Section

malabari-logo-mobile

ആ കണ്ണുകള്‍ എവിടെപ്പോയ്…….

HIGHLIGHTS : കണ്ണുകളെ കുറിച്ചാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ കണ്ണുകളെ കുറിച്ച്. ....സുഷമ കണിയാട്ടില്‍

സുഷമ കണിയാട്ടില്‍                   കണ്ണുകളെ കുറിച്ചാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ കണ്ണുകളെ കുറിച്ച്. കുസൃതിയും കുറുമ്പും ഒളിപ്പിച്ച് പീലിയിതളുപോലെ മൃദുലവും മഴവില്ലുപോലെ വിസ്മയഭരിതവുമായ പ്രണയപ്പച്ചിലകള്‍ ഒളിനോട്ടം നടത്തുന്ന ആണിന്റേയും പെണ്ണിന്റേയും ആ കണ്ണുകളെ കുറിച്ച് പിന്നെ വാല്‍സല്യക്കുസൃതിയൊളിപ്പിച്ച് കിന്നരിക്കുന്ന മകള്‍ക്കുനേര്‍ക്കുള്ള അച്ഛന്‍കണ്ണുകള്‍, മകന്റെ കുസൃതിയില്‍ അപകടകൂട്ടുമണത്ത് നീറിനീറി കത്തുന്ന അമ്മക്കണ്ണുകള്‍, എത്ര ആഭാസനായാലും തണലുതീര്‍ക്കുന്ന ആങ്ങളക്കണ്ണ്, അവനു നേര്‍ക്ക് കൊലുസിന്റെ താളത്തില്‍ തുള്ളിത്തെറിക്കുന്ന പെങ്ങള്‍കണ്ണ്… അങ്ങനെയങ്ങനെ ആ കണ്ണുകളെ കുറിച്ചാണ് എനിക്കു പറയാനുള്ളത്.

ആ കണ്ണുകളെ കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തിയത് ചങ്ങാതിമാര്‍ക്കൊപ്പമുള്ള സംഭാഷണവേളകളിലെ അനുഭവപ്പങ്കിടലില്‍ നിന്നാണ്. ചെറിയ ചെറിയ തീരെ ചെറിയ അനുഭവപ്പങ്കിടലില്‍ നിന്ന്.

sameeksha-malabarinews

പത്രത്താളുകളിലെ ഭീതിതമായ വാര്‍ത്തകളിലൂടെ കയറിയിറങ്ങുമ്പോള്‍ എത്രയോതവണ പ്രാര്‍ത്ഥിച്ചുപോയിട്ടുണ്ട് എന്റെ മക്കള്‍ ഈ വാര്‍ത്തകള്‍ കാണാതിരുന്നെങ്കില്‍ എന്ന്. അച്ഛന്റെ പീഢനത്തിനിരയായ മകള്‍, അധ്യാപകരുടെ ആസക്തിക്ക് വിധേയരാവേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍, അമ്മയുടെ നഗ്നത ഒളികണ്ണാല്‍ നുണഞ്ഞിറക്കുന്ന മകന്‍, അവിശ്വാസത്തിന്റെ വൈറസുകള്‍ പ്രസരണം ചെയ്യുന്ന ദമ്പതികള്‍, പരസ്പരം കൊന്നും തിന്നും നമ്മെ ഭരിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയം….

സംശയത്തിന്റെ തേരട്ടകള്‍ മനസ്സിലൂടെ ഇഴഞ്ഞിഴഞ്ഞ് എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനാവാത്ത അവസ്ഥകളില്‍ അസ്വസ്ഥമായി പുകയുമ്പോഴാണ് ആ കണ്ണുകളിലെ തിളക്കവും നിഷ്‌കളങ്കമായ കൊതികളും ഇന്നറിയുന്നത്. ഓര്‍മ്മകളില്‍ തിരിച്ചറിയുന്നത്.

‘ആഴിത്തിരമാലകള്‍
അഴകിന്റെ മാലകള്‍
ആലോലമായ് ആടിവരും
തീരംതേടി ഓടിവരും
ആണാളും പെണ്ണാളും
ആ വഴിയില്‍ കണ്ടുമുട്ടും
ആശകളും സ്വപ്‌നങ്ങളും
ആയിരമായിരം പങ്കുവെയ്ക്കും ‘- കാല്‍പ്പനിക വസന്തത്തില്‍ വിരിഞ്ഞ ഈണങ്ങളിലേക്ക്, കാവടിയാട്ടം കാണുന്ന കുട്ടിയുടെ കൗതുകത്തോടെ ഓടിയിറങ്ങിപ്പോവുകയാണ് മനസ്സ്. തീര്‍ച്ചയായും ആശകളും സ്വപ്‌നങ്ങളും ആശ്വാസങ്ങളും പങ്കുവെക്കുന്ന നോട്ടങ്ങളുടെ നിറവും തണലും അതില്‍ നിന്നൊരു കുളിരും ആ കണ്ണുകളിലുദിച്ചു നിന്നിരുന്നു. ആണാളും പെണ്ണാളും അതൊക്കെയും കൊതിച്ചിരുന്നു. പങ്കിട്ടിരുന്നു. ഇരയെ ആക്രമിക്കുന്നതിലെ കാപട്യവും ശക്തിപ്രകടനവുമായിരുന്നില്ല അത്. ഉടലറിയുന്ന ആസക്തികളുമായിരുന്നില്ല. മറിച്ച് ഉയിരറിയുന്ന സാന്ത്വനമായിരുന്നു ആ കണ്ണുകള്‍.

കണ്ണുകള്‍ എപ്പോഴും അങ്ങനെയാണ്. അവ കഥ പറയും. ശൈശവം,ബാല്യം, കൗമാരം,യൗവനം, വാര്‍ദ്ധക്യം-ഇതില്‍ ഏതവസ്ഥയിലും ആവട്ടെ, കണ്ണുകള്‍ക്ക് പറയാനുണ്ടാവും ഒരായിരം കാര്യങ്ങള്‍… കഥകള്‍…! കാരണം കണ്ണുകള്‍ മനസ്സിന്റെ കണ്ണാടിയാണല്ലോ.
മസ്സിലെ വിചാരവികാരങ്ങളുടെ മിന്നലാട്ടങ്ങള്‍ തെളിഞ്ഞിരിപ്പുണ്ടാവും ആ കണ്ണുകളില്‍. ശുദ്ധവും നിശ്ചലവുമായ ജലവിതാനത്തില്‍ ആകാശക്കാഴ്ചകള്‍ എന്ന പോലെ. പ്രണയവും കാമവും മോഹവും ദ്വേഷവും ആശയും നിരാശയുമൊക്കെ അതില്‍ പ്രതിബിംബിച്ചു കിടക്കുന്നു. കാലങ്ങളുടെ കറക്കത്തില്‍ കണ്ണുകള്‍ക്ക് എന്താണ് സംഭവിച്ചത്? ശവംതീനികളുടെ കൂടരങ്ങായതെന്തേ ആ കണ്ണുകള്‍?

കണ്ണുകളില്‍ മാനും മയിലും മുയലും മാത്രമാണെന്നല്ല; അവിടെ കുറുക്കന്‍മാരും കുറുനരികളും കഴുതപ്പുലികളും അന്നും മേഞ്ഞുനടന്നിരുന്നു. പക്ഷേ അവയുടെ ക്വാണ്ടിറ്റി(അളവ്) ഇന്നിനെ അപേക്ഷിച്ച് കുറവായിരുന്നു എന്നു മാത്രം. അനുമാനമാണ്. അനുമാനങ്ങള്‍ എപ്പോഴും കണക്കെടുപ്പിലെ ശരാശരിയില്‍ നിന്നാണ് നാം രൂപപ്പെടുത്താറുള്ളത്. ശരാശരിയുടെ അക്കങ്ങള്‍ ചെറുതായിരുന്നു എന്നാണ് പറഞ്ഞത്. അക്കാലത്തെ മാധ്യമങ്ങലുെട അഭാവം മറന്നുകൊണ്ടെല്ല ഇങ്ങനെ പറയുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ലായിരുന്നു മഹാഭൂരിപക്ഷത്തിനും. അതുകൊണ്ടുതന്നെയാവണം മുന്നില്‍ തെളിഞ്ഞ കണ്ണുകള്‍ നിഷ്‌കപടമായിരുന്നു. നിഷ്‌കളങ്കമായിരുന്നു.
ഇവിടെ മൂന്ന് അനുഭവങ്ങള്‍ നിരത്തിവെയ്ക്കുകയാണ്. അതുപറഞ്ഞ മൂന്ന് പേര്‍! മൂന്ന്, ഗണിതപാറ്റേണ്‍ പോലെ മുപ്പതും മുന്നൂറുമായി പിന്നെയും എണ്ണിയാലൊടുങ്ങാതെ വിസ്്തൃതി നേടും. ആ മൂന്നു പേരെ ബീജഗണിതത്തിലെ ചരങ്ങളായി സങ്കല്പിച്ച് x,y,z എന്നു നമുക്കു പേരിടാം. അവര്‍ പറഞ്ഞ അനുഭവങ്ങളിലൂടെ ഒന്ന് നടന്ന് അതു നമ്മള്‍ തന്നെ എന്നു ഭാവിച്ച് കാലത്തിന്റെ അക്കൊമ്പത്തേയ്ക്കും ഇക്കൊമ്പത്തേയ്ക്കും ഊഞ്ഞാലാടി ആ ഇലപ്പച്ചയും ഈ ഇലപ്പച്ചയും തൊട്ടുവരാം. അപ്പോള്‍ അപ്പോള്‍ വ്യക്തമായും അറിയാനാവും കണ്ണുകളില്‍ സംഭവിച്ച കാലാവസ്ഥാവ്യതിയാനം. ഒടുക്കം നമ്മള്‍ എവിടെയാണ് വന്നു നില്‍കുന്നത് എന്ന് ഞെട്ടലോടെയല്ലാതെ നമുക്ക് ഓര്‍ക്കാനാവില്ല. അത് പ്രകൃതിയിലേക്കോ അതോ പ്രാകൃതത്തിലേയ്‌ക്കോ………

കാലാവസ്ഥ വ്യതിയാനം ആഞ്ഞടിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാവുന്നതുപോലെ ഈ പറുദീസാനഷ്ടമായിരിക്കാം ഇന്നിന്റെ വിഷാദാത്മകതക്കും ആത്മഹത്യാനിരക്കിലെ വര്‍ദ്ധനവിനും പ്രധാനകാരണം സോഷ്യല്‍സ്റ്റാറ്റസിന്റെ മുന്‍നിരയില്‍ ഇരിപ്പുറപ്പിക്കാനുള്ള വ്യഗ്രതയില്‍ സ്വയം ശ്വാസം മുട്ടിക്കുകയാണ് നാം നമ്മെത്തന്നെ. ഇതിന്റെ ആക്കം കൂട്ടാനെന്നോണം നീരാളിപ്പിടുത്തം പോലെ തീവ്രമായ മതബോധവും. ഞാനൊരു സത്യം, നീയുമൊരു സത്യം. എന്നാവേണ്ട ബോധം ഞാന്‍മാത്രമാണ് സത്യം, നീ തെറ്റെന്ന കടുംപിടുത്തത്തില്‍ ചുവടുറപ്പിക്കുന്നു. കണ്ണുകളില്‍ കൂടുകൂട്ടിയിരുന്ന സ്‌നേഹത്തിന്റെ ഞാറ്റുവേലകള്‍ നമുക്കിനി തിരിച്ചുകിട്ടില്ലെന്നുണ്ടോ?

ഇനി ആ മൂന്നുപേര്‍ പറഞ്ഞതെന്തെന്നു നോക്കാം.

X പറഞ്ഞത് : ഒരു പത്ത് കൊല്ലം മുമ്പ് അന്ന് ഇതിലും ചെറുപ്പമായിരുന്നില്ലേ. ന്നാലും ആരും ഇങ്ങനെ തുറിച്ചുനോക്കീര്ന്നില്ല്യ. ഇപ്പോ എന്താ കഥ? കടേല് സാധനം വാങ്ങാന്‍ ചെല്ലുമ്പം കണ്ണോണ്ട്് കോര്‍ത്ത് വലിച്ചെടുക്ക്‌ല്ലേ ആള്‍ക്കാര് (ആ കോര്‍ത്ത്് വലിക്കലിന്റെ പാരമ്യത്തില്‍ നിന്നാണ് ‘ഗോവിന്ദച്ചാമി”മാര്‍ ജന്മംകൊള്ളുന്നത്).

Y : പറഞ്ഞത് : ആ പച്ചക്കറിക്കടേന്ന് പച്ചക്കറിയൊക്കെ വാങ്ങി പൈസകൊടുക്കാന്‍ നില്‍ക്കായിരുന്നു ഒരാള് പി്ന്നാമ്പുറത്ത്് ഒരു തട്ട്്. പിന്നാമ്പറത്ത്ന്ന് പറഞ്ഞാ… തട്ടാത്യെന്നെ പോവാള്ള സ്ഥലണ്ട്.. എന്നിട്ടാ… ചോദിച്ചു ഞാന്‍. അയാള് കേട്ട ഭാവല്ല്യ. അത് കേട്ട് വേറെ ചെലരടെ മൊഖത്ത് ഒരു പരിഹാസച്ചിരി. പാവം പച്ചക്കറി എടുത്തുതന്ന കുട്ടി മാത്രം പറഞ്ഞു ‘പോട്ടെ ചേച്ചി സാരല്ല്യ’.

Z പറഞ്ഞത് പിന്നെപ്പറയാം. നേരത്തെ പറഞ്ഞ ‘സാരല്ല്യാ’യയിലേക്ക് ഒന്ന് കയറാം. പലതും സാരല്ല്യ എന്ന് ഉള്ളില്‍ ആവര്‍ത്തിച്ച് പറഞ്ഞ് സ്വസ്ഥ്യം അനുഭവിക്കുന്ന വരാണ് നാം. സാരമുണ്ടെന്ന ഭാവിക്കല്‍പോലും തുറന്നിടുന്നത്് പ്രശ്‌നങ്ങളിലേക്കുള്ള കവാടമാണ്. വെറുതെ എന്തിനു പുലിവാലുപിടിക്കണം ? ‘ഞാനും എ്‌ന്റെ ഭര്‍ത്താവും പിന്നൊരു തട്ടാനും’ എന്ന പഴഞ്ചാല്ലില്‍ ചാഞ്ഞുകിടന്ന് സ്വസ്ഥ്യത്തിന്റെ മയക്കത്തില്‍ ഒന്നുമറിയാതെ പഞ്ചേന്ദ്രിയങ്ങളിലും നിഷ്‌ക്രിയത നിറച്ച് നമുക്കു നിസ്സംഗരാവാം.

പക്ഷേ ഈ ‘സാരല്ല്യാ’യകളില്‍ അടയിരുന്ന് നമ്മള്‍ വിരിയിച്ചെടുക്കുന്നത് എന്താണെന്ന് കാലം തെളിയിക്കുമായിരിക്കും. ആ കണ്ണുകള്‍ നമുക്കു നഷ്ടമായതിനുപിന്നിലും ഈ ‘സാരല്ല്യാ’യകള്‍ ഉണ്ട്് എന്നതാണ് പരാമര്‍ത്ഥം.

ഇനി Z പറഞ്ഞത് : ബസ്സിലും ട്രെയിനിലും തിരക്കില്…ഹോ…! ചെറുപ്പക്കാര് എത്ര ഭേദാ. വയസ്സന്‍മാര്‍ക്കാ സൂക്കേട്. കരണക്കുറ്റി നോക്കി ഒന്നങ്ങ്ട പൊട്ടിക്കാന്‍ തോന്നും. പിന്നെ മിണ്ടാണ്ടിരിക്കുന്നത് അവസാനം നമ്മളെന്നയാവും വഷളാവ്ാന്ന് വിചാരിച്ചിട്ടാ. വെറുതെ നാണം കെടണ്ടല്ലോ.

എന്തിനാണ് / എന്തിനൊക്കെയാണ്, എപ്പോഴാണ് നാണിക്കേണ്ടത് എന്ന് നമ്മള്‍ മറന്നുപോയിരിക്കുന്നു. ആവശ്യമുള്ള കാര്യത്തിന് നാണിക്കാത്തിരിക്കുകയും ആവശ്യമില്ലാത്ത കാര്യത്തില്‍ നാണിക്കുകയും ചെയ്യുന്നവരായിരിക്കുന്നു നമ്മള്‍. ആ കണ്ണുകള്‍ നഷ്ടപ്പെട്ടത്തിനു പിന്നില്‍ അങ്ങനെ ഈ വികലനാണവും കാരണമാവുന്നു.

പരസ്പരം സ്വതന്ത്രമായി ഇടപെട്ടാണ് ഒരു സമൂഹത്തില്‍ ജീവിതക്രമം രൂപപ്പെടുത്തേണ്ടതും മൂല്യങ്ങള്‍(സദാചാരമൂല്യമുള്‍പ്പെടെ)പാലിക്കപ്പെടേണ്ടതും. മതങ്ങളോ മറ്റേതെങ്കിലും ഏജന്‍സിയോ തീര്‍ക്കുന്ന കന്‍മതിലിനാല്‍ വേര്‍തിരിക്കപ്പെട്ട് ഒരു നേര്‍ത്ത സ്പര്‍ശത്തില്‍ എതിര്‍ലിംഗത്തിന്റെ നേര്‍ത്ത കാഴ്ചപോലും ശബ്ദം പോലും സ്ഖലനത്തിന്/ കോരിത്തരിപ്പിന് കാരണമാകുന്നുവെങ്കില്‍ നമുക്ക് എവിടെയാണ് പിഴച്ചത്? എന്ന് അതിസൂക്ഷമമായി വിശകലനം ചെയ്യേണ്ടിവരും.

നിയമങ്ങളാല്‍ വരിഞ്ഞുകെട്ടപ്പെട്ട് അതിന്റെ ഭീതിയില്‍ രൂപപ്പെടേണ്ടതല്ല ഈ മൂല്യങ്ങള്‍. വികലമായ സദാചാരബോധത്തില്‍ നിന്നും അല്ല അത് ഉണ്ടാവേണ്ടത്. സ്വന്തം മനസാക്ഷിയുടെ നൈതികബോധത്തില്‍ നിന്നാണ് അത് രൂപപ്പെടേണ്ടത്.

സ്ത്രീപുരുഷ സ്വത്വങ്ങളില്‍ ഭാര്യ/ഭര്‍ത്താവ്, കാമുകി/കാമുകന്‍ എന്നീ ഭാവങ്ങള്‍ മാത്രമല്ല ഉള്ളത് എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ ഒട്ടനവധി ഭാവങ്ങള്‍ ഒരോ സ്വത്വതലങ്ങളിലുമുണ്ട്. ഓരോ ഭാവവും ഒരര്‍ത്ഥത്തിലെല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ തീര്‍ത്തും മൂല്യമുള്ളതും തണലാവാന്‍ കരുത്തുള്ളതുമാണ്. ആ സത്യത്തെയാണ് നമ്മള്‍ കാണാതെ പോകുന്നത്.

രക്തബന്ധത്തിന് മാത്രമേ ബന്ധങ്ങളില്‍ മായം കലര്‍ത്താതിരിക്കാനാവൂ എന്ന ധാരണയെ പ്രതിദിനവാര്‍ത്തകള്‍ തച്ചുടയ്ക്കുന്നുണ്ട്. എന്നിട്ടും നമ്മളിപ്പോഴും അതില്‍ കടിച്ചുതൂങ്ങികിടക്കുന്നു. മനസ്സാണ് ബന്ധങ്ങളെ തീരുമാനിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സ്ഥിതി അതല്ല. അങ്ങിനെയല്ലാതായത് എന്തുകൊണ്ടെന്നാണ് നാം അന്വഷിക്കേണ്ടതും കണ്ടെത്തേണ്ടതും.

പക്ഷേ ഒക്കെയും നമ്മള്‍ ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലേക്ക്ു വകഞ്ഞുമാറ്റി നമ്മുടെ പരിധിക്കകത്തേക്കു അടുപ്പിക്കാതെ അയിത്തം കല്‍പ്പിച്ചിരിക്കുന്നു. അവയൊക്കെയും അറുപഴഞ്ചന്‍ ! മഹാബോറ് ! എന്ന് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നു.
ഇന്ന് ജീവിതം, സെവന്റി എംഎം സ്‌ക്രീനില്‍ ഈസ്റ്റ്‌മേന്‍ കളറില്‍ ഡിജിറ്റല്‍ കണ്ണിലേക്ക് പരിവര്‍ത്തനം ചെയ്ത് കാണുന്നതൊക്കെയും ഭോഗിച്ചുകൊണ്ടേയിരിക്കുന്ന നമ്മള്‍. മുന്നില്‍ തെളിയുന്ന എന്തുമേതും നമുക്ക് ഭോഗാസക്തിക്കുള്ള, നമ്മുടെ സോഷ്യല്‍ സ്റ്റാറ്റസിനുള്ള ‘ചരക്കുകള്‍’ മാത്രമാവുന്നു. ആത്മാവു നഷ്ടപ്പെട്ട സ്‌നേഹം, മുഖത്തു അഭ്യാസങ്ങളിലൂടെ കെട്ടിനിര്‍ത്തിയ ചിരിയില്‍ വെറുമൊരു കോമാളിയാവുന്നു. കളറുകളുടെ തീവ്രതയില്‍ നമുക്ക് കാഴ്ചകള്‍ മങ്ങിയിരിക്കുന്നു.

എങ്കിലും ‘ഹാ! സഫലമീയാത്ര’ എന്നു പറയാന്‍ തുടിക്കുന്ന മനസുകള്‍ ഇത്തിരിപേരിലെങ്കിലും ഇല്ലാതിരിക്കില്ല. ആ ഇത്തിരിപ്പേര്‍ വേണമിനി ഉപദ്രവകാരികളായ കളകളെയൊക്കെ പറിച്ചെടുക്കാന്‍. അതിന് ജീവിതത്തിന്റെ ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലേക്ക് ഇറങ്ങിചെന്ന് നമുക്കു തിരയേണ്ടിയിരിക്കുന്നു ആ കണ്ണുകള്‍….!

 Photo: biju ibrahim, Painting: Asokan adi

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!