലോ എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ആളുകളോട് വെറുതെ ഒരു കാര്യവും സംസാരിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍. അങ്ങനെയുള്ള എന്റെ മുറി തിരഞ്ഞുപിടിച്ച് ഇയാള്‍ കയറിവന്നതെന്തിനാണ്. ഇനി മറ്റ് വല്ല ലക്ഷ്യവും. ഒന്ന് എഴുന്നേറ്റ് അപ്പുറത്തേക്ക് മാറിയിരിക്കാനുള്ള സാവാകാശം പോലും ഇയാള്‍ തരുന്നില്ല. അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ ഞാന്‍ മനപ്പൂര്‍വ്വം പറഞ്ഞു.
“നമുക്കല്പം പുറത്തിരിക്കാം. ഇഷ്ടമാണെങ്കില്‍ ഒരു ചായ കഴിച്ച്. ..:”
“വേണ്ട ഞാനിപ്പോള്‍ കഴിച്ചതേയൊള്ളൂ. സാറിന് മുഷിയുന്നുണ്ടോ ?”
“ഹേയ്”
“എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. എങ്കിലും താങ്കള്‍ മനസ്സിലാക്കാന്‍ വേണ്ടി പറയുകയാണ്”
അയാള്‍ വീണ്ടും കസേരയില്‍ നിന്നെഴുന്നേറ്റ് ബാഗ് തുറന്നു. ഒരു കവറെടുത്ത് എന്റെ നേരെ നീട്ടി.
“ബാഗ്‌ളൂരില്‍ നിന്നും എയര്‍നോട്ടിക്‌സ് എഞ്ചിനിയറിംഗ് റാങ്കോടെ പാസായതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. പിന്നീട് ഡല്‍ഹിയിലെ വിമാനകമ്പനിയില്‍ ഉന്നതമായ ജോലി ലഭിച്ചിട്ടും ഞാന്‍ സ്വീകരിക്കാതിരുന്നത് ചിത്രകലയോടുള്ള താല്‍പര്യം കാരണമായിരുന്നു. .യുവാവായിരിക്കുമ്പോള്‍ സിനിമയിലും കമ്പമുണ്ടായിരുന്നു. ആദ്യമൊക്കെ ജയഭാരതിയുടെയും ശ്രീവിദ്യയുടെയും പടങ്ങളായിരുന്നു എനിക്കിഷ്ടം മുതിര്‍ന്നപ്പോള്‍ അടൂരും അരവിന്ദനുമായി. പിന്നെ ജോണ്‍ എബ്രഹാം. ഇപ്പോ ഞാന്‍ പടമേ കാണാറില്ല. താങ്കളോ:”
“വല്ലപ്പോഴും:”
ഈശ്വരാ… ഇത് പിടിവിടുന്ന ലക്ഷണമില്ല. മനുഷ്യന്റെ ക്ഷമപരീക്ഷിക്കാനായി പിറന്നതാണോ ഇയാള്‍ ഏതായാലും ഇനി കാത്തു നിന്നിട്ട് കാര്യമില്ല. പറയാനുള്ളതു പറയുകതന്നെ.
“സെക്യുലോ… ഒരു കാര്യം ..:”
പറയാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു.
“ഹലോ സെക്കീര്‍ സാറല്ലേ:”
“അതെ”
“റിസപ്ഷനില്‍ നിന്നാണ്. പോലീസ് റെയ്ഡ് ചെയ്യാന്‍ എത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. സാറിന്റെ മുറിയില്‍ അസ്വാഭാവികമായി എന്തെങ്കിലും…:”
“നോ …താങ്ക്‌സ്”
ഫോണ്‍ ഓഫാക്കി മുഖമുയര്‍ത്തിയപ്പോള്‍ അയാള്‍ തുടര്‍ന്നു.
“ആരെയും ദ്രേഹിക്കുന്നത് എനിക്ക് ഇഷ്ടമല്ല സാര്‍….കുന്നംകുളത്ത് ഒരു നബീസത്താത്തയുണ്ടായിരുന്നു. എന്റെ ഉമ്മ മരിച്ചതിന് ശേഷം എനിക്ക് സ്‌നേഹം തന്ന് വളര്‍ത്തിയത് അവരായിരുന്നു. ചെറുപ്പത്തില്‍ ഞാനിടയ്ക്ക് അവരുടെ വീട്ടില്‍ പൊയിരുന്നു. മുതിര്‍ന്നപ്പോള്‍ പിന്നെ പോകാറില്ല… ഞങ്ങളുടെ സമുദായത്തില്‍ …”
പുറത്താരുടെയോ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ സംസാരം നിര്‍ത്തി.
“ആരാണ്”
അയാള്‍ ചോദിച്ചു.
“പോലീസായിരിക്കും:”
“പോലീസോ !!”
അയാള്‍ ഞെട്ടിയെണീറ്റു. അയാളുടെ കണ്ണുകള്‍ ചുവന്നു തുടുത്തു. മുഖം വിളറി. പിന്നെ ഞൊടിയിടകൊണ്ട് തന്റെ ബാഗെടുത്ത് തോളിലിട്ടു. അയാള്‍ സെക്കീറിനെ തുറിച്ചു നോക്കിനിന്നു.
“എന്താ…എന്തുപറ്റി ‘
അയാള്‍ വാതിലിന്റെ അരികില്‍ ചുമര്‍ചാരിനിന്ന് ചൂണ്ടുവിരല്‍കൊണ്ട് ചുണ്ടമര്‍ത്തി മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ഇതിനിടയില്‍ കൊളിംഗ്‌ബെല്‍ പലപ്രാവശ്യം ശബ്ദിച്ചിരുന്നു. വാതില്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാള്‍ ഒരുതടസ്സമായി നിന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ വാതിലിന് പുറത്തുനിന്ന് ശക്തിയായി ഇടി തുടങ്ങി. പിന്നെ വലിയ ശബ്ദത്തോടെ വാതില്‍ അടര്‍ന്നു വീണു. വാതില്‍ ചവുട്ടിത്തുറന്ന് പോലീസുകാര്‍ അകത്തെത്തി. മുമ്പിലുണ്ടായിരുന്ന പോലീസുകാരന്‍ സെക്യൂലോ ഫെര്‍ണാണ്ടസിനുനേരെ തന്റെ റിവോള്‍വര്‍ നീട്ടിപ്പിടിച്ചു സെക്യുലോ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്താണു സര്‍:”
ഇതിനിടെ പിറകിലുണ്ടായിരുന്ന എസ്.ഐ മുന്നിലേക്ക് കടന്നുനിന്ന് സെക്യുലൊയുടെ നേര്‍ക്ക് നിറയൊഴിച്ചു. അയാള്‍ നെഞ്ച് പൊത്തിപിടിച്ച് നിലത്തുവീണു പിടഞ്ഞു. നെഞ്ചില്‍ നിന്നും ചീറ്റിയ ചോര ഒരു ചിത്രം പോരെ നിലത്ത് പടരന്നു. എസ്.ഐ പെട്ടെന്ന് വെട്ടിതിരിഞ്ഞ് സെക്കീറിന്റെ നെഞ്ചിനുനേരെ റിവോളവര്‍ പിടിച്ചുചോദിച്ചു.
“അടുത്ത ഓപ്പറേഷനു പ്ലാന്‍ ചെയ്യുകയാണല്ലേ റാസ്‌ക്കല്‍….കയറടാവണ്ടിയില്‍…:”
“സര്‍….ഞാന്‍….നാടകം….”
“നാടകംമോ ഇപ്പൊ സീരിയലല്ലേയൊള്ളൂ ഒരക്ഷരം മിണ്ടരുത്. ബാക്കി കോടതിയില്‍പ്പറഞ്ഞാല്‍ മതി. ഒന്നുകില്‍ നീയും പ്രതി…. അല്ലെങ്കില്‍ സാക്ഷി….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!