Section

malabari-logo-mobile

ഉഷാ ശെല്‍വരാജിനുളളില്‍ ഒരു പക്ഷി നിരീക്ഷക ഉണ്ടായിരിക്കില്ല സര്‍

HIGHLIGHTS : എന്റെ പേര് അനന്തനുണ്ണി. ഞാനൊരു കമ്പനിയുടെ സെയില്‍സ് എക്‌സികൂട്ടീവാണ്

 

സി.കേശവനുണ്ണി 
പരപ്പനങ്ങാടി

Mob- 9633381478

sameeksha-malabarinews

-ഈ കഥ വായിക്കുന്നതിനു
മുമ്പ് സഖറിയയുടെ ഒരിടത്ത്
വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു-
നമസ്‌ക്കാരം, സര്‍!
എന്റെ പേര് അനന്തനുണ്ണി. ഞാനൊരു കമ്പനിയുടെ സെയില്‍സ് എക്‌സികൂട്ടീവാണ്.ഞങ്ങളുടെ ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നതിനു മുന്നോടിയായി അതിന്റെ സവിശേഷതയും ഗുണനിലവാരവും ഉപഭോക്താക്കളെ നേരിട്ടു ബോധ്യപ്പെടുത്താനുള്ള ഒരു കാമ്പയിന്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണു സര്‍, ഞാന്‍ താങ്കളെ കാണുവാന്‍ വന്നിരിക്കുന്നത്.
താങ്കളുടെ വിലയേറിയ അല്പസമയം ഞാന്‍ അപഹരിക്കുന്നതില്‍ ക്ഷമിക്കണം ഉപഭോക്താവിന് ഒരു പാടു അവകാശങ്ങളുള്ള കാലമായതിനാല്‍ ഓരോരുത്തരെയും നേരില്‍ കണ്ട് സത്യസന്ധ്യമായും കൃത്യമായും കാര്യങ്ങള്‍ അവതരിപ്പിച്ച് കസ്റ്റംമറിനെ പരമാവധി കണ്‍വീന്‍സ് ചെയ്യിക്കുവാന്‍ ഞങ്ങള്‍ക്കു കമ്പനിയുടെ പ്രത്യേക നിര്‍ദേശവുമുണ്ട്. മാത്രമല്ല ഞങ്ങളുടേത് ഒരു സവിശേഷ ഉല്പന്നമായതു കൊണ്ട് വഴിയോര വിപണനം കമ്പനി നിരോധിക്കുകയും ചെയ്തിരിക്കുന്നു.
ഈ ഉല്പ്പന്നം താങ്കള്‍ പരിചയപ്പെടുന്നതുകൊണ്ടോ ഉപയോഗിച്ചു നോക്കുന്നതു കൊണ്ടോ വാങ്ങണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല സര്‍. പക്ഷേ, പിന്നീട് ഇത് വേണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന പക്ഷം ഇപ്പോള്‍ ഞങ്ങള്‍ക്ക് തരുവാന്‍ കഴിയുന്ന ആകര്‍ഷകമായ ഓഫര്‍ താങ്കള്‍ക്ക് ലഭിക്കുകയില്ലന്നു മാത്രം.
എന്തൊരു ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണു സര്‍ നമ്മള്‍ ജീവിക്കുന്നത്. പ്രാര്‍ത്ഥനാ സമയത്തു പോലും ഏകാഗ്രത നമുക്ക് ലഭിക്കുന്നില്ല. ശബ്ദങ്ങള്‍ കുട്ടികളെ പഠിപ്പിലെ ശ്രദ്ധയില്‍ നിന്നും അകറ്റുന്നു. അദ്ധ്യാപകരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഇരുകരയുമില്ലാത്ത ശബ്ദ സാഗരത്തിലെ നിത്യ തടവുകാരാണല്ലോ അവര്‍. ജോലിയുടെ ഭാഗമായി അനുഭവിക്കേണ്ടി വരുന്ന ശബ്ദങ്ങളെ നമുക്ക് അനുഭവിച്ചെ നിവൃത്തിയുള്ളു എന്നു സമ്മതിക്കാം. സര്‍, പക്ഷേ നമ്മുക്ക് ആവശ്യമില്ലാത്തതും അരോചകവുമായ ചിവീടുകളെ നമ്മളെന്തിനു സഹിക്കണം?
നമ്മള്‍ നഗരവാസികളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം എന്നു പറയേണ്ടി വരുന്നു. ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളുടെ അലര്‍ച്ചകള്‍ ജാഥകളും ഘോഷയാത്രകളും ആരാധനാലയങ്ങളില്‍ നിന്നുള്ള ഉച്ചഭാഷിണിശബ്ദങ്ങള്‍ കളിക്കളങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ആരവങ്ങള്‍ തലച്ചുമടു കച്ചവടക്കാരുടെയും കൈതൊഴിലന്വേഷകരുടെയുമൊക്കെ തൊള്ളകീറുന്ന മര്‍മഭേദകമായ ഒച്ചകള്‍ ഇതിനൊക്കെ പുറമെ ഫാക്ടറികളില്‍ നിന്നും വരുന്ന സൈറണുകള്‍. എന്തിനു സര്‍, ഇതിനൊക്കെ നമ്മള്‍ ബലിയാടുകളാവണം.
ഇവിടെയാണു സര്‍ ഞങ്ങളുടെ ഉല്പന്നം താങ്കളുടെ സഹായത്തിനു എത്തുന്നത്. യതാര്‍ഥമായൊരു ശ്രവണ സഹായിയുടെ ജോലിയാണു ഇതു നിര്‍വഹിക്കുക. ആവശ്യമില്ലാത്ത എല്ലാ ശബ്ദാലോസരങ്ങളെയും ഇതു മാറ്റി നിര്‍ത്തുന്നു. സന്ദര്‍ഭത്തിന് അനുയോജ്യമായ ശബ്ദ വീചികളെ വളരെ ഹൃദ്യമായ രീതിയില്‍ പ്രക്ഷേപിക്കുകയും ചെയ്യുന്നു, ഞങ്ങളുടെ ശ്രവണസഹായി ബധിരര്‍ക്കുളള ഒന്നല്ല സര്‍. എല്ലാം കേള്‍ക്കുവാനല്ല, ആഗ്രഹിക്കുന്നതു മാത്രം കേള്‍ക്കുവാനുളളതാണ്.

 

ഇപ്പോള്‍ ഞാന്‍ ഇവിടേക്ക് കയറിവന്നപ്പൊഴെ ഒരു കാര്യം ശ്രദ്ധിച്ചു. മാതൃഭൂമി ഓണപ്പതിപ്പിലെ സഖറിയയുടെ ‘ഒരിടത്ത്’ എന്ന കഥ വായിക്കുകയായിരുന്നല്ലൊ താങ്കള്‍. നയനമനോഹരവും കുളിര്‍മയുമുളള ഇതുപോലുളള പൂന്തോട്ടത്തിനു അഭിമുഖമായി പൂമുഖത്തെ ചാരുകസേരയിലിരുന്നു വായിക്കേണ്ടുന്ന കഥതന്നെയാണു സര്‍ അത്. പക്ഷേ, തൊട്ട അയല്‍പക്കത്തെ അലക്കുന്ന ശബ്ദത്തിനും നായ്ക്കളുടെ കുരക്കും കാക്ക കരച്ചിലിനുമിടക്ക് താങ്കള്‍ക്ക് തവളകളുടെ സങ്കടവര്‍ത്തമാനങ്ങളൊ പൂച്ചകുഞ്ഞുങ്ങളുടെ നഖക്കുരുക്കില്‍ പിളര്‍ന്നുപോകുന്ന അവയുടെ മര്‍മ്മഭേദകമായ കരച്ചിലുകളൊ കേള്‍ക്കുവാന്‍ കഴിയുന്നുണ്ടോ സര്‍. എന്തിനേറെ സ്വന്തം വിധി പ്രാണഭയത്തെ നീട്ടിവലിച്ചു കൊണ്ടുപോകുന്നതില്‍ സഹികെട്ട് യുവകോമളനായ തവളച്ചെക്കന്‍ അനിവാര്യമായ മരണത്തെ യാചിച്ചു വിലപിക്കുന്നത് താങ്കള്‍ക്ക് കേള്‍ക്കുവാന്‍ സാധിച്ചുവോ സര്‍.

 

ഞങ്ങളുടെ ഈ ഉല്‍പ്പന്നം ഉപയോഗിച്ചുകൊണ്ടാണ് താങ്കള്‍ ഈ കഥ വായിക്കുന്നതെങ്കിലൊ,അത്ഭുതകരമായ ഒരു അനുഭവമായിരിക്കും സര്‍ അത്. താങ്കള്‍ വിശ്വസിക്കുമെങ്കില്‍ ഞാനതു പറയാം. എന്റെ അനുഭവസാക്ഷ്യമാണു സര്‍. സഖറിയയുടെ കഥാ സംഹാരത്തില്‍ നിന്നാണ് ഞാനീ കഥ വായിക്കുന്നത്. ഈ ഉപകരണം ഞാനാദ്യമായി പരീക്ഷിച്ചു നോക്കുന്നതും അന്നുതന്നെ. നമ്മള്‍ വില്‍ക്കുന്ന ഉല്‍പ്പന്നം അതെന്തു തന്നെയായാലും ആദ്യത്തെ ഉപഭോക്താവ് നമ്മള്‍ തന്നെയായിരിക്കണം. അതു തൃപ്തികരമാണന്നു സ്വയം ബോധ്യപ്പെട്ട ശേഷമേ നമ്മള്‍ കച്ചവടക്കാരന്റെ വേഷം കെട്ടാവു. അപ്പോഴെ ചെയ്യുന്ന ജോലിക്ക് തൃപ്തിയുണ്ടാവുകയുള്ളു. ഞാന്‍ പറയുന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടാവുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

 

എന്റെ കാര്യം തന്നെ നോക്കൂ, ഈ കമ്പനിയിലെക്ക് വരുന്നതിനുമുമ്പെ സാമാന്യം ഭേദപ്പെട്ട ഒരു സോപ്പു കമ്പനിയുടെ നഗരത്തിലെ അിറയപ്പെട്ട ഒരു റപ്രസന്ററ്റീവായിരുന്നു ഞാന്‍. ഇതുപോലെ വീടുകളില്‍ നിന്നും തുടങ്ങി രണ്ടുവര്‍ഷം കൊണ്ട് നഗരത്തിലെ കടകളിലേക്ക് വിപണി വിപുലപ്പെടുത്താന്‍ എനിക്കു കഴിഞ്ഞു. ആയിടക്കാണ് കമ്പനിയുടെ ഉടമസ്ഥത കൈമാറുന്നത് കമ്പനിയുടെ ഗുഡ് ബുക്കില്‍ പേരുണ്ടായിരുന്ന എനിക്ക് ഉള്‍പ്പെടെ കുറച്ചുപേര്‍ക്ക് വേതന വര്‍ദ്ധന ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ തന്ന് പുതിയ മാനേജുമെന്റ് ഞങ്ങളെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്നു.

 

പതിയെ ഉല്പന്നത്തിന്റെ ഗുണനിലവാരം മോശമാക്കി കമ്പനി ലാഭത്തില്‍ മാത്രം ശ്രദ്ധിക്കുവാന്‍ തുടങ്ങി. കമ്പനിക്ക് വേണ്ടുവോളം ഉപഭോക്താക്കള്‍ ഉല്പന്നത്തോട് അഡിക്റ്റായി കഴിഞ്ഞു എന്നാണ് അവര്‍ കണ്ടെത്തിയത്. പക്ഷേ, എനിക്കതിനോട് യോജിക്കുവാന്‍ കഴിഞ്ഞില്ല. ഞാനെന്റെ മനസാക്ഷിക്ക് വഴിയെ ഇറങ്ങി പോരുകയായിരുന്നു.

 

ഞാന്‍ സ്വയം പുകഴ്ത്തി വലുതാവാന്‍ ശ്രമിക്കുകയല്ല സര്‍, ഞങ്ങള്‍ സെയില്‍സ് എക്‌സികുട്ടീവുകള്‍ക്ക്, അവര്‍ എത്ര വലിയവരായാലും ചെറിയവരായാലും ശരി ഒരു ഉപഭോക്താവിനെ മുഷിപ്പിക്കാതെ വിശ്വാസത്തിലെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. സാറിനെപ്പോലെ പ്രൊഫസറായിരുന്ന ഒരു കസ്റ്റംമറുണ്ടായിരുന്നു എനിക്ക്. നഗരത്തില്‍. പേരുപറഞ്ഞാല്‍ സാറ് അറിയുമായിരിക്കും അതുകൊണ്ടു പറയുന്നില്ല. ഞാന്‍ മുന്‍പു പറഞ്ഞ കമ്പനിയില്‍ ജോലി നോക്കിയിരുന്ന സമയം. എന്നോട് എല്ലാ മാസവും കൃത്യമായി സോപ്പുല്‍പ്പന്നങ്ങള്‍ വാങ്ങുമായിരുന്നു അദ്ദേഹം. പ്രൊഫസറും ഭാര്യയും മാത്രമാണ് അവിടെ താമസിക്കുന്നതെങ്കിലും മക്കള്‍ക്കും മരുമക്കള്‍ക്കും ആവശ്യമുളള ക്വാണ്ടിറ്റി അദ്ദേഹം എന്നോട് വാങ്ങുമായിരുന്നു. എന്തിനേറെ പറയുന്നു സര്‍ പതിവുപോലെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. പുറത്ത് ആരെയും കാണാഞ്ഞതിനാല്‍ രണ്ടോ മൂന്നോ തവണ കോളിങ് ബല്ലില്‍ വിരലമര്‍ത്തി. പ്രൊഫസര്‍ ഉച്ചമയക്കത്തിലായിരുന്നു എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല സര്‍. അദ്ദേഹം ഉറക്കച്ചടവോടെ വാതില്‍ തുറന്ന് ക്ഷുഭിതനായി എന്നോട് ഗെറ്റ് ഔട്ട് പറയുകയായിരുന്നു.
ഒരു കണക്കിനു അതു നന്നായി. എന്നെ കമ്പനി വിടുവാന്‍ പ്രേരിപ്പിച്ചതില്‍ ഈ സംഭവവും ഒരു ഘടകമായിരുന്നുവല്ലൊ. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ കമ്പനിയില്‍ തന്നെ ഞാന്‍ തുടരുകയും അദ്ദേഹത്തെ പോലെ കൃത്യനിഷ്ഠയും സത്യസന്ധനുമായ ഒരാള്‍ക്ക് കമ്പനിയുടെ മേന്മ കുറഞ്ഞ ഉല്പന്നം കൊടുത്തു കൊണ്ട് എനിക്ക് ആത്മനിന്ദ അനുഭവിക്കേണ്ടി വരുമായിരുന്നല്ലൊ.

 

ഇപ്പൊഴും ആ സൗഹൃദം ഉണ്ടായിരുന്നെങ്കില്‍ ഈ ഉപകരണം ഞാന്‍ അദ്ദേഹത്തിനു നല്‍കി ഉദ്ഘാടനം ചെയ്യുമായിരുന്നു. അതു പോട്ടെ, ഞാന്‍ പറഞ്ഞു വന്നത് കഥയുടെ കാര്യമായിരുന്നുവല്ലൊ. ചിലപ്പൊഴൊക്കെ കഥകള്‍ വായിക്കുന്ന സ്വഭാവമുണ്ട് എനിക്ക്. വിശ്രമിക്കുന്ന സമയങ്ങളില്‍ മനസ്സിന് ആശ്വാസം കണ്ടെത്താന്‍ ഒരു മറുലോകം ചാടലാണ് എനിക്ക് സാഹിത്യവായന. വാസ്തവത്തില്‍ ഈ കഥയുടെ വായനയാണ് എന്നെ ഇപ്പോഴത്തെ ജോലി സ്വീകരിക്കുവാന്‍ നിര്‍ബന്ധിച്ചത് എന്നു വേണം പറയാന്‍.

 

കമ്പനിക്ക് അപേക്ഷ അയച്ചതിന്റെ എട്ടാം ദിവസം ഉല്പന്നത്തിന്റെ അഞ്ചുപായ്ക്കറ്റുകളും ഉപകരണം ഉപയോഗിച്ച് നന്ദി അറിയിച്ച പ്രശസ്തരും അല്ലാത്തവരുടേതുമായ രണ്ടു ഡസനോളം ആളുകളുടെ ഫോട്ടോ പതിച്ച അനുഭവസാക്ഷ്യപത്രങ്ങളും എനിക്ക് കൊറിയറായി വരുകയായിരുന്നു.

 
സര്‍ അതില്‍ താങ്കള്‍ വായിക്കേണ്ടതായ അതിശയകരമായ രണ്ടു മൂന്നു സാക്ഷ്യപത്രങ്ങളുണ്ട്. തിരുന്നല്‍വേലി നഗരാതിര്‍ത്തിയിലെ ശെല്‍വി അമ്മന്‍ കോവില്‍ തെരുവിലെ നാല്പത്തിയഞ്ചുകാരനായ ശരവണന്‍ തന്റെ പിതാവുമൊത്ത് തനിച്ചാണ് താമസം. പകല്‍ അയാള്‍ ജോലിക്ക് പോകുമ്പോള്‍ അകന്ന ബന്ധത്തില്‍ പെട്ട ഒരു പാട്ടി മരണാശയ്യയില്‍ കിടക്കുന്ന അയാളുടെ പിതാവിനെ നോക്കാന്‍ വരും
.രാത്രിയായാല്‍ ശരവണന് ആകെ ഭയമാണ് താനുറങ്ങി കിടക്കുമ്പോള്‍ പിതാവിനു എന്തെങ്കിലും സംഭവിക്കുമോ എന്നും അന്ത്യശുശ്രൂഷക്ക് തനിക്ക് ഭാഗ്യം കിട്ടാതെ പോകുമോ എന്നും അയാള്‍ ഭയപ്പെട്ടു.
ആയിടക്കാണ് ഒരു സുഹൃത്ത് വഴി ഈ ഉപകരണം ശരവണന് കിട്ടുന്നത്. അതു ചെവിയില്‍ ഇയര്‍ ഫോണ്‍ പോലെ തിരുകിവെച്ചാണ് ശരവണന്‍ പിന്നീടുളള ദിവസങ്ങളില്‍ ഉറങ്ങാന്‍ കിടന്നിരുന്നത്. ആദ്യം കുറച്ച് ദിവസങ്ങളില്‍ പ്രത്യേകം ഒന്നും സംഭവിച്ചില്ല. എങ്കിലും രാത്രിയുടെ സ്വഛന്ദമായ ഇലയിളക്കങ്ങളുടെ താരാട്ടു പാട്ടുകളല്ലാതെ മറ്റൊരു അലോസരങ്ങളും തനിക്കുണ്ടായിരുന്നില്ലന്നു പ്രധാന സംഭവത്തിനു ശേഷം അയാള്‍ ഓര്‍ത്തു പറയുന്നുണ്ട്.
അന്നൊരു ഞായറാഴ്ചയായിരുന്നു. അച്ഛനെ പകലൊക്കെ നല്ല പോലെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്. രാത്രി ഏറെ കഴിഞ്ഞിരുന്നു. ഉറക്കത്തിന്റെ ആഴങ്ങളില്‍ സുഖസുഷുപ്തിയിലായിരുന്നു ശരവണനപ്പോള്‍. ഇടക്കെപ്പൊഴൊ സ്വച്ഛന്തതയുടെ ഇലയിളക്കങ്ങളിലേക്ക് കനത്ത കാല്പാടുകളുടെ ശബ്ദം. അതിന്റെ അമര്‍ച്ചയും വേഗതയും കൂടിവരുന്നതായും തന്റെ അച്ഛന്റെ കിടപ്പുമുറിയിലേക്ക് ശബ്ദം പ്രവേശിക്കുന്നതും അദ്ദേഹം വ്യക്തമായി കേട്ടു പോലും.
പിടഞ്ഞെഴുന്നേറ്റ് അച്ഛന്റെ മുറിയിലേക്ക് ഓടുകയായിരുന്നു അദ്ദേഹം. കൃഷ്ണമണികള്‍ മേലോട്ട് ഉയര്‍ത്തി അവസാന ശ്വാസത്തിനായി പാടുപെടുന്ന അച്ഛന്റെ വായില്‍ ശരവണന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗംഗാ ജലം കൊടുക്കാന്‍ കഴിഞ്ഞതിന്റെ കൃതജ്ഞത, അദ്ദേഹം ഈ ഉല്‍പ്പന്നത്തോട് രേഖപ്പെടുത്തിയിരിക്കുന്നു.
ഈ ഉപകരണം ഉപയോഗിച്ചു കൊണ്ട് സഖറിയയുടെ കഥ വായിച്ചു തുടങ്ങിയപ്പോള്‍ സമാനമായ ചില അനുഭൂതികള്‍ എനിക്കും ഉണ്ടായി സര്‍. ഇതു പോലുളള പകല്‍ സമയം വെയിലും മഴയുമില്ലാത്ത മടുപ്പിക്കുന്ന അന്തരീക്ഷം. വായനാ രസം മറുലോകത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നതേയുളളു. മടുപ്പു മാറി പ്രസന്നമായൊരു മാനസിക സ്വസ്ഥത എന്നെ വലയം കൊണ്ടു വരുന്നതെയുളളായിരുന്നു. പെട്ടന്നു ജലോപരിതലത്തില്‍ ഒരു സീല്‍ക്കാരം കൊണ്ട് നേര്‍രേഖ തീര്‍ത്ത് ഒരു തവള കുറുകെ ചാടുന്ന ശബ്ദം. ഞാന്‍ തീര്‍ത്തും ഞെട്ടിപ്പോയി സര്‍.
ഇതു പോലൊരു ഞെട്ടലായിരുന്നു വിശ്വനാഥ ഷെട്ടിയും രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ഒന്നു വായിച്ചു നോക്കൂ സര്‍. ഷെട്ടി മംഗലാപുരത്ത് ഹബ്ബന്‍ഘട്ടയില്‍ സ്വന്തമായി പണമിടപാടുസ്ഥാപനം നടത്തിവരുന്നു.
വീട്ടില്‍ വിശ്രമിക്കുന്ന സമയങ്ങളിലും മറ്റും അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേട്ട് അദ്ദേഹത്തിന് വിറളി പിടിക്കുമായിരുന്നത്രെ. പാത്രങ്ങള്‍ വീഴുന്ന ശബ്ദം. ടി വി മിക്‌സി ഗ്രേയ്ന്റര്‍ ഇതിന്റെയൊക്കെ മൂളലും മുരളലും കുട്ടികളുടെ കോലാഹലങ്ങള്‍ ഇതിനൊക്കെ പുറമെ ഭാര്യയുടെ അവസാനിക്കാത്ത തുളളലും പരിവേദനങ്ങളും.ഷെട്ടിക്ക് വീട്ടിനകത്ത് സന്തോഷം കൊടുത്തിരുന്ന രണ്ടു കാര്യങ്ങളേ ഉണ്ടായിരുന്നുള്ളു പോലും. രാവിലെയും സന്ധ്യക്കും എന്നു വേണ്ട സമയം കിട്ടുമ്പോഴൊക്കെ അമ്മ ജപിക്കുന്ന മംഗളാദേവി കീര്‍ത്തനം കേള്‍ക്കുക. പിന്നെ രണ്ടു വയസ്സുളള കൊച്ചു മകളുടെ കൊച്ചു വായിലെ വലിയ വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുക്കുക.
ഒരു സ്ഥിരം ഇടപാടുകാരന്റെ തിരിച്ചടവിനുളള കാലാവധി നിരുപാധികം നീട്ടികൊടുത്തതിനു പാരിതോഷികമായി അയാള്‍ ഷെട്ടിക്ക് നല്‍കിതായിരുന്നുവത്രെ ഈ ഉപകരണം. ഉച്ച മയക്കത്തിനായും മറ്റും കിടക്കുമ്പോള്‍ ഇനി ചെവിയില്‍ പഞ്ഞിവെക്കണ്ടല്ലോ എന്നെ കരുതിയുളളു ഷെട്ടി.
ഒരു ഞായറാഴ്ചദിവസംപതിവുപോലെഊണിനുശേഷം ഷെട്ടി ശ്രവണസഹായിയും വെച്ച് ഒന്നു മയങ്ങാന്‍ കിടന്നു. ഉച്ചയുറക്കത്തിന്റെ സൂക്ഷ്മ ധന്യതയിലേക്ക് ഷെട്ടിയുടെ മനസ്സ് വഴുതാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ തന്നെ, അമ്മയുടെ കീര്‍ത്തനത്തിന്റെ മധുരമായ ഈരടികള്‍ ഷെട്ടിയുടെ ശ്രവണപഥങ്ങളിലേക്ക് ഒഴുകി വരുന്നതായി അദ്ദേഹത്തിന് തോന്നി. ഇടക്ക് കൊച്ചുമകളുടെ കുസൃതിത്തരങ്ങളും . പക്ഷേ വീട്ടിനകത്തെ നിഗൂഢമായ നിശബ്ദതയാണ് അദ്ദേഹത്തിന്റെ ഉറക്കത്തെ പിഴുതെറിഞ്ഞു പോലും. വിശ്വസിക്കാനാവാതെ ഷെട്ടി ഉടനെ ശ്രവണസഹായി എടുത്തുമാറ്റിയതും ശബ്ദകോലാഹലങ്ങളുടെ പെരുമഴ അദ്ദേഹത്തിന്റെ കാതുകളിലേക്ക് അലയടിച്ചു കയറി. പക്ഷേ, അതിനിടക്കും അമ്മ കീര്‍ത്തനം ആലപിക്കുന്നുണ്ടന്നും കൊച്ചുമകള്‍ എന്തൊക്കെയോ വര്‍ത്തമാനങ്ങള്‍ പറയുന്നുണ്ടെന്നും അറിഞ്ഞപ്പോള്‍ ഷെട്ടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുക തന്നെ ചെയ്തുവത്രെ.
സര്‍ ഞാന്‍ പറഞ്ഞു വെച്ചത് അവസാനിപ്പിക്കാം. സഖറിയ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചതിലും ദാരുണമാണ് സര്‍ തവളകളുടെ കാര്യം. അവറ്റയുടെ കൂട്ടകരച്ചിലും ഇരയാവുന്നവന്റെ ആര്‍ത്തനാദവും ആരുടേയും കരള് അലിയിച്ചുപോകും. പക്ഷേ, ഇരയാവുന്നവന്റെ വിലാപം മറ്റു തവളകള്‍ കേള്‍ക്കുന്നില്ലെന്ന കഥയിലെ സൂചനയും ശരിയല്ല സര്‍, പൂച്ചകുഞ്ഞുങ്ങളുടെ രാത്രിയിലെ പരിശീലന കളരിയില്‍ അകപ്പെട്ടു പോകുന്ന തവളകളുടെ മരണകരച്ചിലിനെ മറികടന്നു കുതിക്കുന്ന മറ്റു തവളകളുടെ ചങ്കിടിപ്പുകള്‍ എനിക്ക് ശരിക്കും കേള്‍ക്കാമായിരുന്നു സര്‍.
എഴുത്തിലെ വാക്കുകളുടെ മൗനപേടകം ഇതുപോലെ വായനക്കാരന്റെ മുന്നില്‍ തുറക്കപ്പെടാന്‍ തുടങ്ങിയാല്‍ നമ്മുടെ എഴുത്തുകാര്‍ കുറച്ചു പാടുപെടേണ്ടി വരും അല്ലേ സര്‍.
എന്നെ ഈ കമ്പനിയില്‍ പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പരീക്ഷിച്ച് ബോധ്യപ്പെടാനായി ഒരു ശ്രവണസഹായി സൗജന്യമായി തന്ന് സഹായിക്കുകയും ചെയ്ത എന്റെ സുഹൃത്ത് അഭിഷേക് മേനോനോടായിരുന്നു ഞാന്‍ ഈ അനുഭവം ഞാന്‍ ആദ്യമായി വിളിച്ച് അറിയിക്കുന്നത്.
അതു കേട്ടപ്പോള്‍ അവന്‍ പ്രത്യേകമായി അത്ഭുതപ്പെട്ടതായി തോന്നിയില്ല. പകരം അഭിഷേക് ഏര്‍പ്പെട്ടിരുന്ന ഒരു പരീക്ഷണത്തെ കുറിച്ചാണ് എന്നോട് പറഞ്ഞത്. കമലഹാസന്റെ ശബ്ദരഹിതചിത്രമായ പുഷ്പക വിമാനം ഈ ഉപകരണം വെച്ച് അവന്‍ കാണുകയായിരുന്നത്രെ. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പ്രതീക്ഷിച്ചതുപോലെ അതു സംഭവിച്ചു പോല്‍.സിനിമയുടെ എല്ലാ നിശബ്ദ മുഹൂര്‍ത്തങ്ങളും ശബ്ദസാന്ദ്രമാവാന്‍ തുടങ്ങി. ഇപ്പോഴവന്‍ അതെല്ലാം പകര്‍ത്തിയെഴുതി സിനിമയില്‍ ഇല്ലാതിരുന്ന സംഭാഷണങ്ങളുടെ തിരക്കഥ തയ്യാറാക്കി കമലഹാസന് അയച്ചു കൊടുക്കുവാന്‍ പോകുകയാണത്രെ ഒരു സര്‍പ്രൈസായി!
ഞങ്ങളുടെ ഈ പുതിയ ഉല്‍പ്പന്നം മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുന്ന ആദ്യത്തെ ആയിരം പേര്‍ക്ക് വിശ്വവിഖ്യാതങ്ങളായ, തെരഞ്ഞെടുത്ത നൂറ് ക്ലാസിക് കൃതികളില്‍ നിന്നും രണ്ടു പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. ഇതില്‍ ഞാന്‍ സാറിനായി ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നത് താരാശങ്കറിന്റെ ആരോഗ്യനികേതനവും മാര്‍കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും ആയിരിക്കും.
കാരണം മറ്റൊന്നുമല്ല സര്‍, ശബ്ദങ്ങളുടെ അനുഭവസ്പര്‍ശത്തെ മാസ്മരിക പ്രഭാവത്തോടെയാണ് ഈ പുസ്തകങ്ങള്‍ നമ്മെ അനുഭവിപ്പിക്കുക. ഡോക്ടര്‍ ജീവന്‍മശായി രോഗികളുടെ നാഡി നോക്കി മരണം പ്രവചിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആജാനുബാഹുവായ മരണദേവന്റെ ഉറച്ച കാല്‍സ്പര്‍ശത്തിന്റെ പ്രകമ്പനങ്ങള്‍ നമ്മുടെ സിരകളിലെ രക്തത്തെ തിളപ്പിക്കും സര്‍. അതു പോലെ മാന്ത്രികാന്തരീക്ഷത്തില്‍ അവാസ്തിക സംഭവവികാസങ്ങള്‍ തീര്‍ക്കുന്ന മാര്‍ക്കേസിനെ ഈ ശ്രവണസഹായി ഇല്ലാതെ വായിക്കുന്നത് മൃഗങ്ങളില്ലാത്ത കാട്ടിലെ സവാരി പോലെ വ്യര്‍ഥമാണു സര്‍.
താങ്കളെപോലെ സര്‍വീസില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന തലമുതിര്‍ന്ന പ്രൊഫസ്സര്‍മാര്‍ ഇതുപോലുളള കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയില്ലെന്ന് അറിയാം സര്‍. എങ്കിലും താങ്കളൊരു ചരിത്രപുസ്തകം എഴുതാനുളള ഒരുക്കത്തിലാണന്നും അതിനായുളള യാത്രകളും പുസ്തകങ്ങളുംതുടങ്ങി കഴിഞ്ഞുവെന്നും അറിയാന്‍ കഴിഞ്ഞു. റഫറന്‍സിനായി പഴയ പുസ്തകങ്ങളോ അതുമല്ലെങ്കില്‍ ചരിത്രാവശിഷ്ടങ്ങളോ മറ്റോ പരിശോധിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ ശ്രവണസഹായി താങ്കള്‍ക്ക് ഉപകരിക്കപ്പെട്ടേക്കാം. ചരിത്രത്തിലെ തിരുശേഷിപ്പുകള്‍ക്ക് താങ്കളോട് എന്താണ് പറയാനുളളതെന്ന് ഒരു പക്ഷേ താങ്കള്‍ക്ക് ശ്രവിക്കാന്‍ കഴിയുമായിരിക്കും സര്‍.
ചരിത്ര സംഭവങ്ങളെ വിശകലനം ചെയ്യുന്നതിന് ആസ്പദമാക്കുന്ന തെളിവുകളെ ചരിത്രകാരന്മാര്‍ വ്യത്യസ്ത കോണുകളിലൂടെ സമീച്ച് വിഭിന്ന നിഗമനങ്ങളിലെത്തുന്നു എന്നതാണു ഈ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഇതിനു പരിഹാരമാവുന്നതിനു തെളിവുകള്‍ക്ക് ആത്മഗതങ്ങളുണ്ടാവുകയും അതു നമുക്ക് കേള്‍ക്കാന്‍ കഴിയുകയും വേണം സര്‍.
പറയുമ്പോള്‍ എല്ലാം പറയണമല്ലൊ. അതൊരു പക്ഷേ താങ്കള്‍ക്ക് ഈ ഉപകരണത്തിന്റെ കാര്യത്തില്‍ ഉണ്ടായേക്കാവുന്ന സംശയത്തെ ദുരീകരിക്കാനും സഹായിക്കും. ചിലരുടെ കാര്യത്തിലെങ്കിലും ശ്രവണ സഹായി വേണ്ടത്ര ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇതു കമ്പനി ശ്രദ്ധിക്കുകയും കമ്പനി നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി നഷ്ടപരിഹാരം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചു വരുന്നുമുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെയും മറ്റും കമ്പനിക്കെതിരായി മനപ്പൂര്‍വം പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതില്‍ പലരും കാണിക്കുന്ന ഉത്സാഹത്തില്‍ കമ്പനി അത്ഭുതപ്പെട്ടിരിക്കുകയാണ്. കാരണം, ഉല്പന്നം വിപണിയില്‍ എത്തിയിട്ടില്ലാത്ത കേരളത്തില്‍ നിന്നാണ് കൂടുതല്‍ വിപരീത പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതു പോലും!
കോയമ്പത്തൂരിലെ ഒരു പക്ഷി നിരീക്ഷണ വിദ്യാര്‍ഥിയായ ഉഷാ ശെല്‍വരാജ് തന്റെ വീട്ടുമുറ്റത്തെ ചെമ്പകച്ചെടിയില്‍ വരാറുളള കുരുവി പക്ഷികളെ സാകൂതം വീക്ഷിച്ചിരിക്കുമ്പോഴൊന്നും ശ്രവണസഹായികൊണ്ട് ഒരുപകാരവും ഉണ്ടായിട്ടില്ലെന്നു പറയുന്നു. മാത്രമല്ല, ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അനുജന്‍ വേല്‍മുരുകന്‍ പെട്ടെന്നു മുന്നോട്ടെടുത്ത മോട്ടോര്‍ സൈക്കിള്‍ തട്ടി വീണ് അവളുടെ തുടയെല്ല് പൊട്ടി എന്നൊക്കെയാണ് ഫെയ്‌സ്്ബുക്കില്‍ പരാതി പറഞ്ഞിരിക്കുന്നതത്രെ.
അല്ല, ഇവരൊക്കെ എന്താണ് സര്‍ ഞങ്ങളുടെ ഉല്പ്പന്നത്തെ കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത്. ആത്മാര്‍പ്പണവും വൈകാരികത്വവും ആവശ്യപ്പെടുന്ന പ്രവര്‍ത്തികളും വിഷയങ്ങളിലും താദാത്മ്യപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് കമ്പനി ഈ ഉല്‍പ്പന്നം സമര്‍പ്പിക്കുന്നതെന്ന് ഞങ്ങളുടെ ചെയര്‍മാന്‍ പറഞ്ഞിട്ടുളളതാണല്ലൊ. സാഹിത്യത്തിലും ചരിത്രത്തിലും താല്പര്യമുളള താങ്കള്‍ ശ്രവണസഹായിയുമായി ഉത്സവപ്പറമ്പില്‍ പോയിരുന്നാല്‍ പിറകിലൂടെ ആന ഇടഞ്ഞു വരുന്നത് അറിയണമെന്നില്ല സര്‍. ഒരാനക്കമ്പക്കാരന്‍ അതറിയുകയും ചെയ്യും.
ഉഷാ ശെല്‍വരാജിനുളളില്‍ ഒരു പക്ഷി നിരീക്ഷക ഉണ്ടായിരിക്കില്ല സര്‍.
സര്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്. താങ്കള്‍ക്ക് ഈ ഉല്‍പ്പന്നം വാങ്ങുന്നതില്‍ താല്പര്യമില്ലന്ന് എനിക്ക് മനസ്സലാവുന്നുണ്ട്. അതു സാരമില്ല സര്‍. ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുന്നതും ഞങ്ങളുടെ കമ്പനിയുടെ രീതിയുമല്ല. പക്ഷേ, താങ്കള്‍ക്ക് അഭിമാനപൂര്‍വ്വം കമ്പനിക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട് സര്‍, അതിനുളള അവസരം ഞാന്‍ അങ്ങേക്ക് നിരുപാധികം വിട്ടുതരുന്നു. അങ്ങയുടെ ഒരു ഫോട്ടോയും കമ്പനി തന്നെ താങ്കളുടെ സ്റ്റാറ്റസിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കി തന്നിട്ടുളള അനുഭവക്കുറിപ്പില്‍ ഒരു ഒപ്പും താങ്കള്‍ നല്‍കണം സര്‍. അത് സാറിന് സന്തോഷം ഉളവാക്കുന്ന കാര്യമായിരിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ചിത്രങ്ങള്‍ : ഡി. ദത്തന്‍


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!