Section

malabari-logo-mobile

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എം എല്‍ എയുടെ ശ്രമമെന്ന്; താനൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് സംവിധാനം തകര്‍ച്ചയിലേക്ക്

HIGHLIGHTS : താനൂര്‍: വര്‍ഷങ്ങളായി ഉള്‍പ്പോരില്‍ കുടുങ്ങി

താനൂര്‍: വര്‍ഷങ്ങളായി ഉള്‍പ്പോരില്‍ കുടുങ്ങി യു ഡി എഫ് സംവിധാനം തകര്‍ച്ചയിലായ താനൂരില്‍ മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് പുതിയ പോരിന് തുടക്കമിട്ടു. മിതഭാഷികളായ നേതാക്കള്‍പോലും ലീഗിന്റെ അവസരവാദനിലപാടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന തുറന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഇതോടെ താനൂരില്‍ യു ഡി എഫിനകത്ത് ചേരിപ്പോര് മറനീക്കി പുറത്തെത്തി. സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തുന്ന മാനിഷാദ ക്യാമ്പയിനിന് മണ്ഡലത്തിലെ പരിപാടിയില്‍ നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നതാണ് മുന്നണി സംവിധാനത്തിന് പരിക്കേല്‍പ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. കടുത്ത ഭാഷയിലാണ് ഇതുസംബന്ധിച്ച് തിരൂരിലെ സ്വകാര്യ ചാനലില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചത്. താനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ രാജന്‍, പൊന്മുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി വാസുദേവന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാജി പൊന്മുണ്ടം എന്നിവരാണ് ലീഗ് നിലപാടിനെതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങളുയര്‍ത്തിയത്.
മാനിഷാദ ക്യാമ്പയിന്‍ സംബന്ധിച്ച് രണ്ട്തവണ കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ബന്ധപ്പെട്ടിരുന്നതായി ഇവര്‍ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലഭിക്കാത്തതാണ് ലീഗ് ബഹിഷ്‌ക്കരണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയെങ്കില്‍ മണ്ഡലത്തില്‍ യു ഡി എഫ് സംവിധാനത്തിന്റെ ആവശ്യമെന്താണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാജി പൊന്മുണ്ടം ചോദിച്ചു. മണ്ഡലത്തില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് എം എല്‍ എയും ലീഗും ശ്രമിക്കുന്നത്. ലീഗിനെ മാറ്റിനിര്‍ത്തി യു ഡി എഫ് സംവിധാനം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ലീഗ് ഈ നിലപാട് തുടര്‍ന്നാല്‍ യു ഡി എഫ് സംവിധാനം നിലനില്‍ക്കുന്ന ഒഴൂര്‍, താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
വര്‍ഷങ്ങളായി ലീഗിനൊപ്പം വേദി പങ്കിട്ട താനൂരിലെ ഔദ്യോഗിക നേതൃത്വം തങ്ങള്‍ക്കെതിരെ തിരിഞ്ഞത് ലീഗ് ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പരിഗണിക്കാത്ത ലീഗ് നിലപാടില്‍ പോലും അമര്‍ഷം രേഖപ്പെടുത്താത്ത നേതാക്കളാണ് പുതിയ അങ്കത്തട്ട് തുറന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഒരു മാസം മുമ്പ് ഒസാന്‍കടപ്പുറത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയപ്പോള്‍ ലീഗ് അംഗങ്ങളുമായി കൈയാങ്കളി നടന്നിരുന്നു. കൂടാതെ അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിയുയര്‍ത്തി 100 കണക്കിന് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഇത് ലീഗിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് പരസ്പരം വിമര്‍ശനങ്ങളുയര്‍ത്തിയും ആരോപണങ്ങളുയര്‍ത്തിയും ഇരു നേതൃത്വങ്ങളും രാഷ്ട്രീയ മത്സരത്തിന് ചൂടുപകര്‍ന്നു. പുതിയ വിവാദത്തിന്റെ അനുരണങ്ങള്‍ യു ഡി എഫ് സംവിധാനം നിലനില്‍ക്കുന്ന താനാളൂര്‍, ഒഴൂര്‍ പഞ്ചായത്ത് ഭരണത്തിന് പ്രതിസന്ധിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ നേതാക്കളുടെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് മുസ്‌ലിംലീഗിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ലഭ്യമാകുന്നതോടെ താനൂരില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!