Section

malabari-logo-mobile

ആത്മീയ നിര്‍വൃതിയില്‍ മമ്പുറം നേര്‍ച്ചക്ക് കൊടിയിറങ്ങി

HIGHLIGHTS : തിരൂരങ്ങാടി: പതിനായിരകണക്കിന് വിശ്വാസി

തിരൂരങ്ങാടി: പതിനായിരകണക്കിന് വിശ്വാസി ഹൃദയങ്ങളെ ആത്മീയ നിര്‍വൃതിയിലാക്കി മമ്പുറം ഖുത്വുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 174 -ാം ആണ്ട് നേര്‍ച്ചക്ക് കൊടിയിറങ്ങി.
ഒരാഴ്ചയോളമായി വിവിധ പരിപാടികളോടെ അരങ്ങേറിയ നേര്‍ച്ചയുടെ അവസാന ദിനമായ ഇന്നലെ ലക്ഷങ്ങളാണ് മമ്പുറത്തേക്കൊഴുകിയെത്തിയത്. ജാതി മത ഭേദമന്യെ ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന മമ്പുറം തങ്ങളുടെ ആത്മസാന്നിധ്യം പ്രതിക്ഷിച്ച് ഇന്നലെ മമ്പുറത്തെത്തിയ തീര്‍ത്ഥാടകരാല്‍ മഖാമും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. തങ്ങളുടെ ആത്മിയ പുണ്യം വിളമ്പിയ പൊതിച്ചോര്‍ സ്വന്തമാക്കാനെത്തിയ വിശ്വാസികള്‍ കിലോമീറ്ററുകളോളും വരി നിന്നാണ് ഭക്ഷണം കൈപറ്റിയത്.

ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്നദാനത്തിനുള്ള ഭക്ഷണം പാകം ചെയ്തത്. നൂറിലധികം പാചകക്കാര്‍ മുന്നൂറില്‍ പരം ചെമ്പുകളിലായി നേര്‍ച്ച ഭക്ഷണം വിളമ്പി . പ്രത്യേകം നിര്‍മിച്ച കണ്ടെയ്‌നര്‍ പാക്കറ്റുകളിയായി ഒരു ലക്ഷത്തിലധികം പൊതികളാണ് അന്നദാനത്തിനായി തയ്യറാക്കിയത്. ബുധനാഴ്ച രാത്രി ആരംഭിച്ച പാചകം ഇന്നലെ ഉച്ച വരെ നീണ്ടു. ദാറുല്‍ ഹുദായിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുഴു സമയവും ഇരുന്നാണ് വിതരണത്തിനുള്ള പൊതികള്‍ തയ്യാറാക്കിയത്.

sameeksha-malabarinews

അന്നദാന കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, സി. കെ മുഹമ്മദ് ഹാജി, മാനേജര്‍ കെ.പി ഷംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. യു. ശാഫി ഹാജി സ്വാഗതവും പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് നന്ദിയും പറഞ്ഞു. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു വിതരണ സമയമെങ്കിലും ജനത്തിരക്ക് മൂലം വൈകീട്ട് അഞ്ചു വരെ നീണ്ടു.

ഉച്ചക്ക് രണ്ടിന് ആരംഭിച്ച ഖത്മ് ദുആ മജ്‌ലിസും വിശ്വാസി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഭക്തി നിര്‍ഭരമായ ഖത്മ് ദുആ മജ്‌ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമാപന ദിവസമായ ഇന്നലെ വ്യഴാഴ്ച ആയതിനാല്‍ രാത്രി ഏഴു മണിക്ക് ആരംഭിച്ച സ്വലാത്ത് മജ്‌ലിസിനും തീര്‍ത്ഥാടക പ്രവാഹമായിരുന്നു അനുഭവപ്പെട്ടത്. പ്രാര്‍ത്ഥനാ മജ്‌ലിസിന് സമസ്ത പ്രസിഡണ്ട് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വം നല്‍കി.

കര്‍മ്മ സാഫല്യത്തില്‍ നാട്ടുകാര്‍
മമ്പുറം നേര്‍ച്ചക്ക് കൊടിയിറങ്ങിയതോടെ തങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കര്‍മ സാഫല്യത്തിലാണ് മമ്പുറം പ്രദേശികള്‍. ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് മഖാമിലേക്കൊഴുകുന്ന തീര്‍ത്ഥാടക വൃന്ദത്തിന് യാതൊരു പ്രയാസങ്ങളും നേരിടാതിരിക്കാന്‍ സദാ സേവനസജ്ജരായ മമ്പുറത്തെ വളണ്ടിയര്‍മാര്‍ മുഴു സമയവും സേവന നിറവിലായിരുന്നു. സന്ദര്‍ശക പ്രവാഹം മൂലം യാത്ര ദുസ്സഹമായ മമ്പുറത്തെ ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതം പൂര്‍ണമായും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പാര്‍ക്കിംഗ്, ഭക്ഷണ വിതരണം, വേദിസജ്ജീകരണം, വെള്ളം, വെളിച്ചം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ ചെയര്‍മാനും റിയാസ് പി.വി കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എ.കെ മൊയ്തീന്‍ കുട്ടി, എം.വി സൈതലവി ഹാജി, കെ. സലീം, ഒ. യാസിര്‍, കെ.പി സൈതലവി, വി.ടി സലാം തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!