Section

malabari-logo-mobile

കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം- ജില്ലാ കലക്‌ടര്‍

HIGHLIGHTS : മലപ്പുറം: പൂര്‍ണമായോ ഭാഗികമായോ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജൂലൈ 15 നകം 2015 ലെ ബാലനീതി നിയമപ്രകാര...

Orphanages-Monitoring Committeeമലപ്പുറം: പൂര്‍ണമായോ ഭാഗികമായോ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജൂലൈ 15 നകം 2015 ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ കര്‍ശനമായി പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. അനാഥാലയങ്ങളുടെയും മറ്റ്‌ ധര്‍മസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍.

അനാഥാലയങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍-സര്‍ക്കാരിതര- സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഉത്തരവ്‌ ബാധകമാണ്‌. നിലവില്‍ ഓര്‍ഫനെജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ആക്‌ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ ഒരു വര്‍ഷം വരെയുള്ള തടവോ ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കലക്‌ടര്‍ പറഞ്ഞു. ബാലനീതി നിയമം ചട്ടം 86 പ്രകാരമുള്ള അപേക്ഷ അതത്‌ സ്ഥാപന മേധാവികള്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ്‌ നല്‍കേണ്ടത്‌.

sameeksha-malabarinews

ജില്ലയിലെ അനാഥലയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന ശക്തിപ്പെടുത്താന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. 119 അനാഥാലയങ്ങളും എട്ട്‌ വൃദ്ധസദനങ്ങളും രണ്ട്‌ യാചക ഭവനങ്ങളും രണ്ട്‌ സൈക്കോ സോഷല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകളും ഒരു ഫോന്‍ഡലിങ്‌ ഹോമുമാണ്‌ ജില്ലയിലുള്ളത്‌. സ്ഥാപനങ്ങളിലെ താമസക്കാരെ മാസത്തില്‍ ഒരിക്കല്‍ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണം. അന്തേവാസികള്‍ക്ക്‌ റേഷന്‍ ഭക്ഷ്യ വസ്‌തുക്കള്‍ കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. ഓര്‍ഫനെജുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന്‌ നിശ്ചിത മാതൃകയിലുള്ള ഡസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കുന്ന കാര്യത്തില്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. ഓര്‍ഫനെജ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക്‌ കൗണ്‍സലിങ്‌ നല്‍കുന്നതിനായുള്ള രണ്ട്‌ കൗണ്‍സലര്‍മാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ച്‌ ഇന്റര്‍വ്യൂ നടത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടാനും ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ സാമൂഹികക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. സുഭാഷ്‌കുമാര്‍, ഓര്‍ഫനെജസ്‌ അസോസിയേന്‍ പ്രതിനിധി, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!