Section

malabari-logo-mobile

ഒന്നും നടക്കില്ലെന്ന ധാരണ മാറ്റി: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തി

HIGHLIGHTS : കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്...

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുളള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്ത് തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ജൂണ്‍ മുതല്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വ്യവസായ രംഗത്ത് പ്രകൃതിവാതകം ലഭ്യമാകും. കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും പുരോഗതിയുണ്ട്.
സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് നാല് മിഷനുകള്‍ രൂപീകരിച്ചത്. നമ്മുടെ വൃത്തിയും ജലശുദ്ധിയും വീണ്ടെടുക്കുന്നതിനുളള ഹരിതകേരളം മിഷന്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നു. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മുന്നേറ്റമുണ്ടാക്കാനും എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കാനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷന്‍ രൂപീകരിച്ചത്. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയില്‍ കുടുംബ ഡോക്ടറെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാവുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നു. അതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സയ്ക്കുളള സംവിധാനമുണ്ടാക്കുകയും ചെയ്യും. വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിനാണ് ലൈഫ് മിഷന്‍ രൂപീകരിച്ചത്. അഞ്ചുലക്ഷം വീടുകളാണ് ഈ പദ്ധതിയിലൂടെ പണിയുന്നത്. മുടങ്ങിക്കിടന്ന 28,000 വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കി.
ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുളള സംസ്ഥാനമാണ് കേരളം. തെളിയിക്കപ്പെടാത്ത ഒട്ടേറെ കേസുകള്‍ പൊലീസ് തെളിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പൊലീസ് മികവ് തെളിയിച്ചു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതേ സമയം ചില പൊലീസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. വാരാപ്പുഴയില്‍ കസ്റ്റഡി മരണമുണ്ടായപ്പോള്‍ സര്‍ക്കാര്‍ എടുത്ത നടപടി ഇതിന് തെളിവാണ്. പരാതിയുയര്‍ന്ന ഉടനെ അന്വേഷണം നടത്തി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കസ്റ്റഡി മരണങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും ശക്തമായ നടപടി ഒരിക്കലും ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും ഏജന്‍സികളുടെ ഇടപെടലോ സമ്മര്‍ദ്ദമോ ഇല്ലാതെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
പൊലീസിന്റെ പലിശീലന പദ്ധതി മെച്ചപ്പെടുത്തന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസിന് മാനുഷിക മുഖം നല്‍കുന്ന പരിശീലനമാണ് ആവശ്യം.
കേരളത്തിന്റെ മതസൗഹാര്‍ദ-മതനിരപേക്ഷ പാരമ്പര്യത്തിന് പോറലേല്‍പ്പിക്കാനും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ജമ്മുവില്‍ കൊച്ചു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. കേരളത്തിലും വലിയ പ്രതിഷേധമുയര്‍ന്നുവന്നു. എന്നാല്‍ ചിലയാളുകള്‍ ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും കലാപമുണ്ടാക്കാനും ശ്രമിച്ചു. വാട്ട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇതിന്റെ ഭാഗമായിരുന്നു. കുറ്റവാളികള്‍ക്കായി രംഗത്തിറങ്ങിയ അതേ ശക്തികള്‍ തന്നെയാണ് ഇവിടെ ഈ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചെതെന്ന് പൊലീസ് കണ്ടെത്തി. സംസ്ഥാനത്ത് വലിയ കലാപമുണ്ടാക്കാനുളള ശ്രമത്തിനാണ് പൊലീസ് തടയിട്ടത്. ഈ ഹര്‍ത്താലിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്ന സംശയമുണ്ട്.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. വ്യവസായങ്ങള്‍ക്ക് തടസ്സമില്ലാതെ ലൈസന്‍സ് ലഭ്യമാക്കുന്നതിന് പുതിയ നിയമം നിര്‍മ്മിച്ചു. ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുളള പുതിയ നിയമം കൊണ്ടുവന്നത്. മറ്റെല്ലാ മേഖലകളിലും കേരളം മുന്‍പന്തിയിലാണെങ്കിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തില്‍ കേരളം പിറകിലാണ്. പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിന്റെ റാങ്ക് ഉയരും. വ്യവസായങ്ങളെ ബാധിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന് വ്യവസായികള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചിരുന്നു. തൊഴിലാളി സംഘടനകളൊന്നും നോക്കുകൂലി അംഗീകരിക്കുന്നില്ലെങ്കിലും അത് തുടര്‍ന്നുപോന്നു. മെയ് ഒന്നു മുതല്‍ നോക്കുകൂലി അവസാനിപ്പിച്ചിരിക്കുകയാണ്. നോക്കുകൂലി അവസാനിപ്പിച്ചത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങില്ല. ഇനിയുമെന്തെങ്കിലും പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ സംഘടനകള്‍ വിതരണം ചെയ്യുന്ന രീതിയും ഇതോടൊപ്പം അവസാനിക്കും.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിഭവസമാഹരണ സാധ്യതയെ തന്നെ കേന്ദ്രം തടസ്സപ്പെടുത്തുകയാണ്. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയ്ക്ക് വലിയ പോറലുണ്ടാക്കി. നോട്ടുനിരോധനത്തിന്റെ ഘട്ടത്തില്‍ സഹകരണമേഖലയെ തകര്‍ക്കാനുളള ശ്രമങ്ങളുണ്ടായി. എന്നാല്‍ കേരളം അതിനെ അതിജീവിച്ചു.
പശ്ചാത്തല വികസനത്തിന് പണം കണ്ടെത്താന്‍ കിഫ്ബി വഴി കഴിയുന്നുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ പശ്ചാത്തല വികസനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഇതിനകം ഇരുപതിനായിരം കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി. പ്രവാസികളുടെ കഴിവും പരിചയസമ്പത്തും കേരളത്തിന്റെ വികസനത്തിന് പ്രയേജനപ്പെടുത്താനാണ് ലോകകേരളസഭ രൂപീകരിച്ചത്. ഇത് വലിയ വിജയമായി. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു.
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. 13 വ്യവസായങ്ങള്‍ ലാഭത്തിലേക്ക് വന്നു. പൊതുവായ നഷ്ടം ഗണ്യമായി കുറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പൊതുമേഖലയെ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്റേഷന്‍ ഉള്‍പ്പെടെയുളള ചില കമ്പനികള്‍ ഏറ്റെടുക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി തത്ക്കാലം പരിഹരിച്ചു. ഈ സ്ഥാപനത്തെ പുനരുദ്ധരിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ കഴിയും. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാനും നവീകരിക്കാനുമുളള ശ്രമങ്ങള്‍ നടക്കുകയാണ്. ഈ രംഗത്തും നല്ല മാറ്റമുണ്ടായിട്ടുണ്ട്.
ഏതു പ്രശ്‌നത്തിലും ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നഴ്‌സുമാരുടെ വേതനം 20000 രൂപയായി വര്‍ധിപ്പിച്ചത് ഇതിന് തെളിവാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശാസ്ത്ര-ഗവേഷണ രംഗം വികസിക്കണം. നിലവിലുളള ഭരണനിര്‍വ്വഹണ സംവിധാനം സര്‍വ്വകലാശാലകള്‍ക്ക് ഗുണകരമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. വൈസ് ചാന്‍സലറുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിശപ്പ് രഹിത കേരളം പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറഞ്ഞ രീതിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും സ്ഥാപിക്കും. സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പൊതു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കാനുളള നടപടികള്‍ സുതാര്യമാക്കി. ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വേഗതത്തില്‍ സഹായം ലഭിക്കുന്നു. ഇതിനകം 393 കോടി രൂപ ചികിത്സാ സഹായമായി വിതരണം ചെയ്തു.     പൊതുഇടങ്ങളില്‍ ശൗചാലയം സ്ഥാപിക്കുന്നതിനുളള പദ്ധതി നടപ്പാക്കും. ഇത് സംബന്ധിച്ച് പുതിയ ചില ആശയങ്ങള്‍ സര്‍ക്കാരിന്റെ മുമ്പില്‍ വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ-വിദ്വേഷ പ്രചരണം നടത്തുന്ന പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ് ട്. കേന്ദ്രത്തിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും.
ആഹാര സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടലുണ്ടാകും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് എട്ടോളം സ്ഥലങ്ങളില്‍ ആലോചനയുണ്ട്. കൊച്ചിയില്‍ ഇത് യാഥാര്‍ഥ്യമാക്കുന്നതിന് ബ്രഹ്മപുരം പ്ലാന്റിന് തുടക്കമായിട്ടുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുന്നതിന് മുന്‍കൈയെടുക്കും. ഇക്കാര്യം അടുത്ത സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ച് സമവായത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് രാവിലെ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായും, ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!