Section

malabari-logo-mobile

ആശുപത്രികളെ അറവുശാലകളാക്കരുത്. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കുക.

HIGHLIGHTS : തൊഴില്‍മേഖലയിലെ കൊടും ചൂഷണത്തിനെതിരെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം കേരളത്തിലെ ആരോഗ്യമേഖലയെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു.

തൊഴില്‍മേഖലയിലെ കൊടും ചൂഷണത്തിനെതിരെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം കേരളത്തിലെ ആരോഗ്യമേഖലയെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. മിനിമം കൂലി ലഭ്യമാക്കുക, ബോണ്ട് അടിമസമ്പ്രദായം അവസാനിപ്പിക്കുക, സേവനവേതനവ്യവസ്ഥകള്‍ സുതാര്യവും ജനാധിപത്യപരവുമായി നിര്‍ണ്ണയിക്കുക, തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നഴ്‌സിങ് മേഖലയിലെ തൊഴിലാളികള്‍ ഒരു പ്രക്ഷോഭമുഖത്തേക്ക്് എടുത്തെറിയപ്പെട്ടിരിക്കുന്നത്. താരതമ്യേന അസംഘടിതരായിരുന്ന നഴ്‌സിങ് ജീവനക്കാര്‍ സംഘടിച്ച്് , അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന സമരം ആശുപത്രി മാനേജ്‌മെന്റുകളെ അക്ഷരാര്‍ത്ഥത്തില്‍ വിറളി പിടിപ്പിച്ചിരിക്കുന്നു. വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുക, സമരനേതാക്കളെ മര്‍ദ്ദിക്കുക, സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്് ടോയ്‌ലറ്റ് സൗകര്യം പോലും നിഷേധിക്കുക എന്നിങ്ങനെ ജനാധിപത്യ കേരളത്തിനു തന്നെ അപമാനകരമായ ഹീന മാര്‍ഗ്്ഗങ്ങള്‍ ഉപയോഗിച്ച്് സമരത്തെ അടിച്ചമര്‍ത്താനാണ് അവര്‍ തയ്യാറായിരിക്കുന്നത്. നാം ‘കുടത്തിലടച്ചു കടലിലെറിഞ്ഞു എന്നു കരുതിയിരുന്ന ഫ്യൂഡല്‍ ബോധത്തിന്റെ ദുര്‍ഭുതങ്ങളാണ്’ മാനേജ്‌മെന്റുകളുടെ ഇത്തരം നടപടികളിലുടെ പല്ലിളിച്ചുകാട്ടുന്നത്.

‘ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഡോക്ടര്മാരുടെ സംഘടനയുടെ പേരില്‍ കഴിഞ്ഞ ദിവസം വന്ന പ്രസ്താവന. ആശുപത്രി നടപടികള്‍ തടസ്സപ്പെടുത്തുന്ന നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്്മ പ്രയോഗിക്കണമെന്നാണ് ഐഎംഎ യുടേതായി വന്ന പ്രസ്താവന പറയുന്നത്.
മദ്ധ്യകാലഘട്ടത്തിലെ മാടമ്പിമാരുടെ സ്വരമാണ് ഡോക്ടര്‍മാരുടേതെന്ന് പറയുന്ന ഈ സംഘടനയുടെ പ്രസ്താവനയില്‍ മുഴങ്ങുന്നത്. നാളെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമരം ചെയ്താലും ആശുപത്രിനടപടികള്‍ തടസ്സപ്പെടുന്നു എന്ന് കാട്ടി അവരുടെ നേരെയും എസ്മ പ്രയോഗിക്കില്ലെന്ന് ആരു കണ്ടു! ആശുപത്രി ഉടമകളായ മുതലാളിമാരുടെ വക്കാലത്തേറ്റെടുക്കുന്ന ഈ പ്രസ്താവനക്കെതിരെ ഭിഷഗ്വരസമൂഹത്തില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സെറ്റുകളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

sameeksha-malabarinews

ഒരു സമൂഹത്തിന്റെ ചോരയും ചലവുമൊപ്പി തേഞ്ഞു തീരുന്ന നഴ്‌സിങ് സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിനും ഭൂഷണമല്ല. ഇന്ത്യയിലെ മഹാനഗരങ്ങളിലെ ആതൂരാലയങ്ങളിലൊക്കെ അവകാശസമരത്തിന്റെ ഈ തീ പടര്‍ന്നത് മറക്കാറായി്ട്ടില്ല. ബോണ്ട് അടിമസമ്പ്രദായത്തിന്റെ രക്തസാക്ഷിയായ ബീനയുടെ സ്മരണകള്‍ മുഴുവന്‍ കേരളത്തോടും ഈ സമരവുമായി ഐക്യപ്പെടാനാഹ്വാനം ചെയ്യുന്നുണ്ട്. വെള്ള പ്രാവുകള്‍, മാലാഖമാര്‍ എന്നീ സുന്ദരകോമള പദാവലികള്‍ കൊണ്ട് ഒരു ലക്ഷത്തിലധികം വരുന്ന ഒരു തൊഴില്‍ വിഭാഗം അനുഭവിക്കുന്ന നഗ്നവും പ്രാകൃതവുമായ ചൂഷണത്തെ ഇനിയും മൂടിവെക്കുക സാധ്യമല്ല. നാഴികക്ക് നാല്പതുവട്ടം സ്‌നേഹം, കരുണ തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കുന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ പുനരാലോചനക്കു തയ്യാറാകണം. ആശൂപത്രി മുതലാളിമാരുടെ അസുരനൃത്തം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് സത്വരനടപടികള്‍ സ്വീകരിക്കണം. ജനാധിപത്യപ്രസ്ഥാനങ്ങള്‍ ഈ സമരം ഏറ്റെടുക്കണം. കേരളം മാതൃകയാവട്ടെ, കവി പാടിയതു പോലെ ‘തെക്കു നിന്നാരംഭിക്കാം തെല്ലുവൈകിയെന്നാകിലും’

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!